ന്യൂദല്‍ഹി: രാജ്യം താമരയുടെ ചക്രവ്യൂഹത്തില്‍ അകപ്പെട്ടിരിക്കുകയാണെന്ന് രാഹുല്‍ ഗാന്ധിയുടെ പ്രസംഗം അങ്ങേയറ്റത്തെ വിവരക്കേടാണെന്ന് ചരിത്ര വിദഗ്ധര്‍. കാരണം താമര എന്നത് ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം ഭാരതത്തിന്റെ ദേശീയ ഏകതയുടെയും സാംസ്കാരിക പാരമ്പര്യത്തിന്റെയും പ്രതീകമാണ്.
രാഹുല്‍ ഗാന്ധി താമരയെ വളരെ നെഗറ്റീവ് ആയ അര്‍ത്ഥത്തിലാണ് പ്രസംഗത്തില്‍ ചിത്രീകരിച്ചതെന്ന് ബിജെപി എംപി അനുരാഗ് താക്കൂര്‍ പറഞ്ഞു. ലക്ഷ്മീ ദേവി ഇരിക്കുന്നത് താമരയിന്മേലാണ്. ലക്ഷ്മീദേവി കയ്യില്‍ പിടിച്ചിട്ടുള്ള താരമപ്പൂവ് പൗരാണിക വിശ്വാസമനുസരിച്ച് ഭാഗ്യത്തിന്റെയും ആത്മജ്ഞാനത്തിന്റെയും ആത്മീയ മോചനത്തിന്റെയും പ്രതീകമാണ്.
താമര ഇന്ത്യയുടെ ദേശീയ ചിഹ്നമാണ്. പരമശിവനും ലോകമാന്യ തിലകനും താമരയെ പത്മാസനത്തെ താമരയുമായി ബന്ധപ്പെടുത്തിക്കാണുന്നു. താമരയെ അധിക്ഷേപിക്കുക എന്നതിനര്‍ത്ഥം ശിവനെയും ബുദ്ധഭഗവാനെയും ലോകമാന്യതിലകനെയും അപമാനിക്കുന്നതിന് തുല്യമാണ്. – അനുരാഗ് താക്കൂര്‍ വിമര്‍ശിക്കുന്നു. താമരയെക്കുറിച്ച് എന്തെങ്കിലും പരാമര്‍ശം നടത്തും മുമ്പ് രാഹുല്‍ പല വട്ടം ചിന്തിക്കണമെന്നും അനുരാഗ് താക്കൂര്‍ താക്കീത് ചെയ്യുന്നു.
മഹാരാഷ്‌ട്ര, സിക്കിം, ഹരിയാന, മറ്റ് ചില സംസ്ഥാനങ്ങള്‍ എന്നിവയുടെ പ്രതീകങ്ങളില്‍ താമര ഒരു പ്രധാനപ്പെട്ട ഭാഗമാണ്. ഇന്ത്യന്‍ ആര്‍മിയുടെ ഏറ്റവും ഉയര്‍ന്ന പദവിയായ ഫീല്‍ഡ് മാര്‍ഷല്‍ പദവിമുദ്രയില്‍ താമരഹാരം ഉണ്ട്. 1857ല്‍ നടന്ന ഒന്നാം സ്വാതന്ത്ര്യ സമരത്തിലെ വിപ്ലവത്തിന്റെ പ്രതീകം തന്നെ താമരയും അപ്പവുമായിരുന്നു.
ഹിന്ദു ധര്‍മ്മത്തില്‍ ഒരു പരിശുദ്ധ സ്ഥാനം താമരയ്‌ക്കുണ്ട്. സരസ്വതി, ലക്ഷ്മി, പത്മനാഭസ്വാമി (വിഷ്ണു), ബ്രഹ്മാവ് എന്നിവര‍്ക്ക് താമരയുമായി വേര്‍പ്പെടുത്താനാവാത്ത ബന്ധമുണ്ട്. ശ്രീകൃഷ്ണന്‍ ഭഗവദ് ഗീതയില്‍ കര്‍മ്മയോഗയെപ്പറ്റി വിവരിക്കുമ്പോള്‍ ഒരു ഉപമയായി താമരയുടെ ഇലയെ കൊണ്ടുവരുന്നു. വെള്ളത്തില്‍ കിടക്കുന്നതാണെങ്കിലും വെള്ളം നനയാത്ത താമരയില. അതുപോലെ കര്‍മ്മം ചെയ്യുമ്പോഴും ഫലം പ്രതീക്ഷിക്കാത്ത കര്‍മ്മ യോഗി. ഇതാണ് താമരയിലയും കര്‍മ്മയോഗയും തമ്മിലുള്ള ഉപമയുടെ പാലം.
ജൈനന്‍മാര്‍ അവരുടെ സ്ഥാപകരായ തീര്‍ത്ഥങ്കരന്മാരെ താമരയുടെ സിംഹാസനത്തിലാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ താമരയുടെ ചക്രവ്യൂഹം എന്ന രാഹുല്‍ ഗാന്ധിയുടെ പ്രയോഗം താമരയെ പരിശുദ്ധമായി കാണുന്ന ഹിന്ദു ധര്‍മ്മത്തോടും ഇതര ഭാരതീയ മതങ്ങളോടുമുള്ള വെല്ലുവിളിയാണ്.
സരോജിനി നായിഡു എന്ന കവയത്രി മഹാത്മാഗാന്ധിയെ വാഴ്‌ത്തിക്കൊണ്ട് ലോട്ടസ് എന്ന ഒരു കവിത രചിച്ചിട്ടുണ്ട്. (രാഹുല്‍ ഗാന്ധി പുസ്തകം വായിക്കാറുണ്ടോ? പിന്നെയല്ലെ കവിത). ഈ കവിതയില്‍ ഉടനീളം മഹാത്മാഗാന്ധിയുടെ സദ് ഗുണങ്ങളെ വാഴ്‌ത്താന്‍ ഉപയോഗിച്ചിരിക്കുന്നത് താമരയെ ആണ്. മുന്‍ കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ ഒരിയ്‌ക്കലും താമരയോട് വെറുപ്പോ സംശയമോ പ്രകടിപ്പിച്ചിട്ടില്ല. രാഹുല്‍ ഗാന്ധി അല്ലാതെ. മികച്ച സിനിമയ്‌ക്കുള്ള ദേശീയ പുരസ്കാരത്തിന്റെ പേര് തന്നെ സ്വര്‍ണ്ണകമല്‍ (സ്വര്‍ണ്ണത്താമര) എന്നാണ്.
1983ല്‍ ചേരിചേരാനയം ഇന്ത്യ പ്രഖ്യാപിച്ചപ്പോള്‍ അതിന്റെ പ്രതീകത്തിലും താമരയെ ഉള്‍പ്പെടുത്തിയിട്ടുണ്ടായിരുന്നു. ഇതേക്കുറിച്ചെല്ലാം രാഹുല്‍ ഗാന്ധി ഓര്‍ത്തുവോ? അതോ ഇതൊനന്നും അറിയാത്ത, പാണ്ഡിത്യം തൊട്ടുതീണ്ടിയിട്ടില്ലാത്ത വെറും തറ രാഷ്‌ട്രീയക്കാരന്‍ തന്നെയല്ലേ രാഹുല്‍ ഗാന്ധി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: