പൂച്ചാക്കല്‍ (ആലപ്പുഴ): പെറ്റമ്മയെ നഷ്ടപ്പെട്ട പിഞ്ചുകുഞ്ഞിന് പോറ്റമ്മയാകാന്‍ തയ്യാറായ, പോലീസ് ഉദ്യോഗസ്ഥക്ക് അഭിനന്ദന പ്രവാഹം. വയനാട് ചൂരല്‍മല ദുരന്തത്തിന് ഇരയായ പിഞ്ചു കുട്ടിയെ കണ്ടെത്തിയ ആര്‍മി ഉദ്യോഗസ്ഥന് നെഞ്ചിനോട് ചേര്‍ത്ത് കുഞ്ഞിനെ കൊണ്ടുവരുന്നത് ടിവി ചാനലില്‍ കണ്ട് ഉള്ളു പിടഞ്ഞു പോയെന്ന് പൂച്ചാക്കല്‍ വടക്കേ മറ്റത്തില്‍ രശ്മിമോള് പറഞ്ഞു. തുടര്‍ന്ന് ആറുമാസം വരെ പ്രായമുള്ള കുട്ടിയെ നോക്കാന്‍ തയ്യാറാണെന്ന് തൃശ്ശൂര്‍ സിറ്റി സൈബര്‍ സ്റ്റേഷനിലെ എഎസ്ഐ അപര്‍ണ ലവകുമാറിന് സന്ദേശമയക്കുകയായിരുന്നു.
തൃപ്പൂണിത്തുറ എആര്‍ ക്യാമ്പിലെ ഹവില്‍ദാറാണ് രശ്മി. പ്രസവാവധിയില്‍ ഇപ്പോള്‍ വീട്ടിലുണ്ട്. വയനാട്ടിലെ ദുരന്തം അറിഞ്ഞപ്പോള്‍, മനസില്‍ മിന്നി മറഞ്ഞത് തന്റെ നാലര മാസം പ്രായമുള്ള മകന് അയാന്‍ഷിന്റെ മുഖമാണെന്ന് രശ്മി പറഞ്ഞു. മുലപ്പാല്‍ മാത്രം കുടിക്കുന്ന ഈ പ്രായത്തില്‍ അമ്മയെ നഷ്ടപ്പെട്ട കുഞ്ഞുങ്ങള്‍, എങ്ങനെ ഈ സാഹചര്യത്തോട് പൊരുത്തപ്പെടുമെന്ന ചിന്ത തന്നെ വല്ലാതെ അലട്ടി. ആറു മാസത്തില്‍ താഴെ പ്രായമുള്ള കുട്ടിയെ അവധി തീരും വരെ തന്റെ കുട്ടിയോടൊപ്പം നോക്കാമെന്ന് അപര്‍ണയെ അറിയിച്ചത് അതുകൊണ്ടാണ്.
സപ്തം. 6 വരെ അവധിയുണ്ട്. അത് കഴിഞ്ഞാല്‍ ശിശു സംരക്ഷണത്തിനുള്ള അവധിയും ലഭിക്കും. അടുത്തിടെ അമ്മയെ നഷ്ടപ്പെട്ട തനിക്ക് അമ്മയില്ലാത്തതിന്റെ സങ്കടം നന്നായി അറിയാം. 2017 ല്‍ പോലീസ് സേനയില്‍ ചേര്‍ന്ന രശ്മിക്ക് അക്ഷയ് എന്ന ഒരു മകന് കൂടിയുണ്ട്. ഭര്‍ത്താവ്, ബിജെപി തൈക്കാട്ടുശ്ശേരി പഞ്ചായത്ത് സമിതി വൈസ് പ്രസിഡന്റ് സനീഷ്, രശ്മിയുടെ തീരുമാനത്തിന് പിന്തുണ നല്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: