യാത്ര തുടങ്ങുമ്പോള്‍ ചിന്തിച്ചിരുന്നില്ല… അത് നാടിച്ചിയുടെ ജീവിതക്കാഴ്ചകളിലേക്കുള്ളതാണെന്ന്.
കോഴിക്കോടു നിന്ന് ലതികയോടൊപ്പം ട്രെയിനില്‍ കയറുമ്പോള്‍ ഒറ്റ ലക്ഷ്യമായിരുന്നു ഉണ്ടായിരുന്നത്.ഒലവക്കോടിറങ്ങി അട്ടപ്പാടിയിലെത്തി വട്ടയെ കണ്ടു പിടിക്കുക. വട്ടയുടെ അറിവിലുള്ള കാട്ടുമരുന്നുകള്‍ക്ക് അത്രയേറെ പ്രചാരമാണെന്നാണ് കിര്‍ത്താഡ്‌സില്‍ നടന്ന ‘നെറതിങ്ക’ പരിപാടി കാണാന്‍ പോയപ്പോള്‍ വൈദ്യക്യാമ്പില്‍ കണ്ടു പരിചയപ്പെട്ട ആപ്പാരി പറഞ്ഞത്. ഷൊര്‍ണൂര്‍ സ്റ്റേഷനെത്തുന്നതുവരെയും ഞങ്ങള്‍ പൊതു കാര്യങ്ങള്‍ വിഷയമാക്കി സംസാരിച്ചുകൊണ്ടിരുന്നു. ഭാരതപ്പുഴ സ്റ്റേഷന്‍ കഴിഞ്ഞ് ട്രെയിനിന്റെ വേഗത ഒന്നു കുറഞ്ഞുവോ എന്നു തോന്നി. പുറം കാഴ്ചകളില്‍ അധികം ശ്രദ്ധ ചെലുത്താതെ ഇരിക്കുകയായിരുന്നു ലതിക. പെട്ടെന്ന് എന്നെ തട്ടിമാറ്റി ജനലിലൂടെ പുറത്തേക്കു നോക്കി ലതിക വിളിച്ചു പറഞ്ഞു.
നാടിച്ചി…
‘നാടിച്ചിയോ?’ ഞാന്‍ ചോദിച്ചു.
‘അതെ… നാടിച്ചി.’
ആരാണവര്‍? എന്ന ചോദ്യത്തിനു കൃത്യമായ ഉത്തരം നല്കാതെ ലതിക പറഞ്ഞുകൊണ്ടിരുന്നു.’നാടിച്ചി സുന്ദരിയായിരുന്നത്രേ. അഴകുള്ളവള്‍. അമ്മ പറയുമായിരുന്നു. പക്ഷേ ഞാന്‍ കാണുമ്പോള്‍ … ‘
‘അതെന്താ … സൗന്ദര്യം പൊയ്‌പോയോ?’
അതിനും മറുപടിയില്ല.
‘മാറിടത്തിനു നടുവില്‍ കറുത്തൊരു പാട്. അതിങ്ങനെ പൊന്തി നില്‍ക്കും. പൊള്ളിയ പാടുപോലെ… എന്നാലും…
മുറുക്കി മുറുക്കി കറപിടിച്ച പല്ലുകളും… ചളി പിടിച്ചതോര്‍ത്തുമുണ്ടുകൊണ്ട് വൃഥാ മാറുമറയ്‌ക്കുവാന്‍ ശ്രമിച്ച്…’
‘പിന്നെയോ? ‘എന്റെ ചോദ്യത്തിനുത്തരം ഉടനെത്തന്നെ കിട്ടി.
‘അല്ല, മുറുക്കി ചുണ്ടു വെളുത്തിട്ട്ണ്ട്. ചുണ്ടുമാത്രല്ല, ചുണ്ടിനു ചുറ്റും വെള്ളയാ…’
‘നാടിച്ചി ഒരു കഥാപാത്രം തന്നെയാണല്ലേ?’ ഞാന്‍ അദ്ഭുതം കൂറി.
‘ഗ്രാമത്തില് നാടിച്ചിക്ക് ഒരു പ്രണയോം ഉണ്ടായിരുന്നത്രേ… പൂവണിയാത്ത പ്രണയം അന്നൂണ്ട് ല്ലെ…’ ഇത്രയും പറഞ്ഞ് ലതിക നിശബ്ദയായി.
അട്ടപ്പാടിയിലെത്തി പലരോടു തിരക്കിയെങ്കിലും വട്ടയെ അന്ന് കണ്ടെത്താനായില്ല. പോയ കാര്യം നടക്കാത്തതില്‍ നിരാശ തോന്നിയെങ്കിലും കോഴിക്കോട് തിരിച്ചെത്തിയ ശേഷവും മനസ്സ് അസ്വസ്ഥമായിരുന്നു. ഓര്‍ക്കാതെയിരിക്കാന്‍ ശ്രമിച്ചെങ്കിലും നാടിച്ചി എന്റെ കണ്ണില്‍ നിന്നടരുന്നില്ല. അട്ടപോലെ കടിച്ചു തൂങ്ങി നില്‍ക്കുകയാണ്.
ഏറെ വൈകി രാത്രി ഉറങ്ങാന്‍ കിടന്നപ്പോഴും നാടിച്ചി ഒരൊഴിയാബാധ പോലെ പിടികൂടിയിരിക്കയാണ്. എഴുത്തു മേശയുടെ അരികില്‍ ചെന്ന് ലൈറ്റിട്ടു. പെന്നും പേപ്പറുമെടുത്ത് നാടിച്ചിക്ക് നിറം നല്‍കിത്തുടങ്ങി.
നാടിച്ചിയുടെ പ്രണയ കഥ. തളുമ്പിരയെ പ്രണയിച്ച കഥ. പടിഞ്ഞാറ്റു കണ്ടത്തിന്റെ വരമ്പില്‍ നിന്നാണത്രേ ആ പ്രണയം മൊട്ടിട്ടത്. ഒരു ദിവസം കൊയ്‌തെടുത്ത കറ്റയുടെ കെട്ട് ചുമടേറ്റിക്കൊണ്ട് വരാംഗി നാടിച്ചി പടിഞ്ഞാറ്റു കണ്ടത്തിന്റെ ഇടവരമ്പ് മുറിച്ച് കടക്കുകയായിരുന്നു. അവളുടെ കാല്‍ വഴുതിയത് എതിരെ നടന്നു വരുന്ന തളുമ്പിര കണ്ടിട്ടുണ്ടാകാം. അതു കൊണ്ടാവും അവളുടെ ഭംഗിയുള്ള അരക്കെട്ടില്‍ അന്ന് അയാള്‍ വരിഞ്ഞു ചുറ്റിപ്പിടിച്ചത്. നിതംബിനിയായ അവളോടുള്ള ഇഷ്ടം അന്നു തുടങ്ങിയിട്ടുണ്ടാവാം.
തന്നെ ആദ്യമായി സ്പര്‍ശിച്ച തളുമ്പിരയെ നെഞ്ചകത്തില്‍ കൊണ്ടു നടന്ന നാടിച്ചി നെടുനാള്‍ കഴിഞ്ഞിട്ടും ആരോടും ഇഷ്ടം പങ്കുവച്ചില്ല. ഉള്ളിനുള്ളില്‍ ആ പ്രണയം അതേപോലെ താഴിട്ടുപൂട്ടി.
അന്നൊരിക്കല്‍ നെടുമ്പുരയുടെ സമീപമുള്ള ചായ്ച്ച കുളിമുറിയില്‍ നാടിച്ചി കുളിക്കുകയായിരുന്നു. അവളുടെ പൊന്മേനി അഴകില്‍ മതിമറന്ന വെള്ളന്റെ ഒളിഞ്ഞുനോട്ടം കണ്ട് തളുമ്പിര അവനെയെടുത്ത് നന്നായൊന്ന് പെരുമാറി. ആ ബഹളത്തില്‍ മാറിടം മറയ്‌ക്കാതെ പുറത്തെത്തിയ നാടിച്ചിയെ തളുമ്പിര നന്നായൊന്ന് കണ്ടു. അവളുടെ ഉയര്‍ന്ന മാറിടത്തിനിടയിലെ കറുത്ത മറുക് അവനൊരു ഞെട്ടലായി. ആ മറുക് അവള്‍ക്കൊരഴകായി തോന്നിയില്ല. പിന്നെ അവന്‍ നടന്നകന്നു.
നാടിച്ചിയുടെ ഹൃദയം മിടിച്ചു.അവനെനിക്കുള്ളതാണ്… അവന് പ്രണയമാണെന്നെ… എന്റെ മറുക് ആദ്യമായി കണ്ടവന്‍.അവളുടെ ചുണ്ടുകള്‍ പതുക്കെ മന്ത്രിച്ചു. നാണം കൊണ്ടവള്‍ കൈകള്‍ പിണച്ചു.
നാടിച്ചി കളങ്കമറ്റ മനസ്സോടുകൂടി ചിന്തിച്ചുകൂട്ടി. തളുമ്പിരയുടേതായി ത്തീരുന്ന ദിനത്തിനവള്‍ കാത്തു കാത്തിരുന്നു. അവന്‍ വരും… തന്റെ പ്രണയാതുരമായ മനസ്സറിയും. ഒരു നാള്‍ അവന്‍ വികാര പരവശനായി വന്ന് ചോദിക്കും… ‘നാടിച്ചീ… നീ എന്റെ കൂടെ പോരുന്നോ? ദൈവങ്ങളെ സാക്ഷിയാക്കി നിന്നെ ഞാനെന്റെ നെഞ്ചോടു ചേര്‍ക്കാം.’ ആ നിമിഷങ്ങള്‍ക്കായി അവള്‍ മനക്കോട്ട കെട്ടി.
ഓരോ തവണയും തളുമ്പിരയെ അകലെ കാണുമ്പോഴേക്കും അവള്‍ ഒളിച്ചു നിന്നു. അവന്റെ മിഴികള്‍ തന്നെ തിരയുന്ന രംഗം അവള്‍ കണ്ടു കൊണ്ടേയിരുന്നു. അവന് തന്നോടുള്ള ഇഷ്ടം പെരുക്കുന്നത് അവള്‍ കിനാവു കണ്ടു. അവന്റെ പ്രണയം മൂത്ത് പൊട്ടുന്ന അവസ്ഥയില്‍ തളുമ്പിരയുടേതാകാന്‍ അവളാശിച്ചു. അന്നവന്‍ അറിയും …തന്റെ മാറിടത്തിലെ കറുത്ത തഴമ്പിന്റെ ശുഭലക്ഷണം. അന്നവന്‍ ആഹഌദം കൊണ്ട് മതിമറക്കുമ്പോള്‍ ആ നെഞ്ചിലമര്‍ന്ന് അവന്റേതാകണം.
ജനിച്ച ഉടനെ ആ മറുക് തെളിഞ്ഞു കണ്ടിരുന്നത്രേ. ഗ്രാമത്തിന്റെ നടപ്പുകാരന്‍ അന്നുതന്നെ നാടിച്ചിയുടെ തള്ള മാക്കയോട് പറഞ്ഞെന്ന്…’പെണ്ണ് ഋതുമതിയായ ശേഷം ഈ മറുക് ആദ്യമായി കാണുന്നവന്‍ അവളെ കെട്ടണം. അങ്ങനെയെങ്കില്‍ അതൊരു ശുഭലക്ഷണമായിത്തീരും. അല്ലെങ്കിലോ…?’
മാക്ക നടപ്പുകാരനോട് എത്രമാത്രം തിരക്കിയെങ്കിലും മറുകിന്റെ മറുവശം അയാള്‍ വെളിപ്പെടുത്തിയില്ല.
നാടിച്ചിയോട് മാക്ക പറഞ്ഞിരുന്നു, നിന്റെ മാറിടത്തിലെ മറുക് ആദ്യം കാണുന്നവനെ മാത്രമേ കെട്ടാവൂ എന്ന് .അല്ലെങ്കിലത് അശുഭമായിത്തീരുമെന്നും അവള്‍ വലുതായപ്പോള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. അതിനുശേഷം മാക്ക നടപ്പുദീനം വന്ന് ചികിത്സയും ഭക്ഷണവും കിട്ടാതെ മരണപ്പെടുകയും ചെയ്തു. മാക്ക ഗര്‍ഭം ധരിച്ചപ്പോള്‍ തന്നെ നാടിച്ചിയുടെ അപ്പന്‍ ഗ്രാമത്തിന്റെ നടുപ്പടവ് കയറി സ്ഥലം വിട്ടിരുന്നു.
നാടിച്ചി കുടിലില്‍ ഒറ്റയ്‌ക്കാണ്. എന്നെ വല്ലാത്തൊരു ഭയം പൊതിഞ്ഞു. അവളുടെ സൗന്ദര്യം കണ്ട് അവള്‍ക്കു ചുറ്റും ചൂഷകവൃന്ദങ്ങള്‍ കൂടിയിട്ടുണ്ടാവുമോ? അവളുടെ ശോഭനമായ മേനിയഴകില്‍ ആകൃഷ്ടരായി… അവളെങ്ങനെ പ്രതിരോധിച്ചിട്ടുണ്ടാകും? വേണ്ട, കഥ വഴി തിരിഞ്ഞു പോകേണ്ട.
നാടിച്ചി തളുമ്പിരയെ ഓര്‍ത്തോര്‍ത്ത് പ്രണയതാപത്താല്‍ ഇരിക്കുന്ന രംഗമാണ് കണ്ടുകൊണ്ടിരിക്കുന്നത്. അവളുടെ മാറിടത്തിലെ കറുത്തപാട് ആദ്യമായി കണ്ട തളുമ്പിരയ്‌ക്ക് അന്നു തന്നെ അവളോടുള്ള അനുരാഗം അറിയിക്കാമായിരുന്നില്ലേ? അവള്‍ അത്രയ്‌ക്ക് സൗന്ദര്യവതിയാണല്ലോ. സുമുഖിയായ നാടിച്ചി അവന്റേത് മാത്രമായിരിക്കണം. മറ്റൊന്ന് ചിന്തിക്കാന്‍ വയ്യ. എത്രയായിട്ടും അവന്‍ അവളോടടുക്കുന്നില്ലല്ലോ. ആ മറുക് അവള്‍ക്ക് ഒരാഭരണമായി തോന്നുന്നുണ്ട്.എന്നിട്ടും തളുമ്പിരയെന്തേ…?
ആകെ കുഴഞ്ഞുമറിഞ്ഞ അവസ്ഥ. തളുമ്പിരയെ പിന്‍തുടരാം. അവന്റെ കുടിലില്‍ നടപ്പുകാരന് കേറിപ്പറയാമായിരുന്നില്ലേ…? നിനക്കുള്ള പെണ്ണാണ് നാടിച്ചിയെന്ന്.
തളുമ്പിര നാടിച്ചിയെ കാണാന്‍ കൂട്ടാക്കിയില്ല. അകന്നകന്ന് അവളില്‍ നിന്നൊഴിഞ്ഞു നടന്നു.
തളുമ്പിര … നാടിച്ചിയെ നിനക്കറിയില്ലേ? നീയല്ലേ അവളെ ആദ്യമായി തൊട്ട പുരുഷന്‍? നീയല്ലേ അവളുടെ നിറവാര്‍ന്ന മാറിലെ മനോഹരമായ മറുക് ആദ്യം കണ്ടത്? ശുഭാംഗിയായ അവള്‍ക്ക് നിന്നെ മറക്കാന്‍ കഴിയില്ലൊരിക്കലും. ആ മറുക് ഉത്തമ ലക്ഷണമാണ്.
തളുമ്പിര…നീ അവളോട് ചേരേണ്ടവനാണ്.
തളുമ്പിരയുടെ മൗനം എന്നെ ഈര്‍ന്നു മുറിക്കുവാന്‍ തുടങ്ങി.
അനുനയഭാവം മാറ്റി ഞാന്‍ തളുമ്പിരയോട് കടുപ്പിച്ചു പറഞ്ഞു. ‘ശുഭവതിയായ അവളെ കെട്ടിയാല്‍ നിനക്ക് മംഗളം ഭവിക്കും. വേണമെങ്കില്‍ അനുസരിക്ക്.’
തളുമ്പിരയുടെ വികാര വിക്ഷോഭങ്ങള്‍ കാണാന്‍ വയ്യാതെ കണ്ണടച്ചു. അവളോടുള്ള അതിരുകവിഞ്ഞ സ്‌നേഹത്തിനിടയിലും ഒരു നിസ്സഹായന്റെ വിലാപം. കാരണം കണ്ടെത്തിയപ്പോള്‍ വിചിത്രമായി തോന്നി… നെഞ്ചില്‍ മറുകുള്ള പെണ്ണിനെ കെട്ടിയാല്‍ അവന്റെ കഥതീരുമെന്ന് നടപ്പുകാരന്‍ പ്രവചിച്ചു പോലും.
കഷ്ടം തന്നെ.. സുന്ദരി നാടിച്ചിയുടെ കെട്ട് നടക്കില്ല. അവള്‍ അവനെ പ്രതീക്ഷിച്ചിരിക്കും. നിനച്ചിരുന്ന് അവള്‍ക്ക് ഭ്രാന്തായിത്തീരുമോ? മറുകിന്റെ അശുഭലക്ഷണം അറിയാത്തതിനാല്‍ മറ്റൊരുത്തനെ അവള്‍ക്കു വേണ്ടി കണ്ടെത്താനും വയ്യ. അവളുടെ നാശം കാണാന്‍ ആഗ്രഹമില്ലാത്തതിനാല്‍ അത്തരത്തില്‍ നാടിച്ചിയെ ചിത്രീകരിക്കാന്‍ വയ്യ.
രണ്ടാമത്തെ തവണ അപ്രതീക്ഷിതമായ കൂടിക്കാഴ്ചയില്‍ അവള്‍ തളുമ്പിരയുടെ മുന്നില്‍ മറുക് പ്രദര്‍ശിപ്പിച്ചത്രേ. അവന്‍ അന്ന് കണ്ടില്ലെങ്കില്‍ ഇപ്പോള്‍ കണ്ടോട്ടെ എന്ന് കരുതിക്കാണുമവള്‍. അവന്‍ കണ്ണുപൊത്തി അലറി. ‘പോ… എന്റെ മുന്നില്‍ കണ്ടു പോകരുത്.’
അന്നു മുതല്‍ നാടിച്ചി അലയാന്‍ തുടങ്ങി.ലതിക റെയില്‍പ്പാളത്തിനടുത്ത് നാടിച്ചിയെ കാണുമ്പോള്‍… എന്തിനായിരിക്കാം അവള്‍ ഓടുന്ന തീവണ്ടിയുടെ ഇത്രയടുത്ത്… ഉള്ളു പൊട്ടുന്നു. പൂവണിയാത്ത പ്രണയ ചിന്തകളാവാം ലതികക്ക് കാണുന്നവരെയെല്ലാം നാടിച്ചിയായി തോന്നുന്നത്. അങ്ങനെ വിശ്വസിക്കുമ്പോള്‍ പരിഭ്രമത്തിന് കുറവുണ്ട്.ഒരു സമാധാനവും കിട്ടുന്നു.
തളുമ്പിര ഗ്രാമം വിട്ടു പോയി. നാടിച്ചി അവന്റെ തിരിച്ചു വരവും പ്രതീക്ഷിച്ച് നാളുകള്‍ … ആഴ്ചകള്‍…മാസങ്ങള്‍ … വര്‍ഷങ്ങളായി നടക്കുകയാണ്. അവളുടെ സുന്ദരരൂപവും നഷ്ടമായിക്കൊണ്ടിരിക്കുകയാണോ?
അപ്പോഴായിരിക്കാം ലതിക നാടിച്ചിയെ കാണുന്നത്. വേഷത്തിലൊന്നും ശ്രദ്ധയില്ലാത്ത നാടിച്ചിയെ. അഴിഞ്ഞുലഞ്ഞ എണ്ണമയമില്ലാത്ത മുടിയും വെറ്റില മുറുക്കി വെളുത്തു തടിച്ച ചുണ്ടും അഴുക്ക് പിടിച്ച മുണ്ടും. തോളത്തെ തോര്‍ത്തുകൊണ്ടാണ് മാറ് മറച്ചു പിടിച്ചിരിക്കുന്നത്.
എത്ര പേര്‍ കണ്ടിട്ടുണ്ടാകും ആ മറുക് .എത്ര പേര്‍ കൊതിച്ചിട്ടുണ്ടാകും…? നാടിച്ചി കാത്തിരിക്കുകയാണ്, തളുമ്പിരയുടെ വരവിനായി .
നാടിച്ചിയുടെ തള്ള മാക്ക മകളെ വിശ്വസിപ്പിച്ചതു നടന്നാല്‍ മാത്രമേ നാടിച്ചിയുടെ ആദ്യപ്രണയം പൂവണിയുകയുള്ളു.കാലം കഴിഞ്ഞാലും ആദ്യാനുരാഗത്തിന്റെ മധുരം ഇരട്ടിക്കുമല്ലോ.
‘അന്നൂണ്ട് ല്ലെ… പൂവണിയാത്ത പ്രണയങ്ങള്‍ ..’ എന്ന് നിരാശ കലര്‍ന്ന ശബ്ദത്തില്‍ ലതിക പറഞ്ഞപ്പോള്‍ ഓര്‍ത്തതാണ്. ഈ പ്രണയത്തെക്കുറിച്ച് എഴുതുമ്പോള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ നാടിച്ചിയുടെ പ്രണയം പുഷ്പിക്കട്ടെയെന്ന്. ഇനി ഒരു പക്ഷേ തളുമ്പിര വന്നില്ലെങ്കിലും നാടിച്ചിയുടെ മരണം വരെ അവള്‍ പ്രണയിനിയായി നടക്കട്ടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: