ന്യൂദല്‍ഹി: നീറ്റ് പ്രവേശന പരീക്ഷയില്‍ വ്യാപക ക്രമക്കേടുകള്‍ നടന്നില്ലെന്നും പുനഃപരീക്ഷ നടത്തേണ്ട സാഹചര്യമില്ലെന്നും സുപ്രീംകോടതി വിധിച്ചു. വലിയതോതിലുള്ള ചോദ്യപേപ്പര്‍ ചോര്‍ച്ച സംഭവിച്ചിട്ടില്ലെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് വ്യക്തമാക്കി.
പരീക്ഷാ നടത്തിപ്പിലുണ്ടായ താളപ്പിഴകള്‍ ആവര്‍ത്തിക്കാതെ നോക്കണമെന്ന നിര്‍ദേശവും ദേശീയ ടെസ്റ്റിങ് ഏജന്‍സിക്ക് കോടതി നല്കി. കോടതി വിധി സ്വാഗതാര്‍ഹമാണെന്ന് കേന്ദ്രവിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന് പ്രതികരിച്ചു. സുപ്രീംകോടതി വിധിയോടെ രാജ്യത്തെ മെഡി. കോളജുകളിലെ പ്രവേശന നടപടികള്‍ ഉടന്‍ തന്നെ ആരംഭിക്കും. ആഗസ്ത് 14 മുതല്‍ എംബിബിഎസ് പ്രവേശന നടപടികള്‍ തുടങ്ങാനാണ് ദേശീയ മെഡി. കമ്മിഷന്റെ തീരുമാനം.
ഹസാരിബാഗിലേയും പാട്നയിലെയും നീറ്റ് പരീക്ഷാ കേന്ദ്രത്തില്‍ മാത്രമാണ് ചോദ്യപേപ്പര്‍ ചോര്‍ച്ച സംഭവിച്ചതെന്ന് കോടതി വിധിയില്‍ വ്യക്തമാക്കുന്നു. ഗ്രേസ് മാര്‍ക്ക് നല്കിയതു വഴി 44 പേര്‍ക്ക് 720ല്‍ 720 മാര്‍ക്കും ലഭിക്കുന്ന സാഹചര്യമുണ്ടായത് ഒഴിവാക്കേണ്ടതായിരുന്നു. പരീക്ഷാ നടത്തിപ്പിലുണ്ടായ പ്രശ്നങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ തന്നെ പരിഹരിച്ചതായും വ്യക്തമാക്കിക്കൊണ്ടാണ് പുനഃപരീക്ഷ നടത്തണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഒരുകൂട്ടം ഹര്‍ജികള്‍ സുപ്രീംകോടതി തള്ളിയത്.
പരീക്ഷയില്‍ വ്യാപക ക്രമക്കേടുകള്‍ നടന്നെന്നും ചോദ്യപേപ്പറുകള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ ചോര്‍ന്നെന്നും ആരോപിച്ച് ഹര്ജികളുമായെത്തിയവര്ക്ക് ഇത് തെളിയിക്കുന്ന രേഖകളൊന്നും നല്‍കാനായില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. നീറ്റ് പരീക്ഷ റദ്ദാക്കുന്നത് 24 ലക്ഷം വിദ്യാര്‍ത്ഥികളെ ബാധിക്കുന്ന വിഷയമാണെന്ന് നേരത്തെ സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. അതിനിടെ നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ത്തിയ കേസില്‍ 13 പ്രതികള്‍ക്കെതിരായ കുറ്റപത്രം സിബിഐ ഇന്നലെ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.
കേന്ദ്രസര്‍ക്കാരിന്റെ നിലപാടുകള്‍ക്കുള്ള അംഗീകാരമാണ് സുപ്രീംകോടതി വിധിയെന്നായിരുന്നു കേന്ദ്രവിദ്യാഭ്യാസ മന്ത്രിയുടെ പ്രതികരണം. പരീക്ഷാ സംവിധാനങ്ങളിലെ സുതാര്യത ഉറപ്പുവരുത്തുകയെന്നതാണ് കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യം. ഇതിനായി രൂപീകരിച്ച വിദഗ്ധ സമിതി ശുപാര്‍ശകള്‍ നടപ്പാക്കും.
നീറ്റ് പരീക്ഷക്കും ദേശീയ ടെസ്റ്റിങ് ഏജന്സിക്കുമെതിരായ വ്യാജ പ്രചാരണങ്ങള്‍ കോടതി വിധിയോടെ പൊളിഞ്ഞു. ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളുടെ കഠിനാധ്വാനം ഇല്ലാതാക്കാന്‍ ആരെയും അനുവദിക്കില്ലെന്നും ധര്മേന്ദ്രപ്രധാന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: