കല്‍പ്പറ്റ: ഉരുള്‍പൊട്ടലില്‍ തകര്‍ന്നടിഞ്ഞ ദുരന്ത ഭൂമി സന്ദര്‍ശിച്ച മോഹന്‍ലാല്‍ മൂന്നുകോടിയുടെ പുനരധിവാസ സഹായം പ്രഖ്യാപിച്ചു. വിശ്വശാന്തി ഫൗണ്ടേഷന്റെ നേതൃത്വത്തിലാകും പുനരധിവാസം. തകര്‍ന്ന മുണ്ടക്കൈ സ്ക്കൂള് പുനര്‍നിര്‍മ്മിക്കുകയും ചെയ്യും.
സൈന്യത്തില്‍ ലഫ്റ്റനന്റ് കേണല്‍ കൂടിയായ അദ്ദേഹം, ജോലിയുടെ ഭാഗമായിക്കൂടിയാണ് ദുരന്തമേഖലകള്‍ സന്ദര്‍ശിച്ചത്. സംവിധായകന് മേജര്‍ രവിയും മോഹന്‍ലാലിനൊപ്പമുണ്ട്
കോഴിക്കോട്ടുനിന്ന് റോഡുമാര്‍ഗം വയനാട്ടിലെത്തിയ മോഹന്‍ലാല്‍, ആദ്യം മേപ്പാടിയിലെ സൈന്യത്തിന്റെ ബേസ് ക്യാംപിലാണെത്തിയത്. സൈനികോദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയ ശേഷം ഉരുള്‍പൊട്ടിയ മുണ്ടക്കൈ, പുഞ്ചിരിമട്ടം മേഖലകളിലേക്ക് തിരിച്ചു.മുണ്ടക്കൈയില്‍ അല്പസമയം വാഹനം നിര്‍ത്തി ഉരുള്‍പൊട്ടല്‍ നാശംവിതച്ച മേഖലകള്‍ കാല്‍നടയായി സന്ദര്‍ശിച്ചു. . ഏതാണ്ട് പത്തു മിനിറ്റോളം മുണ്ടക്കൈയില്‍ ചെലവഴിച്ചു. മുണ്ടക്കൈയില്‍നിന്ന് പുഞ്ചിരിമട്ടത്തേക്കാണ് മോഹന്‍ലാല്‍ പോയത്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ താരം സംഭാവന ചെയ്തിരുന്നു.
മോഹന്‍ലാല്‍ പങ്കുവെച്ച വൈകാരികമായ കുറിപ്പും ഏറെ ശ്രദ്ധനേടിയിരുന്നു.’വയനാട് ദുരന്തബാധിതര്‍ക്ക് ആശ്വാസം പകരാന്‍ നിസ്വാര്‍ത്ഥരായ സന്നദ്ധപ്രവര്‍ത്തകര്‍, പോലീസുകാര്‍, ഫയര്‍ ആന്‍ഡ് റെസ്ക്യൂ, എന്‍ഡിആര്‍എഫ്, സൈനികര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തുടങ്ങി അക്ഷീണം പ്രയത്നിക്കുന്ന ഓരോ വ്യക്തിയുടെയും ധൈര്യത്തെ ഞാന്‍ സല്യൂട്ട് ചെയ്യുന്നു.ദുരിതാശ്വാസ ദൗത്യത്തില്‍ മുന്‍നിരയില്‍ നിന്ന എന്റെ 122 ഇന്‍ഫന്‍ട്രി ബറ്റാലിയന് ടിഎ മദ്രാസിന്റെ പ്രയത്നങ്ങള്‍ക്ക് ഞാന്‍ നന്ദിയറിയിക്കുന്നു.നമ്മള് മുമ്പും വെല്ലുവിളികളെ അഭിമുഖീകരിക്കുകയും കൂടുതല്‍ ശക്തരാകുകയും ചെയ്തിട്ടുണ്ട്. ഈ ദുഷ്കരമായ സമയത്ത് ഒറ്റക്കെട്ടായി നില്‍ക്കാനും നമ്മുടെ ഒരുമയുടെ കരുത്ത് കാട്ടാനും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. ജയ്ഹിന്ദ്,’ മോഹന്‍ലാലിന്റെ വാക്കുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: