Kerala

വിടപറഞ്ഞത് അതുല്യനായ ഗുരുവര്യന്‍- തപസ്യ

Published by

കോഴിക്കോട്: കവിയും സാഹിത്യകാരനും ഭാഷാപണ്ഡിതനും പരിഭാഷകനുമൊക്കെയായിരുന്ന പ്രൊഫ. സി.ജി. രാജഗോപാലിന്റെ വേര്‍പാട് സാംസ്‌കാരിക കേരളത്തിന് വലിയ നഷ്ടമാണെന്ന് തപസ്യ കലാസാഹിത്യവേദി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

അക്കാദമിക് രംഗത്തുനിന്ന് 1990 കളുടെ തുടക്കത്തില്‍ തപസ്യയിലേക്കു വന്ന രാജഗോപാല്‍ അതുവരെയുള്ള തന്റെ കാഴ്ചപ്പാടുകളില്‍ മാറ്റം വരുത്തി സംഘടനാ പ്രവര്‍ത്തനവുമായി പൂര്‍ണമായും താദാത്മ്യം പ്രാപിക്കുകയായിരുന്നു. തപസ്യയുടെ സംസ്ഥാന ഉപാധ്യക്ഷനും രക്ഷാധികാരിയുമെന്ന നിലയിലും, സംസ്‌കാര്‍ ഭാരതിയുടെ ദേശീയ ഉപാധ്യക്ഷനെന്ന നിലയിലും ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കാനും മാര്‍ഗദര്‍ശനം നല്കാനും രാജഗോപാലിന് കഴിഞ്ഞുവെന്ന് തപസ്യ സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് പ്രൊഫ. പി.ജി. ഹരിദാസും ജനറല്‍ സെക്രട്ടറി കെ.ടി. രാമചന്ദ്രനും അനുസ്മരിച്ചു.

ഊര്‍ജസ്വലമായി പ്രവര്‍ത്തിക്കാനും, സഹപ്രവര്‍ത്തകരോട് സ്‌നേഹോദാരമായി പെരുമാറാനും കഴിഞ്ഞ രാജഗോപാല്‍ ഇതുവഴി എല്ലാവരുടെയും ആദരവ് നേടിയെടുക്കുകയും ചെയ്തു. അക്കാദമിക് രംഗത്ത് തികഞ്ഞ ആര്‍ജവത്തോടെ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞ അപൂര്‍വം ചിലരില്‍ ഒരാളായിരുന്നു രാജഗോപാല്‍. സാഹിത്യരംഗത്ത് നിസ്തുലമായ സംഭാവനകളാണ് നല്കിയത്. രാമചരിത മാനസത്തിന്റെ മലയാള വിവര്‍ത്തകനെന്ന നിലയ്‌ക്ക് അതുല്യമായ സ്ഥാനമാണ് അക്ഷരലോകത്ത് നേടിയത്.

തപസ്യയെയും സംസ്‌കാര്‍ ഭാരതിയെയും സ്വന്തം കുടുംബമായാണ് രാജഗോപാല്‍ കണ്ടത്. തപസ്യക്ക് അദ്ദേഹം കാരണവരുമായിരുന്നു. അഭിവന്ദ്യനായിരുന്ന ഗുരുവര്യന് ആദരാഞ്ജലിയര്‍പ്പിക്കുകയും, അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെ ദു:ഖത്തില്‍ പങ്കുചേരുകയും ചെയ്യുന്നതായി അവര്‍ വ്യക്തമാക്കി.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by