നവമാധ്യമങ്ങളിലെ പുത്തന്‍താരം ഒളിംപിക്സ് ഷൂട്ടിംഗില്‍ 10 മീറ്റര്‍ എയര്‍ റൈഫിളില്‍ വെള്ളി നേടിയ തുര്‍ക്കിയുടെ യുസുഫ് ഡികെചാണ്. ഷൂട്ടിംഗില്‍ തുര്‍ക്കിയുടെ ആദ്യ മെഡല്‍ നേടിയതുകൊണ്ടല്ല യുസുഫ് വൈറലായത്, മറിച്ച് മത്സരവേദിയിലെ മനോഭാവത്തിന്റെയും പ്രായം തളര്‍ത്താത്ത ആത്മവിശ്വാസത്തിന്റെയും പ്രതീകമായതുകൊണ്ടാണ്.
10 മീറ്റര്‍ എയര്‍ റൈഫിളിലെ മത്സരാര്‍ത്ഥികളെല്ലാവരും പിഴവില്ലാതെ മത്സരിക്കാന്‍ വില കൂടിയ ലെന്‍സുകളും മറ്റുപകരണങ്ങളും ഉപയോഗിച്ചപ്പോള്‍ താന്‍ സാധാരണ ധരിക്കാറുള്ള കണ്ണടയും തുര്‍ക്കി എന്നെഴുതിയ ടീ ഷര്‍ട്ടും ധരിച്ചാണ് യുസുഫ് വന്നത്. ഒരു നാഷണല്‍ ടീമിനെ പ്രതിനിധികരിക്കുമ്പോലെയല്ല, മറിച്ച് ഒരു വിനോദയാത്ര പോകുമ്പോലെയായിരുന്നു അയാളുടെ വേഷം. ഒരു പക്ഷെ ആ ടീം ജെഴ്സിയിലെ ടീ ഷര്ട്ടില്ലായിരുന്നെങ്കില് അയാളെ ഒരുപക്ഷേ സുരക്ഷാ ജീവനക്കാര്‍ പോലും തിരിച്ചറിയുമായിരുന്നില്ല.
എന്തായാലും ഡികെച് വന്നു, കണ്ടു, കീഴടക്കി തന്റെ പാന്റിന്റെ പോക്കറ്റില്‍ അലസമായി കയ്യിട്ട്, ഉന്നം തെറ്റാതെ വെടിയുതിര്‍ത്തുകൊണ്ട്, സിനിമകളില്‍ നാം കണ്ടുപഴകിയ അതേ ‘ഹിറ്റ്മാന്’ മനോഭാവത്തോടെ.. ഡികെച് ഒരു ചെറിയ മീനല്ല! ഈ 51കാരന് 2007ന് ശേഷമുള്ള എല്ലാ ഷൂട്ടിംഗ് മത്സരങ്ങള്‍ക്കും പങ്കെടുത്തിട്ടുണ്ട്, മെഡലും നേടിയിട്ടുണ്ട്. ഈ മെഡല്‍ തന്റെ മുന്‍ഭാര്യക്ക് സമര്‍പ്പിക്കുന്നുവെന്നാണ് മത്സരശേഷം പ്രതികരണം ആരാഞ്ഞ മാധ്യമപ്രവര്‍ത്തകരോട് യുസുഫ് പറഞ്ഞത്. അത് അവരോടുള്ള അടക്കാന്‍ കഴിയാത്ത സ്നേഹം കൊണ്ടൊന്നുമല്ല എന്നതാണ് സത്യം. ഭാര്യയോട് വഴക്കിട്ട് പിരിഞ്ഞ് ‘തോക്കിനെ പ്രണയിച്ച’ യുസുഫ് പതിയെ അത് ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട ഹോബിയായി മാറ്റുകയായിരുന്നു.
‘ഇവിടം വരെയെത്തുമെന്ന് ഒരിക്കലും കരുതിയില്ല; അടുത്ത തവണ ലോസ് ഏഞ്ചല്‍സില്‍ സ്വര്‍ണത്തിനായി മത്സരിക്കും’, എന്നാണ് ഇപ്പോള്‍ യൂസഫ് പറയുന്നത്. തീര്‍ത്തും നിസ്സംഗതയോടെ, ‘ഷാരോണ്‍, നീയിതു കാണുന്നുണ്ടെങ്കില്‍ എനിക്ക് എന്റെ നായയെ തിരിച്ചു തരിക’ എന്നുപറഞ്ഞാണ് യുസുഫ് തന്റെ പ്രതികരണം അവസാനിപ്പിച്ചത്..
‘ഏതൊരു പുരുഷന്റെയും വിജയത്തിന് പിന്നില്‍ ഒരു സ്ത്രീയുണ്ടാകുമെന്ന് പറയുന്നത് എത്ര സത്യം’ എന്നാണ് ഇപ്പോള്‍ പ്രചരിക്കുന്ന തമാശ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: