വയനാട് ദുരന്തത്തില്‍ ഞായറാഴ്ച രാവിലെ വരെ 357 പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. ഇനിയും കണ്ടെത്താന്‍ കഴിയാത്ത 209 പേരുടെ കണക്ക് ജില്ലാ അധികൃതരുടെ കൈകളില്‍ ഉണ്ട്.10000 അധികം പേര് വിവിധ അഭയാര്‍ത്ഥികേന്ദ്രങ്ങളില്‍ അന്തിയുറങ്ങുന്നു. മുണ്ടക്കൈയിലും ചൂരല്‍മലയിലുമായി നിരവധി ഗ്രാമങ്ങള്‍ ഇല്ലാതായിരിക്കുന്നു. ശനിയാഴ്ച മാധ്യമങ്ങളോട് സംസാരിക്കവേ മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു എന്തുകൊണ്ട് ഈ അപകടം ഉണ്ടായി എന്ന് അന്വേഷണം നടത്തുമെന്ന്. കഴിഞ്ഞ എട്ടു വര്‍ഷമായി കേരളം ഭരിക്കുന്ന മുഖ്യമന്ത്രി ഒന്നും അറിഞ്ഞിട്ടില്ലാത്തതുപോലെ, ഒന്നും കേട്ടിട്ടില്ലാത്തതുപോലെ നടത്തിയ പ്രതികരണം ഒന്നും പറയാന്‍ കഴിയാത്ത വിധം പ്രതിരോധത്തില്‍ ആയതുകൊണ്ടാണ് എന്ന കാര്യത്തില്‍ സംശയമില്ല. വയനാട് ദുരന്തത്തിന്റെ രക്ഷാദൗത്യത്തിലെ പരാജയത്തെക്കുറിച്ചോ സംസ്ഥാന സര്‍ക്കാരിന്റെ വീഴ്ചകളെ കുറിച്ചോ പറഞ്ഞ് രാഷ്ട്രീയം കളിക്കാനോ നേട്ടം സൃഷ്ടിക്കാനോ ശ്രമിക്കേണ്ട സമയമല്ലിത് . ഇത്തരം ദുരന്തങ്ങള്‍ ഇനി ആവര്‍ത്തിക്കാതിരിക്കാന്‍ എന്ത് ചെയ്യണമെന്ന് ചിന്തിക്കാനുള്ള സമയം അതിക്രമിച്ചില്ലേ.?രാഷ്ട്രീയ നേട്ടങ്ങള്‍ക്കും വോട്ട് ബാങ്കിന്റെ രാഷ്ട്രീയത്തിനും അപ്പുറത്ത് കേരളം എന്ന നാട് നിലനില്ക്കാനും ജനങ്ങള്‍ക്ക് ദുര്‍മരണം ഒഴിവാക്കാനും സത്യസന്ധമായ രീതിയില്‍ പ്രവര്‍ത്തിക്കാനുള്ള ഇച്ഛാശക്തി സംസ്ഥാന സര്‍ക്കാര്‍ കാട്ടേണ്ട സമയം അതിക്രമിച്ചില്ലേ?
‘പശ്ചിമഘട്ടം ആകെ തകര്‍ക്കപ്പെട്ടിരിക്കുന്നു. ഇനിയും നടപടിയെടുത്തില്ലെങ്കില്‍ കേരളത്തെ കാത്തിരിക്കുന്നത് വലിയ ദുരന്തമാണ്. അതിനു നിങ്ങള്‍ വിചാരിക്കും പോലെ യുഗങ്ങള്‍ ഒന്നും ആവശ്യമില്ല. നാലോ അഞ്ചോ വര്‍ഷം മതി . അന്ന് ഞാനും നിങ്ങളും ജീവനോടെ കാണും. ആരാണ് കള്ളം പറയുന്നത്, ഭയപ്പെടുത്തുന്നത് എന്നൊക്കെ നിങ്ങള്‍ക്ക് തന്നെ മനസ്സിലാകും ‘ -പശ്ചിമഘട്ടപരിസ്ഥിതി പഠന സംഘത്തിന്റെ തലവനായ മാധവ് ഗാഡ്ഗില്‍ അന്ന് തനിക്കെതിരെ കേരളത്തിലുടനീളം ഉയര്‍ന്ന ആക്ഷേപങ്ങള്‍ക്ക് മറുപടി പറഞ്ഞ വാക്കുകളാണിത്.ഒരു ത്രികാലജ്ഞാനിയെപ്പോലെ അദ്ദേഹം പ്രവചിച്ച വാക്കുകള്‍ ഇന്ന് സത്യമായി വന്നിരിക്കുന്നു.അദ്ദേഹം വിവരിച്ച പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളിലെ മലയിടിച്ചിലിലും മലവെള്ളപ്പാച്ചിലിലും ജീവന് നഷ്ടമായത് 100 കണക്കിന് ആളുകള്‍ക്കാണ്. 2019 ല്‍ പുത്തുമലയില്‍ നമ്മള് ഇത് കണ്ടതാണ്. എന്നിട്ടും നടപടികള്‍ എടുക്കാനോ പരിസ്ഥിതി ദുര്‍ബല പ്രദേശത്തു നിന്ന് ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കാനോ കഴിയാതെ പോയത് വോട്ട് ബാങ്കിന്റെയും ചില ന്യൂനപക്ഷ മത വിഭാഗങ്ങളുടെ സമ്മര്‍ദ്ദ തന്ത്രങ്ങളുടെയും ഫലമായിരുന്നു .ഇന്ന് അതിന്റെ ഫലമാണ് നമ്മള് കൊയ്യുന്നത്. കാട് വെട്ടരുതെന്നും കാവ് തീണ്ടരുതെന്നും പറഞ്ഞ കവിയത്രി സുഗതകുമാരിയെ കുറിച്ച് ഓള് കവിയാണോ കടലില്‍ മഴ പെയ്യുന്നത് കാട് ഉണ്ടായിട്ടാണോ എന്ന് ഒരു എംഎല്‍എ നിയമസഭയില്‍ ചോദിച്ചു. ചോദിച്ച എംഎല്‍എ മുസ്ലിം ലീഗുകാരന് ആയതുകൊണ്ട് എല്ലാവരും ഉറക്കെ ചിരിച്ച് അദ്ദേഹത്തിന് സഭയിലെ ആസ്ഥാന ഹാസ്യ സാഹിത്യകാരനുള്ള സ്ഥാനം നല്കി. അദ്ദേഹത്തിന്റെ തമാശകള്‍ പിന്നെ പുസ്തകമായും വാമൊഴിയായും കേരളം മുഴുവന്‍ പ്രചരിച്ചു.അദ്ദേഹത്തെ പിന്‍പറ്റിയാണ് പശ്ചിമഘട്ട സംരക്ഷണത്തോടും കേരളം പ്രതികരിച്ചത് .ഭൂമിയെ അമ്മയായും പ്രകൃതിശക്തികളെ ദേവതകളായും കണ്ടിരുന്ന ഭാരതീയ പാരമ്പര്യം നമ്മള് എന്നോ മറന്നു. ഗാഡ്ഗിലിന്റെ കണ്ടെത്തലുകള്‍ കേരളത്തിലെ രാഷ്ട്രീയക്കാര്‍ക്ക് ചതുര്‍ത്ഥി കാണും പോലെ ഭീതിദം ആയിരുന്നു .ഒരുപറ്റം മതനേതാക്കളും രാഷ്ട്രീയ നേതാക്കളും ഗാഡ്ഗിലിനെതിരെ പ്രസ്താവനകളുമായി രംഗത്തുവന്നു ക്വാറികള്‍ ഉണ്ടായിട്ടും മഴപെയ്തല്ലോ എന്നായിരുന്നു അന്നത്തെ എംഎല്‍എ ആയിരുന്ന തോമസ് ചാണ്ടിയുടെ പരാമര്‍ശം.ജെസിബി പോയിട്ട് കൈക്കോട്ട് പോലും വയ്ക്കാത്ത എവിടെ വനത്തില്‍ എങ്ങനെ ഉരുള്‍പൊട്ടി എന്നായിരുന്നു പശ്ചിമഘട്ട മേഖലയില്‍ ക്വാറി മുതല്‍ വിനോദസഞ്ചാര കേന്ദ്രം വരെ നടത്തുന്ന, ചട്ടം ലംഘിച്ച് തടയണ കെട്ടിയ പി.വി അന്‍വറിന്റെ പ്രതികരണം.സിപിഎം എംഎല്‍എ ആയിരുന്ന എസ്. രാജേന്ദ്രന് അന്ന് ഒരു പടി കൂടി മുന്നോട്ടു പോയി. പ്രകൃതിയുടെ വിധിയെ ആര്‍ക്കും തടുക്കാന്‍ ആവില്ല . ഇനിയും സംരക്ഷണ നിയമങ്ങളില്‍ ഇളവു വേണം എന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം .
പശ്ചിമഘട്ട മേഖലകളിലെ പരിസ്ഥിതിയെ തകര്‍ക്കുന്ന ഖനനത്തിനെതിരെയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കെതിരെയും അതിശക്തമായ പരാമര്‍ശം മാധവ് ഗാഡ്ഗില്‍ സമിതി നടത്തിയിരുന്നു. ഒരുപക്ഷേ ഗാഡ്ഗില്‍ കേരളത്തിലെ രാഷ്ട്രീയ നേതാക്കളുടെ കണ്ണില്‍ കരടായി മാറാനും കാരണം ഇതുതന്നെയാണ്
പശ്ചിമഘട്ട പ്രദേശത്തെ ആകെ മൂന്ന് മേഖലകളായി തിരിക്കുന്നത് ആയിരുന്നു 13 വര്‍ഷം മുമ്പ് മാധവ ഗാഡ്ഗില്‍ നല്കിയ റിപ്പോര്‍ട്ട് .ഒന്നാമത്തെ മേഖലയില്‍ പെട്ട പ്രദേശങ്ങള്‍ വളരെയധികം പാരിസ്ഥിതിക പ്രാധാന്യമര്‍ഹിക്കുന്നതും അതീവ ശ്രദ്ധ വേണ്ടതും ആയ മേഖല ആയിരുന്നു. കേരളത്തിലെ നദികളുടെ മുഴുവന്‍ പിറവി ഈ പ്രദേശത്തു നിന്ന് തന്നെയായിരുന്നു പശ്ചിമഘട്ട മലനിരകളുടെ ഏറ്റവും ഉയര്‍ന്ന മുടി പ്രദേശങ്ങളായ ഇവിടെ ഖനനം, കൃഷി, മരം വെട്ടല്‍ അടക്കം മനുഷ്യന്റെ എല്ലാ ഇടപെടലുകളും നിരോധിക്കണമെന്ന് റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്തിരുന്നു. രണ്ടാമത്തെ മേഖലയില്‍ നിയന്ത്രിത തോതില്‍ കൃഷി ചെയ്യാനും മനുഷ്യന്റെ ഇടപെടലിനും അനുവാദം നല്‍കിയിരുന്നു. മൂന്നാമത്തെ മേഖലയില്‍ യഥേഷ്ടം കൃഷിയും ക്വാറി അടക്കമുള്ള ഖനനങ്ങളും നടത്താനുള്ള അനുവാദം ഉണ്ടായിരുന്നു .വ്യാപകമായ എതിര്‍പ്പുകളെ തുടര്‍ന്ന് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാര്‍ മരവിപ്പിക്കുകയായിരുന്നു. പകരം കസ്തൂരിരംഗന്‍ അധ്യക്ഷനായ മറ്റൊരു സമിതിയെ നിയോഗിച്ചെങ്കിലും ആ റിപ്പോര്‍ട്ടും ഇതുവരെ വെളിച്ചം കണ്ടിട്ടില്ല.കേരളത്തില്‍ രാഷ്ട്രീയക്കാരുടെയും ചില ന്യൂനപക്ഷ വിഭാഗങ്ങളുടെയും സമ്മര്‍ദ്ദത്തെ തുടര്‍ന്ന് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉമ്മന്‍ വി ഉമ്മന്‍ അധ്യക്ഷനായി മറ്റൊരു സമിതിയെ നിയോഗിക്കുകയായിരുന്നു.ഇതിനെതിരെ നിലപാട് എടുക്കാന്‍ ആര്‍ജ്ജവം കാണിച്ച ഏക കോണ്‍ഗ്രസ് നേതാവ് പി. ടി. തോമസ് ആയിരുന്നു.പി.ടി. തോമസിന്റെ ശവമഞ്ചം ഒരുക്കി പ്രതീകാത്മകമായി അടക്കം ചെയ്താണ് അന്നത്തെ മത നേതാക്കള്‍ ഇതിനോട് പ്രതികരിച്ചത്.
ഡോക്ടര്‍ സലിം അലി വളരെ പണ്ട് നടത്തിയ പഠനത്തില്‍ കേരളത്തിലെ വനപ്രദേശങ്ങളിലെ മനുഷ്യന്റെ ഇടപെടലിനെ കുറിച്ച് വളരെ ഗൗരവമായി തന്നെ പ്രതികരിച്ചത്. മനുഷ്യനെത്തിയാല്‍ ഉള്‍ക്കാടുകളില്‍ പോലും മാലിന്യം എത്തുമെന്നും അതിന്റെ പിന്നാലെ കാക്കുകളെത്തുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. മനുഷ്യസ്പര്‍ശം ഏല്ക്കാന് പാടില്ലാത്ത വനത്തിന്റെ സ്വകാര്യതകളിലേക്കാണ് കയ്യേറ്റക്കാരും കുടിയേറ്റക്കാരും ക്വാറി മാഫിയയും വളരുംതോറും പിളരുകയും പിളരുംതോറും വളരുകയും ചെയ്യുന്ന ചില രാഷ്ട്രീയ പാര്‍ട്ടികളുടെയും മത തീവ്രവാദികളുടെയും പിന്തുണയോടെ കടന്നു കയറിയത്. 15 ഡിഗ്രിയില്‍ കൂടുതല്‍ ചരിവുള്ള പ്രദേശങ്ങളില്‍ മനുഷ്യന്റെ ഇടപെടല്‍ എങ്ങനെയായിരിക്കണം എന്ന മാനദണ്ഡങ്ങള്‍ മുഴുവന്‍ തകര്‍ത്തെറിഞ്ഞാണ് മാഫിയകള്‍ അഴിഞ്ഞാടിയത്.1600 കിലോമീറ്റര്‍ നീളത്തില്‍ 16 ലക്ഷം ചതുര കിലോമീറ്റര്‍ വിസ്തൃതിയില്‍ തമിഴ്നാട് മുതല്‍ മഹാരാഷ്ട്ര വരെ നീണ്ടുകിടക്കുന്ന പശ്ചിമഘട്ട മലനിരകള്‍ ലോകത്തിലെ തന്നെ ഏറ്റവും കൂടുതല്‍ ജൈവവൈവിധ്യവും മത്സ്യ മൃഗ സമ്പത്തും പക്ഷികളും പൂമ്പാറ്റകളും ഒക്കെ നിറഞ്ഞതാണ്. ഇതിനെ മുഴുവന്‍ തകര്‍ത്തെറിയാനും മനുഷ്യന്റെ ക്രൂരതയാര്‍ന്ന ചൂഷണത്തിന് വിധേയമാക്കാനും ഉള്ള ശ്രമങ്ങളാണ് ഇന്നത്തെ പ്രതിസന്ധിക്ക് കാരണം. 14 ഡിഗ്രിയില്‍ കൂടുതല്‍ ചരിവുള്ള മലഞ്ചെരുവുകളില്‍ മേല്‍മണ്ണ് വളരെ കുറവാണ്. പാറക്കെട്ടുകള്‍ക്കുമേല്‍ നേര്‍ത്ത പാളിയായി രണ്ടു മുതല്‍ നാലു വരെ അടി ആഴത്തില്‍ മാത്രമേ മണ്ണുള്ളൂ. ഇതില്‍ പടര്‍ന്നു പന്തലിക്കുന്ന മരങ്ങളുടെ വേരുകളാണ് മണ്ണിനെയും പാറയെയും ചരിഞ്ഞ പ്രദേശത്തെയും പിടിച്ചുനിര്‍ത്തുന്നത്. രാജ്യത്ത് ആകെ കിട്ടുന്ന മഴയുടെ 40 ശതമാനവും പെയ്യുന്നത് ഈ പശ്ചിമഘട്ട പ്രദേശത്താണ് ഈ മരത്തിന്റെ വേരുകളാണ് മണ്ണൊലിപ്പ് തടഞ്ഞ് ഭൂമിയുടെ അടിത്തട്ടിലേക്കും നദികളിലേക്ക് നീരൊഴുക്കായും ഒക്കെ വെള്ളത്തെ കടത്തിവിട്ട് മണ്ണിടിച്ചിലിനും അപായത്തിനുമുള്ള സാധ്യതകള്‍ പൂര്‍ണ്ണമായും ഇല്ലാതാക്കിയിരുന്നത്. ഇക്കാര്യങ്ങളെല്ലാം ഗാഡ്ഗില്‍ കമ്മിറ്റി വ്യക്തമായി ചൂണ്ടിക്കാട്ടിയിരുന്നതാണ്. കേരളത്തിലെ ഏറ്റവും പ്രാധാന്യമുള്ള അതീവ പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളില്‍ 18 എണ്ണം ഗാഡ്ഗില്‍ വ്യക്തമായി ചൂണ്ടിക്കാട്ടിയിരുന്നു ബ്രഹ്മഗിരി, തിരുനെല്ലി ,വയനാട് ബാണാസുരസാഗര്‍, കുറ്റിയാടി, നിലമ്പൂര്‍ ,മേപ്പാടി എന്നിവ ഇതില്‍പ്പെടുന്നു. വൈത്തിരിയും മാനന്തവാടിയും സുല്‍ത്താന്‍ബത്തേരിയും ഗാഡ്ഗില്‍ കമ്മിറ്റി ശുപാര്‍ശ ചെയ്തിരുന്ന ഒന്നാം മേഖലയില്‍ തന്നെ ഉള്‍പ്പെട്ടിരുന്നതാണ് . മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണയും തിരൂര്‍ താലൂക്കുകളും ഒന്നാം മേഖലയില്‍ ഉള്‍പ്പെട്ടിരുന്നതാണ്.ഈ പ്രദേശങ്ങളില്‍ ഖനനം പൂര്‍ണമായും നിരോധിച്ചിട്ടുള്ളതാണ്.കഴിഞ്ഞ ദിവസം ദുരന്തമുണ്ടായ മുണ്ടക്കൈ, ചൂരല്‍ മല പ്രദേശങ്ങളില്‍ പത്തു ക്വാറികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.അതീവ ദുര്‍ബല പരിസ്ഥിതി മേഖല ആണെന്ന് പറയുന്ന ഇവിടങ്ങളില്‍ പോലും കൂണുപോലെ പൊന്തുന്ന റിസോര്‍ട്ട് വ്യവസായം പരിസ്ഥിതിയെ കൂടുതല്‍ ദുര്‍ബലമാക്കിയിട്ടുണ്ട് എന്ന് മാത്രമല്ല മണ്ണിടിച്ചിലിന് ഉതകുന്ന രീതിയിലുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടും ഉണ്ട്. പരിസ്ഥിതിക്കനുസൃതമായി വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുകയും വിനോദസഞ്ചാര സ്ഥാപനങ്ങള്‍ ആരംഭിക്കുകയും ചെയ്യുന്നതിന് പകരം പരിസ്ഥിതിയെ പൂര്‍ണമായും തകര്‍ക്കുന്ന രീതിയിലുള്ള റിസോര്‍ട്ടുകളും ഹോട്ടലുകളും ആണ് ഈ പ്രദേശത്ത് ഉയര്‍ന്നിട്ടുള്ളത് എന്നത് സത്യമാണ്.
ക്വാറികളിലെ ഖനനവും റിസോര്‍ട്ടുകള്‍ക്ക് വേണ്ടി നിര്‍മ്മിച്ച കുഴികളും പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളിലെ വന്‍തോതില്‍ ഉള്ള മരം വെട്ടും ഒക്കെ തന്നെ ഈ ദുരന്തത്തിന് കാരണമായി എന്ന കാര്യത്തില്‍ സാധാരണ ജനങ്ങള്‍ക്ക് പോലും സംശയമില്ല. ഇപ്പോള്‍ രണ്ടുദിവസത്തിനുള്ളില്‍ പെയ്ത 600 മില്ലിമീറ്റര്‍ മഴയാണ് ദുരന്തകാരണമെന്ന് വരുത്താനുള്ള ശ്രമമാണ് ഒരുപറ്റം ശാസ്ത്രജ്ഞരും സംസ്ഥാന സര്‍ക്കാരിന്റെ ആഗ്രഹത്തിന് അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ വെമ്പുന്ന കുറേ ഉദ്യോഗസ്ഥരും സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന കഥ. പക്ഷേ 2015ല്‍ തന്നെ 880 മില്ലിമീറ്റര്‍ മഴ പെയ്തപ്പോള്‍ ഉണ്ടാകാത്ത ഉരുള്‍പൊട്ടല്‍ എങ്ങനെ ഇപ്പോള്‍ ഉണ്ടായി എന്ന ചോദ്യത്തിന് ഇവര്‍ക്ക് മറുപടിയില്ല. മഴയുടെ കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കിയിരുന്നു മുന്നറിയിപ്പുകള്‍ നടപ്പാക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരിന് ഉണ്ടായ ഗുരുതര വീഴ്ചയും പിഴവും രാജ്യസഭയില്‍ ആഭ്യന്തരമന്ത്രി അമിത് ഷാ തന്നെ ചൂണ്ടിക്കാട്ടിയിരുന്നു. മുന്നറിയിപ്പില്‍ റെഡ് അലര്‍ട്ട് ഉണ്ടായിരുന്നില്ല തുടങ്ങിയ ദുര്‍ബലമായ പ്രതികരണമാണ് മുഖ്യമന്ത്രി പിണറായി വിജയന് ഉയര്‍ത്താന്‍ ശ്രമിച്ചത്.ദുരന്തത്തിനുള്ള മുന്നറിയിപ്പിന് ഒപ്പം കേന്ദ്രസര്‍ക്കാരിന്റെ മുന്നൊരുക്കമാണ് ദുരന്ത മേഖലയില്‍ രക്ഷാപ്രവര്‍ത്തകര്‍ എത്രയെങ്കിലും നേരത്തെ എത്താന്‍ കാരണം. ഒപ്പം സൈന്യം നടത്തിയ നിസ്തുലമായ സേവനവും.
ഇനിയും തിരിച്ചറിയാത്ത നിരവധി പേരുടെ മൃതദേഹങ്ങള്‍ സംസ്കരിക്കുന്നത് മുതല്‍ മുഴുവന്‍ ജനങ്ങള്‍ക്കും ഒരേപോലെ അടിസ്ഥാന സൗകര്യങ്ങളും ഭക്ഷണവും ഒക്കെയായി സേവാഭാരതിയും വിദ്യാഭ്യാസം ഏറ്റെടുത്ത സേവാ ഇന്‍ര്‍നാഷണല്‍ അടക്കമുള്ള എത്രയെത്ര സംഘടനകള്‍ ആണ് അവിടെ പ്രവര്‍ത്തനനിരതമായി രിക്കുന്നത്.വയനാട്ടിന് ഒരു എംപി ഇല്ല എന്നത് രാഷ്ട്രീയമായി മാത്രമല്ല ഈ ദുരന്തത്തിന്റെ ഭൂമിയില്‍ ഒരു രൂപ പോലും ചെലവഴിക്കാന്‍ കഴിയാത്ത സാഹചര്യം ഉണ്ടായത് കൂടി ആലോചിക്കപ്പെടേണ്ടതാണ്. എംപിയായ രാഹുല്‍ രാജിവച്ചതോടെ എംപിയുടെ വികസന ഫണ്ടില്‍ നിന്ന് പുനരധിവാസത്തിനും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും പണം നല്‍കാനുള്ള സാധ്യത കൂടി ഇല്ലാതായി. അല്ലെങ്കില്‍ ഇത്രയും വലിയ ദുരന്തം ഉണ്ടാവുമ്പോള്‍ എംപി ഫണ്ടില്‍ നിന്ന് അഞ്ചു കോടി രൂപയും ഇവിടെ ചെലവഴിക്കാന്‍ കഴിയുമായിരുന്നു.ചെളി ചവിട്ടാതെ വന്നിറങ്ങിയ രാഹുലിനെ തടയുന്ന സാഹചര്യം ചൂരല്‍ മലയില്‍ ഉണ്ടായതും ഇതില്‍ നിന്ന് തന്നെയാണ്.
വയനാട്ടിലെ ദുരന്തം മലയാളികള്‍ക്ക് ഒരു പുതിയ തിരിച്ചറിവാകണം. സ്വാര്ത്ഥതയുടെയുംവോട്ട് ബാങ്കിന്റെയും രാഷ്ട്രീയം അവസാനിക്കണം. പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളില്‍ നിന്ന് കര്‍ഷകരായ മുഴുവന്‍ പേരെയും നഷ്ടപരിഹാരം നല്കി ഒഴിപ്പിച്ച് സുരക്ഷിത പ്രദേശങ്ങളിലേക്ക് മാറ്റി താമസിപ്പിക്കണം.ഇതിനായി സന്നദ്ധ സംഘടനകളുടെയും വന്‍കിട വ്യവസ്ഥാപനങ്ങളുടെ സാമൂഹ്യ സേവന നിധിയും അന്താരാഷ്ട്ര സ്ഥാപനങ്ങളുടെ പരിസ്ഥിതി സംരക്ഷണ നിധിയും ഒക്കെ ഉപയോഗപ്പെടുത്താന്‍ കഴിയും.പശ്ചിമഘട്ടത്തിലെ അതീവ ദുര്‍ബല പ്രദേശങ്ങളില്‍ നിന്ന് ക്വാറിയും റിസോര്‍ട്ടുകളും ഒഴിപ്പിച്ച് സുരക്ഷിതമാക്കാനുള്ള നടപടികള്‍ കൂടി സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കണം. ഇക്കാര്യത്തില്‍ മുഖം നോക്കാതെയുള്ള നടപടികളാണ് വേണ്ടത്. ഒരേ അപകടം പലതവണ ആവര്‍ത്തിക്കുകയും ഒരേ തരത്തിലുള്ള ദുരന്തങ്ങള്‍ വീണ്ടും വീണ്ടും ഉണ്ടാവുകയും ചെയ്യുമ്പോള്‍ പഴയതില്‍ നിന്ന് പാഠം പഠിച്ചില്ല എന്ന് വ്യക്തമാണ്. അതുകൊണ്ടുതന്നെ യാഥാര്‍ത്ഥ്യബോധത്തോടെയുള്ള നടപടികളാണ് ആവശ്യം. അതിനുപകരം ശാസ്ത്രജ്ഞന്മാര് സംസാരിക്കരുത് എന്ന് തിട്ടൂരമിറക്കിയാല്‍ അതിനെ കേരളം അവജ്ഞയോടെ പുച്ഛിച്ചു തള്ളും.മാലിന്യ സംസ്കരണത്തിലും പശ്ചിമഘട്ട സംരക്ഷണത്തിലും ഒരേപോലെ സംസ്ഥാനത്തിന്റെ താല്പര്യം സംരക്ഷിക്കുന്ന രീതിയിലുള്ള നടപടികളാണ് കേരളം പ്രതീക്ഷിക്കുന്നത്.രാഷ്ട്രീയം നോക്കാതെ, മുഖം നോക്കാതെ വോട്ടുബാങ്ക് നോക്കാതെ ശക്തമായ നടപടി.അതിനുള്ള ചങ്കുറപ്പ് ഇല്ലെങ്കില്‍ വീണ്ടും കേരളത്തില്‍ ദുരന്തങ്ങള്‍ ആവര്‍ത്തിക്കും. ചങ്കു പിളരുന്ന ദുരന്തങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: