കൊച്ചി: സംവരണം നിശ്ചയിക്കേണ്ടത് ജാതിയുടെ അടിസ്ഥാനത്തിലാണെന്നും മതമല്ല സംവരണത്തിന്റെ മാനദണ്ഡമെന്നും വിശ്വഹിന്ദു പരിഷത്ത്. ഇക്കാര്യം ചൂണ്ടിക്കാട്ടി വിഎച്ച്പി സംസ്ഥാന പ്രസിഡന്റ് വിജി തമ്പിയുടെ നേതൃത്വത്തില്‍ ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണന്‍ കമ്മിഷന് നിവേദനം നല്കി.
പട്ടികജാതി പദവിയും പരിവര്‍ത്തിതരായ ഇന്ത്യന്‍ ക്രിസ്ത്യാനികള്‍ക്കും മുസ്ലിങ്ങള്‍ക്കും സംവരണം നല്‍കണമെന്ന ആവശ്യത്തെ യാതൊരു കാരണവശാലും അംഗീകരിക്കാന്‍ കഴിയില്ല. ഇത് സമത്വത്തിന്റെയും സാമൂഹികനീതിയുടെയും തത്വങ്ങള്‍ ലംഘിക്കുന്നുവെന്ന് മാത്രമല്ല ഭരണഘടനാ വിരുദ്ധമാണെന്നും വിശ്വഹിന്ദു പരിഷത്ത് നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.
നൂറ്റാണ്ടുകളായി അടിച്ചമര്‍ത്തലും വിവേചനവും നേരിടുന്ന, ചരിത്രപരമായി പിന്നാക്കം നില്ക്കുന്ന ജാതികള്‍ക്ക് ഇന്ത്യന്‍ ഭരണഘടന എസ്‌സി പദവിയും സംവരണവും നല്കുന്നു. അതേസമയം പരിവര്‍ത്തിതരായ ക്രിസ്ത്യാനികള്‍ക്കും മുസ്ലിങ്ങള്‍ക്കും ഈ മാനദണ്ഡത്തിന് അര്‍ഹതയില്ല. ക്രിസ്തുമതത്തിലേക്കോ ഇസ്ലാമിലേക്കോ പരിവര്‍ത്തനം ചെയ്യുന്ന വ്യക്തികള്‍ക്ക് എസ്‌സി ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയില്ല. പരിവര്‍ത്തനം ചെയ്ത ക്രിസ്ത്യാനികള്‍ക്കും മുസ്ലിങ്ങള്‍ക്കും പട്ടികജാതി പദവി നല്കുന്നത് സംവരണ നയത്തിന്റെ ദുരുപയോഗത്തിന് ഇടയാക്കുമെന്ന് മാത്രമല്ല, അതിന്റെ യഥാര്‍ത്ഥ ലക്ഷ്യവും ഉദ്ദേശ്യവും തകര്‍ക്കുമെന്നും നൂറ്റാണ്ടുകളായി കുമിഞ്ഞുകൂടിയ സാമൂഹികവും സാമ്പത്തികവുമായ പരാധീനതകളെ മതപരിവര്‍ത്തനം തുടച്ചുനീക്കില്ലെന്ന് സുപ്രീംകോടതി വിധിച്ചിട്ടുള്ളതാണെന്നും വിഎച്ച്പി ചൂണ്ടിക്കാട്ടി.
പരിവര്‍ത്തിത ക്രിസ്ത്യാനികള്‍ക്കും മുസ്ലിങ്ങള്‍ക്കും പരമ്പരാഗത പട്ടികജാതി സമുദായങ്ങളേക്കാള്‍ വ്യത്യസ്തമായ സാമൂഹികവും സാമ്പത്തികവുമായ ചലനാത്മകതയുണ്ട്. അവര്‍ക്ക് പട്ടികജാതി പദവി നല്കുന്നത് ഈ വ്യത്യാസങ്ങളെ അവഗണിക്കുമെന്നും വിശ്വഹിന്ദു പരിഷത്ത് നിവേദനത്തില്‍ വ്യക്തമാക്കി.
ഇന്ത്യന്‍ ഭരണഘടന അനുശാസിക്കുന്ന തുല്യത, സാമൂഹിക നീതി, നിയമവാഴ്ച എന്നിവ ഉയര്‍ത്തിപ്പിടിക്കാന്‍ കമ്മീഷന്‍ തയ്യാറകണമെന്നും വിശ്വഹിന്ദു പരിഷത്ത് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: