തിരുവനന്തപുരം: അതി തീവ്ര മഴയുടെ പ്രവചനം മെച്ചപ്പെടുത്തുന്നതിനായി കേരളത്തിന് അനുസൃതമായ മാതൃകാ മാനദണ്ഡങ്ങള്‍ വികസിപ്പിക്കുന്നതിന് പഠനങ്ങള്‍ നടത്താന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ക്ലൈമറ്റ് ചേഞ്ച് സ്റ്റഡീിനോട് ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി. കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാക്കുന്ന ദുരന്താഘാതങ്ങളെക്കുറിച്ച് ഗവേഷണം നടത്തി സര്‍ക്കാരിന് നയപരമായ ഉപദേശങ്ങള്‍ നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന സര്‍ക്കാര്‍ കോട്ടയത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ക്ലൈമറ്റ് ചേഞ്ച് സ്റ്റഡീസ് ആരംഭിച്ചത്. വയനാട്ടിലെ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍, മൂലകാരണത്തെക്കുറിച്ച് വിശദമായ അന്വേഷണവും അത്തരം പ്രകൃതിദുരന്തങ്ങളുടെ ആഘാതം ലഘൂകരിക്കുന്നതിനായുള്ള നയപരമായ ഉപദേശങ്ങളും അവര്‍ സമഗ്രമായിത്തന്നെ നല്‍കേണ്ടതുണ്ട്.
കേരളത്തിന് പ്രത്യേകമായി ഇത്തരം പഠനങ്ങള്‍ നടത്തുന്നതിന് ആവശ്യമായ മാനവശേഷിയും സൗകര്യങ്ങളും ഈ കേന്ദ്രത്തിന് ലഭ്യമാക്കും. ഇങ്ങനെ ദുരന്തങ്ങള്‍ മുന്‍കൂട്ടി അറിയാന്‍ സംസ്ഥാനത്തെ പ്രാപ്തമാക്കുന്നതോടൊപ്പം, ദുരന്താഘാതങ്ങള്‍ ലഘൂകരിക്കുന്നതിനായി മുന്‍കരുതലുകള്‍ തയ്യാറാക്കാനും കഴിയും. ആഘാതത്തിന്റെ വ്യാപ്തി കുറക്കുവാനും പൊതു സുരക്ഷയും പ്രകൃതി ദുരന്തങ്ങള്‍ക്കെതിരായ പ്രതിരോധവും വര്‍ദ്ധിപ്പിക്കുവാനും ലക്ഷ്യമിട്ടുള്ള ഈ നടപടി അടിയന്തര പ്രാധാന്യത്തോടെ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: