ന്യൂഡൽഹി : ഔറംഗാബാദ്, ഒസ്മാനാബാദ് നഗരങ്ങളുടെ പേരുമാറ്റാനുള്ള തീരുമാനത്തിനെതിരെ നൽകിയ ഹർജി തള്ളി സുപ്രീം കോടതി . ഔറംഗബാദിനെ ഛത്രപതി സംഭാജിനഗർ എന്നും ഒസ്മാനാബാദിനെ ധാരാശിവ് എന്നും മഹാരാഷ്‌ട്ര സർക്കാർ പുനർനാമകരണം ചെയ്തിരുന്നു. ഈ തീരുമാനത്തെ എതിർത്ത് ശൈഖ് മസൂദ് ഇസ്മായിൽ ഷെയ്ഖ് ഉൾപ്പെടെയുള്ളവരാണ് സുപ്രീം കോടതിയിൽ ഹർജി നൽകിയത് .
ജസ്റ്റിസുമാരായ ഹൃഷികേശ് റോയ്, എസ്.വി.എൻ.ഭാട്ടി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിച്ചത് .നഗരങ്ങളുടെ പേരുകൾ മാറ്റുന്നതിന് മുൻപ് സംസ്ഥാന സർക്കാർ നിയമപ്രകാരമുള്ള നടപടിക്രമങ്ങൾ പാലിച്ചിട്ടുണ്ടെന്നും സുപ്രീം കോടതി വ്യക്തമാക്കി. ഒരു പ്രദേശത്ത് താമസിക്കുന്ന ആളുകൾക്ക് സ്ഥലത്തിന്റെ പേരുമായി ബന്ധപ്പെട്ട് യോജിപ്പും വിയോജിപ്പുമുണ്ടാകാം . കോടതികൾ ഇത് ജുഡീഷ്യൽ അവലോകനത്തിലൂടെ പരിഹരിക്കണമെന്നാണോ ഹർജിക്കാർ ഉദ്ദേശിക്കുന്നത് . സർക്കാരിന് പേര് നിലനിർത്താൻ അവകാശമുണ്ടെങ്കിൽ, പേര് മാറ്റാനും അവകാശമുണ്ടെന്ന് കോടതി ഉത്തരവിൽ പറയുന്നു.
ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള മുൻ മഹാ വികാസ് അഘാഡി സർക്കാർ 2021 ൽ ഔറംഗബാദിന്റെയും ഒസ്മാനാബാദിന്റെയും പേരുകൾ മാറ്റാൻ തീരുമാനിച്ചിരുന്നു. മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള പുതിയ സർക്കാർ മഹാരാഷ്‌ട്രയിൽ അധികാരമേറ്റതിന് ശേഷം 2022 ജൂലൈ 16-ന് ഈ തീരുമാനം നടപ്പാക്കി. തുടർന്ന് മഹാരാഷ്‌ട്ര സർക്കാരിന്റെ ഈ തീരുമാനത്തിനെതിരെ ഹർജിക്കാർ ബോംബെ ഹൈക്കോടതിയെ സമീപിച്ചു. എന്നാൽ സർക്കാർ തീരുമാനം ഹൈക്കോടതിയും ശരിവച്ചു. ഇതിന് പിന്നാലെയാണ് സുപ്രീംകോടതിയിൽ ഹർജി നൽകിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: