Kerala

അതിജീവനത്തിന്റെ പാതയില്‍ താങ്ങായി ബിഎസ്എന്‍എലും; ചൂരല്‍മല, മേപ്പാടി മൊബൈല്‍ ടവറുകള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ 4ജിയിലേക്ക് മാറ്റി

Published by

കൊച്ചി: ഏതൊരു മഹാരക്ഷാ പ്രവര്‍ത്തനത്തിന്റെയും മുഖ്യധാരയില്‍ നില്ക്കുന്ന ഒന്നാണ് വാര്‍ത്താവിനിമയം. ചൂരല്‍മലയില്‍ ആകെ ഉള്ള മൊബൈല്‍ ടവര്‍ ബിഎസ്എന്‍എലിന്റെതാണ്. ദുരന്തം നടന്നത് അറിഞ്ഞ ഉടന്‍ അവിടെയെത്തിയ ബിഎസ്എന്‍എല്‍ ജീവനക്കാര്‍ നടത്തിയ വിശ്രമമില്ലാത്ത പ്രവര്‍ത്തനമാണ് വാര്‍ത്താവിനിമയ ബന്ധങ്ങള്‍ സുഗമമാക്കിയത്.

വൈദ്യുതി ഇല്ലാത്തത് കാരണം, ആദ്യപടിയായിത്തന്നെ ജനറേറ്ററിന് ആവശ്യമായ ഡീസല്‍ ലഭ്യത ഉറപ്പാക്കി. കൂടുതല്‍ കോളുകള്‍ കൈകാര്യം ചെയ്യാന്‍ ആവശ്യമായ കപ്പാസിറ്റി കൂട്ടല്‍ തൊട്ടു പിന്നാലെ തന്നെ ചെയ്തു തീര്‍ക്കാനും കഴിഞ്ഞു. ചൂരല്‍മല, മേപ്പാടി മൊബൈല്‍ ടവറുകള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ 4 ജി യിലേക്ക് മാറ്റുവാനും ബിഎസ്എന്‍എലിന് സാധിച്ചു. സാധാരണ 4 ജി സ്പെക്ട്രത്തിനൊപ്പം കൂടുതല്‍ ദൂരപരിധിയില്‍ സേവനം ലഭ്യമാക്കാന്‍ 700 മെഗാഹെര്‍ട്‌സ് ഫ്രീക്വന്‍സി തരംഗങ്ങള്‍ കൂടെ ഇവിടെ ലഭ്യമാക്കിയിട്ടുണ്ട്.

ദുരന്തമുണ്ടായ സമയം മുതല്‍ ഇതുവരെയും പേമാരിയും ഉരുള്‍ പൊട്ടലും വൈദ്യുതി തടസങ്ങളുമടക്കമുള്ള പ്രതിസന്ധികള്‍ നേരിട്ടും ദുരിതബാധിത പ്രദേശങ്ങളില്‍ നിസീമമായ മൊബൈല്‍ സേവനം നല്കാന്‍ ബിഎസ്എന്‍എലിന് സാധിച്ചു.

ദുരിതാശ്വാസ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നവര്‍ക്ക് മൊബൈല്‍ സേവനവും അതിവേഗ ഇന്റര്‍നെറ്റിനുമൊപ്പം ആരോഗ്യവകുപ്പിന് വേണ്ടി പ്രത്യേക ടോള്‍- ഫ്രീ നമ്പറുകളും, ജില്ലാ ഭരണകൂടത്തിന് വേണ്ടി അതിവേഗ ഇന്റര്‍നെറ്റ് കണക്ഷനുകളും പ്രവര്‍ത്തന സജ്ജമാക്കിയിട്ടുണ്ട്. അതിജീവനത്തിന്റെ പാതയില്‍ ഓരോ മനുഷ്യനും ഒപ്പം ബിഎസ്എന്‍എലുമുണ്ടെന്നും നമ്മള്‍ അതിജീവിക്കുക തന്നെ ചെയ്യുമെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by