കൊച്ചി: വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ഇരയായവരുടെ കുടുംബങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് തുക വേഗത്തില്‍ ലഭ്യമാക്കുമെന്ന് എല്‍ഐസി.
പ്രധാനമന്ത്രി ജീവന്‍ ജ്യോതി ബീമ യോജന ഉള്‍പ്പെടെയുള്ള ഇന്‍ഷുറന്‍സുകള്‍ ഉടനടി തീര്‍പ്പാക്കും. ഇതിനായി സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടുന്നതിന് കോഴിക്കോട് ഡിവിഷനില്‍ നോഡല്‍ ഓഫീസര്‍മാരെ നാമനിര്‍ദേശം ചെയ്തിട്ടുണ്ടെന്നും എല്‍ഐ സിയുടെ എംഡിയും സിഇഒയുമായ സിദ്ധാര്‍ഥ മൊഹന്തി പറഞ്ഞു. സമാനതകളില്ലാത്ത ദുരിതംപേറുന്ന വയനാട്ടിലെ സഹോദരങ്ങള്‍ക്കൊപ്പമാണ് എല്‍ഐസിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം സംസ്ഥാനം ഇതുവരെ കണ്ടതില്‍ വച്ച് ഏറ്റവും വലിയ പ്രകൃതിദുരന്തമായ മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ നിന്ന് ജീവനോടെ രക്ഷപ്പെട്ടവര്‍ തങ്ങളുടെ ഉറ്റവരെയും ഉടയവരെയും തേടി ആശുപത്രികളിലും ദുരിതാശ്വാസ ക്യാമ്പുകളിലും അലയുന്ന കാഴ്ച മലയാളികളുടെ ഉള്ളലയ്‌ക്കുന്നതാണ്.
ക്യാമ്പുകളിലുള്ളവരുടെ കണ്ണീരുണങ്ങുന്നില്ല. ഒരായുസിന്റെ സമ്പാദ്യം നഷ്ടപ്പെട്ടത് പോട്ടെ എന്ന് വയ്‌ക്കാം, കാണാതായ പ്രിയപ്പെട്ടവര്‍ ജീവനോടെ ഉണ്ടോ അതോ… കൂടുതല്‍ പറയുന്നതിന് മുന്‍പുതന്നെ കല്‍പ്പറ്റ എസ്‌കെഎംജെ സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന ക്യാമ്പിലെ സുജാതയുടെ ശബ്ദമിടറി. ഒരോ ദിവസവും മേപ്പാടി സിഎച്ച്‌സിയില്‍ എത്തി കണ്ടെടുക്കുന്ന മൃതശരീരങ്ങളിലും ഇവിടേക്ക് മൃതശരീരവുമായി വരുന്ന ആംബുലന്‍സുകളിലും തങ്ങളുടെ പ്രിയപ്പെട്ടവര്‍ ഉണ്ടോ എന്നും കലങ്ങിയ കണ്ണുകളും വിറയ്‌ക്കുന്ന ശരീരവുമായി തെരയുകയാണ് ബന്ധുക്കള്‍. തിരിച്ചറിയാനാവാത്തവിധം മാറിപ്പോയ മുഖങ്ങള്‍, അടയാളങ്ങള്‍ നോക്കി തിരിച്ചറിഞ്ഞാല്‍ പിന്നീട് ഉയരുന്നത് നിലവിളികള്‍. തങ്ങളുടെ ഉറ്റവരെല്ലെന്ന് തിരിച്ചറിഞ്ഞാല്‍ നെടുവീര്‍പ്പിട്ട് തിരികെ നടക്കുന്നവര്‍. ആശുപത്രി വരാന്തയില്‍ ദുഃഖം തളംകെട്ടി കിടക്കുന്ന അവസ്ഥ.
ജീവിതത്തില്‍ ഇനി ആരുമില്ല, ഒറ്റയ്‌ക്ക് എന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളാന്‍ പലര്‍ക്കും കഴിഞ്ഞിട്ടില്ല. ഇതുവരെ കാണാത്തവര്‍ക്ക് പോലും കൂടപ്പിറപ്പുകളായ സഹജീവികളുടെ സാന്ത്വനത്തിലാണ് പലരും ജീവിതം മുന്നോട്ട് നീക്കുന്നത്. ചൂരല്‍മല ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ 10 ക്യാമ്പും ദുരന്ത മേഖലയില്‍ നിന്നും ഒഴിപ്പിച്ചവരെ താമസിപ്പിക്കാനുമായി 7 ക്യാമ്പുകളും ഉണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക