ന്യൂദല്‍ഹി: വയനാട്ടിലെ ഉരുള്‍പൊട്ടലും കേരളത്തിലെ വിവിധ ജില്ലകളിലെ കനത്തമഴയും കണക്കിലെടുത്ത് ദുരിതബാധിതര്‍ക്ക് ഇന്‍ഷുറന്‍സ് ക്ലെയിമുകള്‍ സംബന്ധിച്ച് സാധ്യമായ എല്ലാ സഹായവും പിന്തുണയും നല്കാന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം. ഇന്‍ഷുറന്‍സ് ക്ലെയിമുകള്‍ക്കുള്ള നടപടിക്രമങ്ങള്‍ എത്രയും വേഗത്തില്‍ പൂര്‍ത്തിയാക്കി പണം കൈമാറാനാണ് പൊതുമേഖല ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് കേന്ദ്രം നിര്‍ദേശം നല്‍കിയത്. കേന്ദ്രധനകാര്യ മന്ത്രാലയമാണ് ഇത് സംബന്ധിച്ച് നിര്‍ദേശം കൈമാറിയത്.
എല്‍ഐസി, നാഷണല്‍ ഇന്‍ഷുറന്‍സ്, ന്യൂഇന്ത്യ അഷുറന്‍സ്, ഓറിയന്റല്‍ ഇന്‍ഷുറന്‍സ്, യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് എന്നിവര്‍ക്കാണ് ഇതുസംബന്ധിച്ച് നിര്‍ദേശം കൈമാറിയത്. പ്രധാനമന്ത്രി ജീവന് ജ്യോതി ബീമാ യോജനക്ക് കീഴിലുള്ള പോളിസി ഉടമകളുടെ ക്ലെയിം തുക വേഗത്തില്‍ വിതരണം ചെയ്യാന്‍ എല്‍ഐസിയോട് ആവശ്യപ്പെട്ടതായും കേന്ദ്രം വ്യക്തമാക്കി.
കേരളത്തിലെ നിര്‍ഭാഗ്യകരമായ ഉരുള്‍പൊട്ടലും കനത്തമഴയും കണക്കിലെടുത്ത് ദുരന്തത്തിന്റെ ഇരകളായവര്‍ക്ക് സാധ്യമായ എല്ലാ പിന്തുണയും നല്‍കുന്നതിനായി നടപടിക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി പണം കൈമാറാന്‍ നിര്‍ദേശിച്ചതായി കേന്ദ്രധനകാര്യമന്ത്രാലയം എക്സില്‍ കുറിച്ചു. വയനാട്, പാലക്കാട്, കോഴിക്കോട്, മലപ്പുറം, തൃശ്ശൂര്‍ ജില്ലകളിലെ സഹായത്തിനായി വിവരങ്ങള്‍ നല്‍കുന്നതിന് ഇന്‍ഷുറന്‍സ് കമ്പനികള്‍ വിവിധ മാര്‍ഗങ്ങള്‍ (പത്രങ്ങള്‍, സോഷ്യല്‍ മീഡിയ, കമ്പനി വെബ്സൈറ്റുകള്‍, എസ്എംഎസ് മുതലായവ) വഴി പോളിസി ഉടമകളെ ബന്ധപ്പെടാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.
ക്ലെയിം തുകയുടെ വേഗത്തിലുള്ള വിതരണം ഉറപ്പാക്കാന്‍ അവ പ്രോസസ് ചെയ്യുന്നതിന് ആവശ്യമായ ഡോക്യുമെന്റേഷനില്‍ സമഗ്രമായ ഇളവ് വരുത്തിയിട്ടുണ്ട്. വേഗത്തിലുള്ള നടപടികള്‍ ഉറപ്പാക്കാന്‍ ഇന്‍ഷുറന്‍സ് കമ്പനികളുമായുള്ള ഏകോപനത്തിന് ജനറല്‍ ഇന്‍ഷുറന്‍സ് കൗണ്‍സിലിനെ ചുമതലപ്പെടുത്തി. ക്ലെയിം സ്റ്റാറ്റസ് എല്ലാ ദിവസവും റിപ്പോര്‍ട്ട് ചെയ്യുന്നതിനായി പോര്‍ട്ടലും ആരംഭിക്കും. കേന്ദ്രസര്‍ക്കാരും ധനകാര്യമന്ത്രാലയവും ഈ ദുരന്തത്തിന്റെ ഇരകളെ പിന്തുണക്കുന്നതിനും ആവശ്യമായ സഹായം കാലതാമസവും പ്രശ്നങ്ങളും കൂടാതെ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും പ്രതിജ്ഞാബദ്ധരാണെന്നും മന്ത്രാലയം എക്സ് കുറിപ്പില്‍ വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: