കണ്ണീരുണങ്ങാത്ത വയനാടന്‍ ജനതയെ നേരില്‍ കണ്ടു. സകലതും നഷ്ടപ്പെട്ട മനുഷ്യരെ ആശ്വസിപ്പിക്കാന്‍ വാക്കുകളില്ലായിരുന്നു. പ്രിയപ്പെട്ടവര്‍ ഒന്നടങ്കം മണ്ണിനടിയിലായപ്പോള്‍ അവശേഷിക്കുന്ന ജീവിതത്തിനു മുന്നില്‍ പകച്ചുനില്‍ക്കുന്ന നിരവധി പേര്‍. മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുഞ്ഞുങ്ങളുടെ കണ്ണീര്‍ കരളലിയിക്കുന്നതായി. മക്കളെ കൈവിട്ടുപോയതില്‍ ഹൃദയം തകര്‍ന്നിരിക്കുന്ന അച്ഛനമ്മമാര്‍. പ്രകൃതിയുടെ സംഹാരതാണ്ഡവത്തിന് മുന്നില്‍ മനുഷ്യര്‍ നിസഹായരായിപ്പോവുന്ന കാഴ്ച. കഴിഞ്ഞയാഴ്ച വരെ ജനങ്ങള്‍ തിങ്ങിപ്പാര്‍ത്ത പ്രദേശങ്ങള്‍ പാഴ്ഭൂമിയായി മാറിയിരിക്കുന്നു.
ഒരുപാട് സ്വപ്‌നങ്ങളുമായി നല്ല പ്രഭാതം പ്രതീക്ഷിച്ച് ഉറങ്ങാന്‍ കിടന്ന മനുഷ്യരാണ് മണ്ണിനും കല്ലിനുമൊപ്പം ചാലിയാര്‍ പുഴയിലൂടെ ഒഴുകിപ്പോയത്. 2018ലെ മഹാപ്രളയം മുതലിങ്ങോട്ട് പ്രകൃതി ദുരന്തങ്ങളില്‍ കേരളത്തിന് നഷ്ടമായത് ആയിരത്തിലേറെ മനുഷ്യജീവനുകളാണ്. ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലുമാണ് അഞ്ഞുറോളം ജീവനുകള്‍ പൊലിഞ്ഞത്. കവളപ്പാറ, പുത്തുമല, പെട്ടിമുടി, കൊക്കയാര്‍…ഇങ്ങനെ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ മാത്രം നിരവധി മഹാദുരന്തങ്ങള്‍.
ഓരോ ദുരന്തകാലത്തും നാം ചര്‍ച്ച ചെയ്യുന്ന രണ്ട് കാര്യങ്ങളാണ് മുന്നറിയിപ്പും ദുരന്തനിവാരണവും. ചൂരല്‍മലദുരന്തത്തില്‍ മുന്നറിയിപ്പ് ഉണ്ടായിരുന്നിട്ടും കേരള സര്‍ക്കാര്‍ എന്ത് ചെയ്തു എന്ന കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷായുടെ ചോദ്യത്തിനെതിരെ പിണറായി വിജയന്‍ രംഗത്തെത്തുന്നത് കണ്ടു. മുഖ്യമന്ത്രിയുടെ വാദങ്ങളെ ചില മാധ്യമങ്ങളും ഏറ്റെടുക്കുകയുണ്ടായി. അതിതീവ്രമഴയുടെ മുന്നറിയിപ്പ് ഉണ്ടായിരുന്നില്ല എന്നാണ് പ്രധാന വാദം. എന്നാല്‍ വസ്തുത ഇങ്ങനെയാണ്. കേന്ദ്രകാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ജൂലൈ 18 ന് പുറത്തിറക്കിയ കാലാവസ്ഥ പ്രവചനത്തില്‍ ജൂലൈ 25 മുതല്‍ ഓഗസ്റ്റ് 1 വരെ കേരളത്തില്‍ സാധാരണയിലും കവിഞ്ഞ മഴ പെയ്യുമെന്ന മുന്നറിയിപ്പ് ഉണ്ടായിരുന്നു. ഓറഞ്ച് അലേര്‍ട്ടായിരുന്നു ഈ ദിനങ്ങളില്‍.
ജൂലൈ 25 വ്യാഴാഴ്ചയിലെ കാലാവസ്ഥാ പ്രവചനവും കേരളത്തില്‍ അതിശക്തമായ മഴ പ്രവചിക്കുന്നു. ദുരന്തത്തിന് അഞ്ച് ദിവസം മുമ്പത്തെ മുന്നറിയിപ്പില്‍ 29, 30 തിയതികളില്‍ കേരളത്തില്‍ തീവ്രമഴ മുന്നറിയിപ്പാണ് നല്‍കിയത്. ഉരുള്‍പൊട്ടലുണ്ടായ ജൂലൈ 29 ന് രാവിലെ ഈ മേഖലകളില്‍ ഓറഞ്ച് അലേര്‍ട്ട് അഥവാ തീവ്രമഴമുന്നറിയിപ്പ് നല്‍കിയിരുന്നു. ഓറഞ്ച് അലേര്‍ട്ടിന് അര്‍ഥം തയാറെടുക്കുക എന്നാണ്. എന്നുവച്ചാല്‍ മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍, വെള്ളപ്പൊക്ക സാധ്യത മേഖലകളില്‍ നിന്ന് ആളുകളെ മാറ്റിപ്പാര്‍പ്പിക്കേണ്ടിയിരുന്നു.
കാലാവസ്ഥ വ്യതിയാനം കേരളത്തില്‍ അതിതീവ്രമഴ പെയ്യിക്കും എന്നത് 2018ലെ മഹാപ്രളയകാലത്ത് നാം പഠിച്ചതാണ്. അപ്പോള്‍ തീവ്രമഴ, അതിതീവ്രമാകും എന്ന് അധികാരികള്‍ പ്രതീക്ഷിക്കേണ്ടതാണ്. മാത്രമല്ല, ഈ പ്രദേശത്ത് ചെറിയ ഉരുള്‍പൊട്ടലിനുള്ള സാധ്യയുണ്ടെന്ന മുന്നറിയിപ്പുമുണ്ടായിരുന്നു. മുണ്ടക്കൈയ്‌ക്ക് മുകളില്‍ മലയില്‍ ഉരുള്‍പൊട്ടുന്നു എന്ന് 29ന് പകല്‍ നാട്ടുകാര്‍ മാധ്യമങ്ങളെ അറിയിക്കുകയുണ്ടായി. ആളുകളോട് മാറണമെന്ന് അഭ്യര്‍ഥിച്ചിരുന്നതായി പഞ്ചായത്തധികൃതര്‍ പറയുന്നു. അപ്പോഴെല്ലാം ജില്ലാ ഭരണകൂടം ഉറങ്ങുകയായിരുന്നോ എന്ന ചോദ്യം അവശേഷിക്കുന്നു.
മേപ്പാടി മേഖലയില്‍ ഉരുള്‍പൊട്ടലുണ്ടാവും എന്ന് ”തീരെ പ്രതീക്ഷിച്ചില്ല” എന്നാണ് പിണറായി വിജയന്‍ പറയുന്നത്. 2020ല്‍ മുഖ്യമന്ത്രിയുടെ കീഴിലുള്ള കേരളദുരന്തനിവാരണ അതോറിറ്റി തയാറാക്കിയ റിപ്പോര്‍ട്ടില്‍ ഈ മേഖലയില്‍ നിന്ന് നാലായിരത്തോളം കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കേണ്ടതാണെന്ന് പറയുന്നു. ജില്ലാ ദുരന്തനിവാരണ അതോറിറ്റി തയാറാക്കിയ പതിനെട്ട് ഉരുള്‍പൊട്ടല്‍ സാധ്യതാമേഖലകളില്‍പ്പെട്ടതാണ് മുണ്ടക്കൈ. ഈ വര്‍ഷം ആദ്യമാണ് ദല്‍ഹി ഐഐടി, രാജ്യത്തെ ഉരുള്‍പൊട്ടല്‍ സാധ്യതാ മേഖലകളുടെ മാപ്പ് തയാറാക്കിയത്. ഐഐടി മാപ്പില്‍ ഇപ്പോള്‍ ദുരന്തമുണ്ടായ മേഖലകളെല്ലാം അങ്ങേയറ്റം അപകടസാധ്യതയുള്ള പ്രദേശങ്ങളില്‍ ഉള്‍പ്പെടുന്നു. ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദേശപ്രകാരം 2019ല്‍ ഹ്യൂം സെന്റര്‍ നടത്തിയ പഠനത്തില്‍ ഉരുള്‍പൊട്ടല്‍ സാധ്യത സോണ്‍ ഒന്നില്‍ ഉള്‍പ്പെടുന്ന പ്രദേശമാണ് മേപ്പാടിയും പരിസരങ്ങളും. ഇതിന് പുറമെയാണ് മാധവ് ഗാഡ്ഗില്‍, കസ്തൂരി രംഗന്‍, ഉമ്മന്‍ വി.ഉമ്മന്‍ കമ്മിറ്റികളുടെ പഠന റിപ്പോര്‍ട്ടുകള്‍. ഇത്രയുമുണ്ടായിട്ടും മുഖ്യമന്ത്രിക്ക് ബോധ്യപ്പെട്ടിട്ടില്ലെങ്കില്‍ ഭരണാധികാരിയെന്ന നിലയില്‍ അദ്ദേഹം തികഞ്ഞ പരാജയമാണ്.
ദുരന്തനിവാരണത്തില്‍ മുഖ്യമാണ് മികച്ച ചികിത്സാ സൗകര്യങ്ങള്‍. സര്‍ക്കാര്‍ മേഖലയില്‍ പൂര്‍ണസജ്ജമായ ആതുരാലയം ഇന്നും മലയോര ജില്ലയ്‌ക്ക് കിട്ടാക്കനിയാണ്. വന്യജീവി ആക്രമണത്തില്‍ പരുക്കേറ്റവര്‍ വിദഗ്ധ ചികിത്സ കിട്ടാതെ മരിക്കുന്നത് വയനാട്ടില്‍ പലതവണ കണ്ടു. ഉരുള്‍പൊട്ടലില്‍ ഗുരുതരമായി പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ നല്‍കാന്‍ പര്യാപ്തമല്ല വയനാട് മെഡിക്കല്‍ കോളജ്. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ജില്ലാ ആശുപത്രിയുടെ ബോര്‍ഡ് മാറ്റി മെഡിക്കല്‍ കോളജ് എന്ന് വച്ചതല്ലാതെ കാര്യമായ മാറ്റങ്ങളുണ്ടായില്ല. ചുരമിറങ്ങി കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തുമ്പോഴേക്കും ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ടാവും.
അനധികൃത ക്വാറികളാണ് വയനാട്ടിലെ പ്രധാന വില്ലന്‍മാരെന്ന് കൊച്ചുകുട്ടികള്‍ക്ക് പോലുമറിയാം. മേപ്പാടി മേഖലയിലെ അനധികൃത ക്വാറികള്‍ക്കെതിരെ നാട്ടുകാര്‍ നിരവധി സമരങ്ങള്‍ നടത്തിയിട്ടുണ്ട്. ജില്ലാ ദുരന്തനിവാരണ അതോറിറ്റി, ദുരന്തമേഖലയായി കണക്കാക്കിയിട്ടുള്ളിടത്ത് തന്നെ ക്വാറിക്ക് അനുമതിയും ലഭിച്ചു. ഇപ്പോള്‍ ദുരന്തമുണ്ടായ വെള്ളരിമല, കാന്തന്‍പാറ, സൂചിപ്പാറ മുതലായി അങ്ങേയറ്റം പരിസ്ഥിതി ലോലമായ മേഖലകളില്‍പ്പോലും ക്വാറികള്‍ക്ക് അനുമതി നല്‍കിയത് ഈ സര്‍ക്കാരാണ്. ഗ്രാമസഭകളുടെ എതിര്‍പ്പിനെ കാറ്റില്‍പ്പറത്തി ക്വാറികള്‍ പ്രവര്‍ത്തിക്കുന്നത് എങ്ങനെയെന്ന് പിണറായി വിജയന്‍ വ്യക്തമാക്കണം. ഭരണകക്ഷിയായ സിപിഎമ്മിന് ലഭിച്ച സംഭാവനകളില്‍ മൂന്നിലൊന്നും ക്വാറിക്കാരുടേതാണെന്ന, തെരഞ്ഞെടുപ്പ് കമ്മിഷന് മുന്നില്‍വച്ച കണക്കും ഇതിനോട് ചേര്‍ത്ത് വായിക്കണം.
237 നിയമവിരുദ്ധ റിസോര്‍ട്ടുകള്‍ സംസ്ഥാനത്ത് ഉള്ളതില്‍ 97 എണ്ണവും വയനാട്ടിലാണ്. 2018 ല്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് നടത്തിയ പഠനത്തില്‍ ഇത്തരം നിര്‍മാണങ്ങള്‍ നടന്നമേഖലകളില്‍ ഉരുള്‍പൊട്ടല്‍ സാധ്യത മറ്റിടങ്ങളെക്കാള്‍ മൂന്നിരട്ടിയെന്ന് കണ്ടെത്തിയിട്ടുണ്ട്. 2015ല്‍ ദുരന്തനിവാരണ സമിതി അധ്യക്ഷന്‍കൂടിയായ ജില്ലാ കലക്ടര്‍ കെട്ടിടങ്ങളുടെ ഉയരത്തിന്റെ കാര്യത്തില്‍ നിയന്ത്രണം കൊണ്ടുവന്നു. പക്ഷേ അന്നത്തെ ഭരണക്കാരായിരുന്ന യുഡിഎഫിന്റെ പിന്തുണയില്‍ റിസോര്‍ട്ട് –ഭൂ മാഫിയ ഈ ഉത്തരവ് അട്ടിമറിച്ചു. അമ്പുകുത്തി മലയും എടയ്‌ക്കല്‍ ഗുഹയും പോലെ യുനെസ്‌കോയുടെ പൈതൃക പട്ടികയില്‍ ഇടംപിടിക്കാന്‍ യോഗ്യതയുള്ള അപൂര്‍വസമ്പത്തുകള്‍ പോലും റിസോര്‍ട്ട് ലോബിയുടെ വെല്ലുവിളി നേരിടുകയാണ്.
സുസ്ഥിരവികസന പദ്ധതികള്‍ മാത്രമേ പാടുള്ളൂ എന്ന് ശാസ്ത്രലോകം ഒന്നടങ്കം പറയുന്ന വയനാടിനെ ചൂഷണം ചെയ്യാനെത്തിയവര്‍ക്ക് കേരളം മാറിമാറി ഭരിച്ചവര്‍ എക്കാലവും കൂട്ടുനിന്നു. മേപ്പാടി മുതല്‍ മുണ്ടക്കൈ വരെ കുന്നിടിച്ച് പണിതിട്ടുള്ള റിസോര്‍ട്ടുകള്‍ വയനാട്ടുകാരുടെ ജീവനും സ്വത്തിനുമുയര്‍ത്തിയ ഭീഷണി ‘ഉലകം ചുറ്റുന്ന’ ടൂറിസം മന്ത്രി കണ്ടില്ലെന്ന് നടിച്ചു. മേപ്പാടിയിലെ തന്റെ ആയിരം ഏക്കറില്‍ ‘എയര്‍സ്ട്രിപ് പണിയണം’ എന്ന ബോബി ചെമ്മണ്ണൂരിന്റെ നിര്‍ദേശത്തിന് നവകേരളസദസില്‍ കയ്യടിച്ചത് മുഖ്യമന്ത്രിയും ടൂറിസം മന്ത്രിയുമാണ്.! മലനിരകള്‍ തുരന്ന് നിര്‍മിക്കുന്ന എയര്‍സ്ട്രിപ്പുകളും കണ്ണാടിപ്പാലങ്ങളും കൂറ്റന്‍ റിസോര്‍ട്ടുകളുമാണ് ഉത്തരവാദിത്ത ടൂറിസം എന്ന് കരുതുന്ന ടൂറിസംമന്ത്രിയുടെ അജ്ഞതയും കേരളത്തിന്റെ ശാപമാണ്.
ദുരന്തത്തെ തുടര്‍ന്ന് ശാസ്ത്രലോകത്തിന്റെ വായടപ്പിക്കാന്‍ നടത്തിയ ശ്രമത്തിന് പിന്നില്‍ ക്വാറി- റിസോര്‍ട്ട് മാഫിയയുടെ സ്വാധീനമാണ് എന്ന് ആര്‍ക്കാണറിയാത്തത്? മുറിവേറ്റ മലയാണ് മനുഷ്യജീവനെടുത്തത് എന്ന യാഥാര്‍ഥ്യം ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടും എന്ന ആശങ്കയിലാണ് തീര്‍ത്തും ജനാധിപത്യവിരുദ്ധമായ ആ ഉത്തരവ് റവന്യൂ സെക്രട്ടറി ഇറക്കിയത്. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ അറിവില്ലാതെ അത്തരമൊരു ഉത്തരവ് ഇറങ്ങില്ലെന്ന് ഉറപ്പ്. ഫാസിസത്തിനെതിരെ തൊണ്ടകീറുന്നവര്‍ ഇത്തരം ഉത്തരവുകളെ എന്ത് പേരിട്ട് വിളിക്കും? ദുരന്തമേഖലയില്‍ നിന്ന് ശേഖരിക്കുന്ന മണ്ണിന്റെയും വെള്ളത്തിന്റെയും പാറയുടെയുമെല്ലാം സാംപിളുകള്‍ തുടര്‍പഠനങ്ങള്‍ക്ക് ഏറെ അനിവാര്യമാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
ദുരന്തത്തിന്റെ ഒന്നാം ദിനം മുതല്‍ പിരിവിന്റെ കണക്ക് വായിക്കുന്ന മുഖ്യമന്ത്രിയുടെ ശൈലി രാഷ്‌ട്രീയ അശ്ലീലതയാണ്. മനുഷ്യര്‍ മണ്ണിനടിയില്‍ കിടക്കുമ്പോള്‍ കാശെണ്ണാന്‍ കമ്യൂണിസ്റ്റുകാരനേ കഴിയൂ. മഹാപ്രളയകാലത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് വന്ന പണം പാര്‍ട്ടിക്കാര്‍ അടിച്ചുമാറ്റിയതും ഇഷ്ടക്കാര്‍ക്ക് വീതം വച്ചതും കേരളം കണ്ട യാഥാര്‍ഥ്യങ്ങളാണ്. അതിനാലാണ് ജനങ്ങളില്‍ സംശയമുണ്ടാവുന്നത്. വിമര്‍ശിക്കുന്നവര്‍ക്കെതിരെ കേസെടുത്താല്‍ യാഥാര്‍ഥ്യം ഇല്ലാതാവില്ല. ദുരന്തമേഖലയുടെ പുനര്‍നിര്‍മാണത്തിന് വലിയ പിന്തുണ ആവശ്യമാണ് എന്നതില്‍ സംശയമില്ല. കഴിയുന്നത്ര സാമ്പത്തിക സഹായമെത്തിക്കാന്‍ നമുക്കാവണം. പക്ഷേ അത് ഭരണകക്ഷിക്കാര്‍ അടിച്ചുമാറ്റില്ല എന്ന് മുഖ്യമന്ത്രി ഉറപ്പാക്കണം. അമൃത വിശ്വവിദ്യാപീഠം പോലുള്ള സ്ഥാപനങ്ങള്‍ക്ക് ഉരുള്‍പൊട്ടല്‍ മുന്നറിയിപ്പ് നല്‍കാനുള്ള സാങ്കേതിവിദ്യയുണ്ടെന്ന് പെട്ടിമുടി ദുരന്തസമയത്ത് കേട്ടു. അത്തരം സേവനങ്ങള്‍ സര്‍ക്കാര്‍ പ്രയോജനപ്പെടുത്തണം.
ദുരന്തമുന്നറിപ്പ് നല്‍കിയ ഉടന്‍ തന്നെ എന്‍ഡിആര്‍എഫ് സംഘത്തെ വയനാട്ടിലേയ്‌ക്കയച്ച കേന്ദ്രസര്‍ക്കാര്‍ മാതൃകാപരമായ ഇടപെടലാണ് നടത്തിയത്. ദുരന്തത്തിന് ശേഷവും ഭാരതീയസേനയുടെ ഇടപെടലാണ് ആയിരക്കണക്കിന് ജീവനുകള്‍ രക്ഷിച്ചത്. ഒറ്റപ്പെട്ടുപോയ മുണ്ടക്കൈയെ ഒറ്റദിവസത്തെ വിശ്രമമില്ലാത്ത അധ്വാനത്തില്‍ തീര്‍ത്ത പുതിയ പാലത്തിലൂടെ സേന തിരികെ പിടിച്ചു. മണ്ണുമാന്തി യന്ത്രങ്ങള്‍ മുതല്‍ ആംബുലന്‍സുകള്‍ വരെ ബെയ്‌ലിപാലത്തിലൂടെ സുഗമമായി അക്കരയെത്തിയത് ഭാരതീയ സേനയുടെ ഇച്ഛാശക്തിയുടെ വിജയമാണ്. എന്‍ഡിആര്‍എഫ്, കര, നാവിക സേനാംഗങ്ങള്‍, തീരസംരക്ഷണ സേന, വിവിധ സംസ്ഥാന സേനകള്‍, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവരുടെ സേവനം അഭിമാനകരമാണ്. മരിച്ചവരുടെ ബന്ധുക്കള്‍ക്കും പരിക്കേറ്റവര്‍ക്കും ഒന്നാം ദിനം തന്നെ ധനസഹായം പ്രഖ്യാപിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി വയനാടിന്റെ കൈപിടിക്കുമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ട്.
ലോക്‌സഭാ പ്രതിപക്ഷ നേതാവ് അഞ്ചുവര്‍ഷം പ്രതിനിധീകരിച്ച മണ്ഡലമാണ് വയനാട്. അദ്ദേഹത്തിന്റെ രാഷ്‌ട്രീയ താല്‍പര്യങ്ങള്‍ മൂലം മലയോര ജനതയ്‌ക്ക് ഇപ്പോള്‍ പാര്‍ലമെന്റില്‍ പ്രതിനിധിയുമില്ല. ‘ദുരന്തവിനോദസഞ്ചാരത്തിന്’ വയനാട്ടിലെത്തുന്ന രാഹുല്‍ഗാന്ധി മലയോര സംരക്ഷണത്തിനായി കഴിഞ്ഞ അഞ്ചുവര്‍ഷം എന്ത് ചെയ്തു? കവളപ്പാറയിലും പുത്തുമലയിലും സകലതും നഷ്ടപ്പെട്ട കര്‍ഷകര്‍ക്ക് ബാങ്കുകള്‍ ജപ്തി നോട്ടീസ് നല്‍കിയ വിവരം അദ്ദേഹത്തിന് അറിയുമോ? വയനാടിന്റെ ചെലവില്‍ സഹോദരിയെ പാര്‍ലമെന്റിലെത്തിക്കാന്‍ പരിശ്രമിക്കുന്ന മുന്‍ എം.പിയും ഈ ദുരന്തത്തിന് പരോക്ഷമായെങ്കിലും ഉത്തരവാദിയാണ്.
മണ്ണിനെ മാനിക്കണം എന്ന സന്ദേശം രാജ്യത്തിന് നല്‍കാനാണ് വയനാടന്‍ മണ്ണിനെ അറിഞ്ഞും പരിപാലിച്ചും ജീവിക്കുന്ന ചെറുവയല്‍ രാമനെ നരേന്ദ്രമോദി സര്‍ക്കാര്‍ പത്മ പുരസ്‌കാരം നല്‍കി ആദരിച്ചത്. പ്രകൃതിയെ ബലാത്സംഗം ചെയ്യുന്ന റിസോര്‍ട്ട് ലോബിയല്ല, ചെറുവയല്‍ രാമനെപ്പോലെ അവളെ കരുതുന്ന ജീവിതശൈലിയാണ് വയനാടിന് ആവശ്യം. പ്രൊഫ.മാധവ് ഗാഡ്ഗിലിനെപ്പോലുള്ളവര്‍ പറഞ്ഞ ചില കാര്യങ്ങളെങ്കിലും പ്രാവര്‍ത്തികമാക്കാന്‍ മലയോര ജനത തയാറാവണം എന്നുകൂടിയാണ് ഈ ദുരന്തം പഠിപ്പിക്കുന്നത്. ഓര്‍ക്കുക, വരുംതലമുറയ്‌ക്കു കൂടി അവകാശപ്പെട്ടതാണ് നമ്മുടെ പശ്ചിമഘട്ടം.
(മുന്‍ കേന്ദ്രവിദേശകാര്യ-പാര്‍ലമെന്ററികാര്യ സഹമന്ത്രിയാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: