വയനാട് :ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കാണാതായവര്‍ക്ക് വേണ്ടിയുള്ള വിവിധ സേനാ വിഭാഗങ്ങളുടെ തിരച്ചിലിന് കൂട്ടായി ഡോഗ് സ്ക്വാഡുകള്‍. കരസേന, പൊലീസ്, തമിഴ്നാട് അഗ്നിരക്ഷാസേന എന്നിവയുടെ പരിശീലനം സിദ്ധിച്ച 11 നായകളാണ് ചൂരല്‍മലയിലും മുണ്ടക്കൈയിലും പുഞ്ചിരിമട്ടത്തും കര്മരംഗത്തുണ്ടായിരുന്നത്. യന്ത്രങ്ങള്‍ എത്തിച്ചേരാന്‍ ദുഷ്കരമായ മലയിടുക്കുകളിലും കുന്നിന് ചെരിവുകളിലേക്കുമാണ് ശ്വാന സേനയുടെ സേവനം ഉപയോഗപ്പെടുത്തിയത്.
ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായത് മുതല്‍ രക്ഷാപ്രവര്‍ത്തനത്തിന് അണി ചേര്‍ന്ന ശ്വാനസേനയുടെ സഹായത്താല്‍ മണ്ണിനടിയിലായിരുന്ന ഒട്ടേറെ മൃതദേഹങ്ങളും കണ്ടെടുക്കാനായി. പ്രതികൂലമായ കാലാവസ്ഥയെയും ദുര്‍ഘടമായ പാതകളെയും താണ്ടാനുള്ള കരുത്ത് ഈ നായകള്‍ക്കുണ്ട്. പരിശീലകരാണ് ദുരന്ത ഭൂമിയില്‍ നായകളെ തെരച്ചിലിന് വഴികാട്ടുന്നത്. വയനാട് ഡോഗ് സ്ക്വാഡിന്റെ മാഗി, കൊച്ചി സിറ്റി പോലീസ് ഡോഗ് സ്ക്വാഡിന്റെ മായ, മര്‍ഫി എന്നീ നായകളും ദൗത്യത്തിലുണ്ട്. നിലമ്പൂരില്‍ ഇടുക്കി ഡോഗ് സ്ക്വാഡിന്റെ എയ്ഞ്ചല്‍ എന്ന നായയും ജോലിയിലുണ്ട്.
മൃതദേഹങ്ങള്‍ തിരയാനും അപകടത്തില്‍ പരിക്കേറ്റവരെ കണ്ടെത്താനുമാണ് നായകളെ വിന്യസിച്ചിരിക്കുന്നത്. മുണ്ടക്കൈയില്‍ നിന്നു മാത്രം ഇതുവരെ 15 ലധികം മൃതദേഹങ്ങളാണ് നായകളുടെ സഹായത്തോടെ കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: