ചൂരല്‍മല: അപകട സാധ്യതകള്‍ അറിയാനും ആപത്തുകള്‍ മുന്‍കൂട്ടിയറിയാനും കാടിന്റെ മക്കള്‍ക്ക് കഴിവ് പ്രത്യേകമാണ്. സൂചന കിട്ടിയാല്‍ അവര്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറും. അപകട സാധ്യത പരസ്പരം അറിയിക്കും. അതുകൊണ്ടു കൂടിയാകണം വയനാട്ടിലെ ദുരന്തത്തില്‍ കാടിന്റെ മക്കളായ ആദിവാസികള്‍ സുരക്ഷിതരായത്.
അപകടം നടന്ന മുണ്ടക്കൈ, ചൂരല്‍പ്പാറ തുടങ്ങിയ സ്ഥലങ്ങളിലെങ്ങും ആദിവാസി വിഭാഗത്തിലുള്ളവര്‍ താമസിച്ചിരുന്നില്ല. സര്‍ക്കാര്‍ ഇവര്‍ക്ക് താമസിക്കാന്‍ സൗകര്യമുണ്ടാക്കിയ ഇടം സ്വീകരിക്കാന്‍ അവര്‍ തയാറായില്ല. അതിന് കാരണം പറഞ്ഞത് പ്രകൃതിക്ഷോഭം ഉണ്ടാകാന്‍ സാധ്യതയുള്ള സ്ഥലമാണെന്നായിരുന്നു. മുണ്ടക്കൈ, ചൂരല്‍മല പ്രദേശത്ത് അവരില്‍ വളരെ കുറച്ചുപേരേ തങ്ങിയിട്ടുള്ളു.
മഴ കനത്താല്‍, കാറ്റ് പെരുകിയാല്‍ അവര്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് നീങ്ങും. അങ്ങനെ പാറമടക്കില്‍ പെരുമഴയത്ത് അഭയംതേടിയെങ്കിലും അപകടത്തില്‍പെട്ട ഒന്നും രണ്ടും മൂന്നും വയസുള്ള കുട്ടികളേയും അച്ഛനേയും രക്ഷിക്കാന്‍ ഇടയാക്കിയത് അസാധാരണ സംഭവമായി. സൂചിപ്പാറ വെള്ളച്ചാട്ടത്തിന് അടിവാരത്തില്‍ വനത്തിനുള്ളില്‍ കുടുങ്ങിയതാണ് ഇവര്‍. ഒരു കുടുംബത്തിലെ മൂന്ന് കുട്ടികളെ ജീവിതത്തിലേക്ക് തിരികെയെത്തിച്ചത് വനംവകുപ്പ് ഉദ്യോഗസ്ഥരാണ്. എട്ട് മണിക്കൂര്‍ നീണ്ട ദൗത്യത്തിന് ഒടുവിലാണ് ഇവര്‍ ജീവിതത്തിലേക്ക് കയറിയത്. ആദിവാസി കോളനിയില്‍ ചിലര്‍ പെട്ടിട്ടുണ്ടെന്ന് അറിഞ്ഞാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ഏറാട്ട്കുണ്ട് കോളനിയിലേക്ക് ഇറങ്ങിയത്.
ഏറാട്ട്കുണ്ട് കോളനിയിലെ കൃഷ്ണനും മക്കളുമാണ് രണ്ട് ദിവസമായി പെട്ടുപോയത്. കനത്ത മഴയില്‍ മണ്‍തിട്ടയില്‍ താമസിച്ചിരുന്ന കുടുംബം ഭക്ഷണം ഇല്ലാതായതോടെ കാട്ടിലേക്കിറങ്ങി. കൃഷ്ണന്റെ ഭാര്യ ശാന്തയും ഒരു മകനും കാട്ടിലൂടെ നടക്കുകയായിരുന്നു. അപ്പോഴാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കണ്ടത്. ഇവരില്‍ നിന്നാണ് ഭര്‍ത്താവ് കൃഷ്ണനും മറ്റ് മൂന്ന് മക്കളും കോളനിയില്‍ ഒറ്റപ്പെട്ട വിവരമറിയുന്നത് കുട്ടികളെ ഉള്‍പ്പടെ കയറില്‍ കെട്ടിപ്പൊക്കി പുറത്ത് എത്തിക്കുകയായിരുന്നു. കാട്ടുപണിയ വിഭാഗത്തിലുള്ളവരാണ് ഇവര്‍.
അതിസാഹസികമായിരുന്നു യജ്ഞം. സൂചിപ്പാറ വെള്ളച്ചാട്ടത്തിന് അടിവാരത്തിലെ കോളനിയിലേക്ക് എത്താനും ഏറെ കഷ്ടപ്പെട്ടു. 10 മീറ്റര്‍ കയറുകള്‍ കെട്ടി ഇറങ്ങി. ഒരു വശത്തേക്ക് മാത്രം നാല് മണിക്കൂറിലേറെ വേണ്ടിവന്നു. അവിടെ എത്തിയപ്പോള്‍ മൂന്ന് പിഞ്ചുകുഞ്ഞുങ്ങള്‍ ഉള്‍പ്പടെ നാല് പേരെ കണ്ടു. അവരുടെ സമീപത്ത് കഴിച്ചതിന്റെ ബാക്കി കുറച്ച് പഴങ്ങള്‍ കിടന്നു. കുട്ടികള്‍ക്ക് ആദ്യം കമ്പിളി കൊടുത്തു. പിന്നെ കയറില്‍ മുകളിലേക്ക് കയറ്റി. എല്ലാവരുടെയും ജീവന് രക്ഷിക്കാനായി എന്നത് വലിയ നേട്ടമായെന്ന് റെയ്ഞ്ച് ഓഫീസര്‍ ആഷിഫ് കേളോത്തും സൗത്ത് വയനാട് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ കെ. രാമനും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: