തൃശൂര്‍: നേരത്തെ മഞ്ഞുമ്മല്‍ ബോയ്സ് എന്ന മലയാള സിനിമയുടെ പേരില്‍ മട്ടാഞ്ചേരി മാഫിയയെ വിമര്‍ശിച്ച് വിവാദത്തിലായ ജയമോഹന്‍ വീണ്ടും മലയാളത്തിലെ സാഹിത്യകാരന്മാര്‍ക്കെതിരെ ആഞ്ഞടിച്ചു. മലയാള സാഹിത്യകാരന്മാരില്‍ അധികം പേരും പ്രത്യയശാസ്ത്ര ഹാന്‍ഡിലുകള്‍ക്ക് പിന്നാലെയാണെന്നായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം. തമിഴ് നോവലിസ്റ്റായ ജയമോഹന്‍ മണിരത്നത്തിന്റെ ‘പൊന്നിയന്‍ ശെല്‍വ’ന്‍ ഉള്‍പ്പെടെ ഒട്ടേറെ പ്രസിദ്ധമായ സിനിമകള്‍ക്ക് തിരക്കഥ എഴുതിയിട്ടുണ്ട്. ഒഴിമുറി, കാഞ്ചി, വണ്‍ ബൈ ടു, നാകു പെന്‍റ നാകു ടാക തുടങ്ങിയ മലയാള സിനിമകള്‍ക്കും തിരക്കഥകള്‍ എഴുതിയിട്ടുണ്ട്. കഴിഞ്ഞ ദിവസം കേരള സാഹിത്യ അക്കാദമി അന്തരിച്ച കവി ആറ്റൂര്‍ രവിവര്‍മ്മയുടെ ഓര്‍മ്മയ്‌ക്കായി ആറ്റൂര്‍ രവിവര്‍മ്മ ട്രസ്റ്റ് സംഘടിപ്പിച്ച ‘ആറ്റൂരോര്‍മ്മ’ എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ജയമോഹന്‍.
എക്സ് പോലുള്ള സമൂഹമാധ്യമങ്ങളില്‍ വിവിധ പ്രത്യയശാസ്ത്രങ്ങള്‍ക്ക് വ്യത്യസ്തമായ ഹാന്‍ഡിലുകള്‍ ഉണ്ട്. ഇവ കേരളത്തിലെ സാഹിത്യകാരന്മാര്‍ കൂടെക്കൂടെ സന്ദര്‍ശിക്കുന്നു എന്ന വിമര്‍ശനമാണ് ജയമോഹന്‍ ഉയര്‍ത്തിയത്. അതേ സമയം ആറ്റൂര്‍ രവിവര്‍മ്മ ഇതിന് വഴങ്ങാത്ത ആളാണെന്നും ജയമോഹന്‍ പറഞ്ഞു.
ഹിമാലയം പോലെ, ഉന്നതമായ ഗോപുരങ്ങള്‍ പോലെ, വലിയ രൂപങ്ങള്‍ കണ്ട് ആസ്വദിക്കുമ്പോഴും നിത്യ ജീവിതത്തിലെ സൂക്ഷ്മഭാവങ്ങളെ ആവിഷ്കരിച്ച കവിയാണ് ആറ്റൂര്‍ രവിവര്‍മ്മയെന്നും അദ്ദേഹം പറഞ്ഞു.
ഭാഷയുടെ പരിമിതികളെ മറികടക്കലാണ് സര്‍ഗാത്മക വിവര്‍ത്തനമെന്ന് ഇംഗ്ലീഷ് കവിയും വിവര്‍ത്തകയുമായ സംപൂര്‍ണ്ണ ചാറ്റര്‍ജി പറഞ്ഞു. സാഹിത്യ അക്കാദമി പ്രസിഡന്‍റ് സച്ചിദാനന്ദന്‍ അധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: