ധര്‍മ്മസ്വരത്തിന്റെയും ധര്‍മ്മ സംഘര്‍ഷത്തിന്റെയും മായികരഥ്യയില്‍ മിന്നലാട്ടം നടത്തുന്ന സംഭവപരമ്പരകളും കരുണരസവും തത്ത്വസന്ദേശവും കണ്ണീര്‍ച്ചാലുകളുമായി ഇതിഹാസ സാഗരം ഒഴുകിപ്പരക്കുകയാണ് ‘അയോദ്ധ്യാകാണ്ഡ’ത്തില്‍. ജീവിതത്തിന്റെ നാനാവര്‍ണ്ണ സങ്കുലമായ സന്ധികളും ത്യാഗസമ്പുഷ്ടിയും ലൗകികാത്മീയ വൈഭവങ്ങളും ദര്ശനസമസ്യകളും ചേര്‍ന്ന് സാമ്രാജ്യസത്തയുടെയും വനജീവിതത്തിന്റെയും അനുഭവസാമഗ്രികളൊരുക്കുന്നു. തീക്ഷ്ണമായ പ്രതലത്തില്‍ തീവ്രതയേറുന്ന ജീവിത ചലനങ്ങളുടെ ഭാഗവതരംഗങ്ങളില് സീതാരാമന്മാരുടെ അനുഭവജ്ജ്വാലകള് ആളിക്കത്തുന്ന വേദിയാണിത്.
ബ്രഹ്മാവിന്റെ നിയോഗം കൈക്കൊണ്ട നാരദമഹാമുനി അയോദ്ധ്യയിലെത്തുന്നു. നാരദ സമാഗമത്തിന്റെ സാന്ദ്രമായ പശ്ചാത്തലവും പദ്ധതിയും രാമാവതാരത്തിന്റെ കര്‍മ്മസരണിയെ പുനരാനയിക്കാനുള്ള ലക്ഷ്യത്തിലാണ്.
”യാതൊന്നു യാതൊന്നു പുല്ലിംഗവാചകം
വേദാന്തവേദ്യ തല്‍സര്‍വ്വവുമേവ നീ
ചേതോ വിമോഹന! സ്ത്രീലിംഗവാചകം
യാതൊന്നതൊക്കവേ ജാനകീ ദേവിയും”
നാരദസ്തുതിയില് ശ്രീരാമ നാരദ സംവാദം കൊഴുക്കുന്നു. മര്‍ത്ത്യജന്മത്തില്‍ അവതാരലക്ഷ്യം മറന്നുപോകരുതെന്നാണ് നാരദ പ്രാര്‍ത്ഥന. രാമന്റെ പ്രത്യുത്തരം ശിരസ്സാവഹിച്ച് ദേവര്‍ഷി യാത്രയാവുന്നു. വനവാസവും തുടര്‍ന്നങ്ങോട്ടുള്ള സംഭവ പരമ്പരകളും രാമന്റെ ചിത്തം സംവിധാനം ചെയ്യുന്നു. ധര്‍മ്മാചരണ വഴിയില്‍ സ്വയം നിര്‍മ്മമമായ ത്യാഗസംതൃപ്തിയിലാണ് തുഞ്ചത്താചാര്യന് രാമചരിത ചിത്രണം നിര്‍വ്വഹിക്കുന്നത്. കൈകേകിയുടെ അതിമോഹവും കുടിലതയും സ്വാര്‍ത്ഥ പ്രേരിതമായ വരസിദ്ധിയും രാമായണത്തിന്റെ ദുരന്തവാഹിയായ നിര്‍വ്വഹണത്തിന് കളമൊരുക്കുകയായിരുന്നു.
ശ്രീരാമാഭിഷേക നിശ്ചയം ഭൗതികതലം വിട്ട് ആന്തരിക ഗരിമയിലേക്ക് മന്ദമായി പ്രവേശിക്കുന്ന നിമിഷങ്ങള്‍ നിര്‍ണ്ണായകമാണ്. കുലാചാര്യനായ വസിഷ്ഠന്റെ ധര്മ്മോപദേശത്തില് പ്രചോദിതനായി താമസംവിനാ സുമന്ത്രരോടൊപ്പം ദശരഥന് അഭിഷേക സമാരംഭം കുറിക്കുകയായി. അയോദ്ധ്യയിലെങ്ങും ആഹ്ലാദത്തിന്റെ അലയൊലികള്‍! വിധിവിഹിതമെന്നപോലെ മ.ന്ഥരയുടെ ഏഷണിയും കൈകേയിയുടെ മനം മാറ്റവും രാജ്യത്ത് കാട്ടുതീയായി പടര്‍ന്നു.
”എന്നുടെ രാമകുമാരനോളം പ്രിയ-
മെന്നുള്ളിലാരേയുമില്ല മറ്റോര്‍ക്ക നീ
അത്രയുമല്ല ഭരതനേക്കാള്‍ മമ
പുത്രനാം രാമനെ സ്നേഹമെനിക്കേറും
രാമനും കൗസല്യാദേവിയേക്കാളെന്നെ
പ്രേമമേറും നൂനമില്ലൊരു സംശയം”
എന്ന് മന്ഥരയോടേറ്റുമുട്ടിയ കൈകേയിയുടെ ഹൃദയം സ്വാര്‍ത്ഥചിന്തയും പകയും പുകഞ്ഞ ഏഷണി വാക്കുകള്‍ക്ക് കീഴടങ്ങുകയായിരുന്നു. നിറഞ്ഞ മാതൃവാത്സല്യവും സ്നേഹാദിവികാരങ്ങളും മാത്രം രാമനുനേരെ നേരത്തെ ചൊരിഞ്ഞ കൈകേയീ വാക്യത്തില്‍ രാമന്റെ ആദര്ശാത്മകവും ആദര പ്രവണവുമായ ഹൃദയം ആചാര്യന് വരച്ചിടുന്നു. നിര്വൈരമാനസനും ശാന്തനും ദയാപരനുമായി രാമന് പ്രത്യക്ഷപ്പെടുകയാണ്. സുരാസുര യുദ്ധത്തിനിടയില്‍ ലഭിച്ച വരപ്രാര്ത്ഥനയാല് കാര്യങ്ങള്‍ നേടാമെന്ന മന്ഥരയുടെ കുബുദ്ധി രാമചരിതത്തെ നീറും നീറ്റലുമുള്ള ഏടുകളാക്കി മാറ്റുവാന്‍ കാരണമായി. സത്യധര്‍മ്മങ്ങള്‍ക്കു മുകളില്‍ സ്വാര്‍ത്ഥതയുടെയും വിചാര രാഹിത്യത്തിന്റെയും വാക്കുകള്‍ വിഷമായി മാറും. കൈകേയിയുടെ ക്രോധാലയ പ്രവേശം ആത്മനാശാലയ പ്രവേശം തന്നെയായിരുന്നു. കൈകേയീ വരപ്രാര്ത്ഥനാഗ്നിയില് ദശരഥന്റെ ആത്മഹൂതി സംഭവിക്കുകയാണ്.
കരഞ്ഞു കരഞ്ഞൊടുക്കം കൈകേയിയുടെ കാല്ക്കല് വീണ് രാമനെ വനവാസത്തില്‍ നിന്നെങ്കിലും ഒഴിവാക്കണമെന്ന് യാചിക്കുന്ന രംഗം കാവ്യത്തിന്റെ ദുരന്ത സീമയിലേക്കുള്ള സൂചികയാവുന്നു. ഇവിടെയും കൈകേയി സത്യത്തെ കൂട്ടുപിടിച്ചാണ് വാദിക്കുന്നത്.
”ഭ്രാന്തനെന്നാകയോ ഭൂമിപതേ! ഭവാന്
ഭ്രാന്തിവാക്യങ്ങള്‍ ചൊല്ലുന്നതെന്തിങ്ങനെ?
ഘോരങ്ങളായ നരകങ്ങളില്‍ ചെന്നു
ചേരുമസത്യവാക്യങ്ങള്‍ ചൊല്ലീടിനാല്‍”
എന്ന് ദശരഥനെ ഉപദേശിക്കുന്ന കൈകേയി, സ്വാര്‍ത്ഥതയുടെ ഇരുട്ടിലും ഹൃദയത്തില്‍ കെടാതെ നില്ക്കുന്ന സത്യപ്രകാശം കൊളുത്തുന്നു.
രാമായണത്തെ ദുരന്ത നാടകമാക്കുന്നതിനുള്ള പങ്കാളിത്തം കേകയപുത്രിക്കും മന്ഥരക്കും ചാര്‍ത്തി നല്കുന്നതില് കഴമ്പില്ലെന്ന് വരകവിയുടെ വരികള്‍ക്കിടയില്‍ വായിക്കാം. വിവാഹാവസരം കന്യാശുല്‍ക്കമായി ദശരഥന് ‘വാഗ്ദാനം ചെയ്ത രാജ്യം’ സ്വന്തമാക്കാനോ രാജമാതാവായി കാലാന്തരം സ്ഥാനമേല്ക്കാനോ കൈകേയി മുതിരുന്നില്ല. കേകയപുത്രിയുടെ സ്വത്വത്തിലേക്കും നിര്‍മ്മലമായ വ്യക്തിത്വ സംസ്കൃതിയിലേക്കമുള്ള ചൂണ്ടുപലകയാണിത്.
താന്‍ ആഗ്രഹിച്ചതുപോലെയല്ല സംഭവ പരമ്പരകളെന്ന് ഗ്രഹിച്ച് ഭരതാഭിലാഷത്തോടൊപ്പം നിന്ന് പശ്ചാത്തപിക്കാനും തെറ്റു തിരുത്താനുമുള്ള ആര്‍ജ്ജവം കൈകേയി കാണിക്കുന്നു. ‘രാജ്യമെന്നാകിലും താതന് നിയോഗിക്കില്‍ താജ്യമെന്നാലറിക നീ മാതാവേ’ എന്ന് കൈകേയീ മാതാവിനോടുള്ള രാമന്റെ ധര്‍മ്മ പ്രകാശന വചനം കൈകേയിയുടെ ആന്തര കര്‍ണ്ണങ്ങളില്‍ എന്നും മാറ്റൊലിയായുണ്ടായിരുന്നു എന്ന് ഗണിക്കാം. രാമായണ രഥത്തിന്റെ അച്ചാണി സംരക്ഷിച്ച് നിര്‍ത്തുന്നത് കൈകേയിയാണ്. നിയതി നിയോഗങ്ങളുടെ മുന്നില്‍ ആരും കര്മ്മസരണിക്കും കര്മ്മച്യുതിക്കും വഴിപ്പെട്ടുപോകും. അഭിഷേക വിഘ്നവും വനവാസവും തുടര്‍ന്നുള്ള സംഭവ സമൃദ്ധികളും ആസൂത്രണം ചെയ്ത വിധികല്പിതമായ കഥാഗതി ജീവിത ദുരന്തത്തിന്റെ പോര്‍മുഖം വരയ്ക്കുന്നു. ക്രൗര്യത്തെ കീഴടക്കുന്ന ആര്‍ദ്രതയിലേക്ക് അവ ഒടുക്കം വന്നണയന്നു. കരുണ രസത്തിന്റെ മായിക പ്രഭാവത്തില്‍ ഇതിഹാസം ജീവിത കാമനയുടെ താളസ്വരമുതിര്ക്കുന്നു.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: