വയനാട് : മലയാളികൾക്ക് തീരാനോവായി മാറുകയാണ് വയനാട്. ഉറ്റവരെയും ,ഉടയവരെയും നഷ്ടപ്പെട്ട നൊമ്പരത്തിൽ തേങ്ങുന്നവരുടെ കണ്ണീരാണ് ഇന്ന് കേരളക്കരയുടെ നെഞ്ച് പൊള്ളിക്കുന്നത് . ഇതിനിടയിൽ വയനാട്ടിലെ ജനങ്ങൾക്ക് ഏറെ വേദനയായി മാറുകയാണ് പ്രജീഷ് എന്ന യുവാവിന്റെ വേർപാട്.
ഉരുള്‍പൊട്ടിയെന്നറിഞ്ഞ് സ്വന്തം ജീവന്‍ കാര്യമാക്കാതെ നാട്ടുകാരെ രക്ഷിക്കാന്‍ ഓടിയെത്തിയതാണ് പ്രജീഷ് . മൂന്നാം വട്ടവും ജീപ്പുമായി പോകുന്നതിനിടെയാണ് പ്രജീഷിന് ജീവന്‍ നഷ്ടമായത്. പുത്തുമലയില്‍ ഉരുള്‍പൊട്ടിയപ്പോഴും പ്രജീഷ് ഓടിയെത്തിയിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു.
ജൂലൈ 30ന് രാത്രിയില്‍ ആദ്യ ഉരുള്‍പൊട്ടിയപ്പോള്‍ ഓടിയെത്തിയ പ്രജീഷ് ചൂരല്‍മല പാടിയില്‍ താമസിച്ചിരുന്ന അമ്മ, സഹോദരന്‍, കിടപ്പുരോഗിയായ ഒരാള്‍ എന്നിവരെ ആശുപത്രിയില്‍ എത്തിച്ചു. വീണ്ടും മലകയറി ആളുകളെ സുരക്ഷിത സ്ഥാനത്താക്കി. രക്ഷിക്കണേയെന്ന നിലവിളി കേട്ട് മൂന്നാമതും പ്രജീഷ് മലമുകളിലേക്ക് പോകാന്‍ തീരുമാനിക്കുകയായിരുന്നു. തടഞ്ഞ സുഹൃത്തുക്കളോട് ‘മലയുടെ മുകളിൽ നിരവധി ആളുകൾ കുടുങ്ങി കിടക്കുന്നുണ്ട് . എന്നെ തടയരുത്. എന്തായാലും പോകും’ എന്നും പറഞ്ഞാണ് ജീപ്പുമായി പ്രജീഷ് പോയത് . ആളുകളെ ജീപ്പില്‍ കയറ്റി.. പക്ഷേ പാലത്തിനടുത്ത് എത്തുന്നതിന് മുന്‍പ് ജീപ്പടക്കം ഉരുള്‍ കൊണ്ടുപോകുകയായിരുന്നു.
മുണ്ടകൈയിലെ സൂപ്പർ മാൻ , സൂപ്പർ ഹീറോ എന്നാണ് സോഷ്യൽ മീഡിയയിൽ പ്രജീഷിനെ കുറിച്ചുള്ള കുറിപ്പുകളിൽ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: