World

ഹനിയെ വധിക്കാന്‍ ഇറാന്‍ ഉദ്യോഗസ്ഥരെ മൊസാദ് വിലക്കെടുത്തു

Published by

ടെഹ്‌റാന്‍: ഹമാസ് തലവന്‍ ഇസ്മയില്‍ ഹനിയെ വധിക്കാനായി ഇറാന്‍ സുരക്ഷാ ഉദ്യോഗസ്ഥരെ ഇസ്രായേല്‍ ചാരസംഘടനയായ മൊസാദ് സ്വാധീനിച്ചതായി റിപ്പോര്‍ട്ട്. മൊസാദ് നിയോഗിച്ച ഈ രണ്ട് ഇറാന്‍ ഏജന്റുമാര്‍ ഇസ്മയില്‍ ഹനിയ താമസിച്ചിരുന്ന ഗസ്റ്റ് ഹൗസിലെ മൂന്നു മുറികളില്‍ ബോംബ് സ്ഥാപിച്ചതായി ഇറാനിയന്‍ ഉദ്യോഗസ്ഥര്‍ അന്താരാഷ്‌ട്ര മാധ്യമങ്ങളോട് പറഞ്ഞു.

മൊസാദിന്റെ ഏറെ നാളത്തെ ആസൂത്രണത്തിനൊടുവിലാണ് ഇസ്മായില്‍ ഹനിയയെ വധിക്കുന്നത്. ഇറാന്‍ പ്രസിഡന്റായിരുന്ന ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ടപ്പോഴാണ് ആദ്യത്തെ ആക്രണത്തിന് ഇസ്രായേല്‍ പദ്ധതിയിട്ടത്. വലിയ ജനക്കൂട്ടമുള്ളതിനാല്‍ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു.

തുടര്‍ന്നാണ് പുതിയ പദ്ധതി തയ്യാറാക്കിയത്. ഇസ്രായേല്‍ വിലക്കെടുത്ത രണ്ട് ഏജന്റുമാര്‍ ഈസ്ലാമിക് റവല്യൂഷണറി ഗാര്‍ഡുകളുടെ നിയന്ത്രണത്തിലുള്ള ഗസ്റ്റ് ഹൗസിലെ മൂന്ന് മുറികളില്‍ ബോംബുകള്‍ സ്ഥാപിച്ചു. വിശിഷ്ട അതിഥികള്‍ താമസിക്കുന്ന സ്ഥലമായതിനാലാണ് ഈ ഗസ്റ്റ് ഹൗസ് തെരഞ്ഞെടുത്തത്. മൊസാദിന് ലെബനനിലും സിറിയയിലും ഇറാനിലും പാലസ്തീനിലും അടക്കം നിരവധി രാജ്യങ്ങളില്‍ ചാരന്‍മാരുണ്ട്. ഔദ്യോഗിക രഹസ്യങ്ങളും നേതാക്കളുടെ നീക്കങ്ങളും നിരീക്ഷിച്ച് ഇസ്രായേലിന് വിവരങ്ങള്‍ കൈമാറുന്നത് ഇവരാണ്. വിദൂര നിയന്ത്രിത ഉപകരണം ഉപയോഗിച്ചാണ് ഇസ്മയില്‍ ഹനിയയുടെ മുറിയില്‍ സ്‌ഫോടനം നടത്തിയത്. പുതിയ ഇറാന്‍ പ്രസിഡന്റിന്റെ സ്ഥാനാരോഹണ ചടങ്ങില്‍ ഹനിയ പങ്കെടുക്കുമെന്ന് വ്യക്തമായ ധാരണ മൊസാദിനുണ്ടായിരുന്നു. ആ അവസരം കൃത്യമായി മൊസാദ് വിനിയോഗിക്കുകയായിരുന്നു.

വടക്കന്‍ ടെഹ്‌റാനില്‍ ഹനിയ താമസിച്ച കെട്ടിടത്തില്‍ ജൂലൈ 30ന് പുലര്‍ച്ചെ രണ്ടിനായിരുന്നു ആക്രമണം. സുരക്ഷാഗാര്‍ഡും കൊല്ലപ്പെട്ടു. ഏപ്രിലില്‍ ഗാസയില്‍ ഇസ്രായേലിന്റെ ബോംബാക്രമണത്തില്‍ ഹനിയയുടെ മൂന്ന് ആണ്‍മക്കളും നാല് പേരക്കുട്ടികളും കൊല്ലപ്പെട്ടിരുന്നു. ഇതിനിടെ ഹമാസിന്റെ സൈനിക തലവനും ഒക്ടോബര്‍ ഏഴിലെ ആക്രമണത്തിന്റെ സൂത്രധാരനുമായ മുഹമ്മദ് ദെയ്ഫിനെ വധിച്ചെന്ന് ഇസ്രായേല്‍ സ്ഥിരീകരിച്ചു. ജൂലൈ 13 ന് തെക്കന്‍ ഗാസ നഗരമായ ഖാന്‍ യൂനിസിന്റെ പ്രാന്തപ്രദേശത്തുണ്ടായ ആക്രമണത്തിലാണു ദെയ്ഫിനെ വധിച്ചതെന്ന് ഇസ്രായേല്‍ സൈന്യമായ ഐഡിഎഫ് (ഇസ്രയേലി ഡിഫന്‍സ് ഫോഴ്സ്) അറിയിച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക