തിരുവനന്തപുരം: വിശാല്‍ വധക്കേസില്‍ ഡിവൈഎഫ്ഐ നേതാവിന്റെ സാക്ഷിമൊഴി ഇടതുപക്ഷവും പോപ്പുലര്‍ ഫ്രണ്ടും തമ്മിലുള്ള ബന്ധം സൂചിപ്പിക്കുന്നതാണെന്ന് എബിവിപി സംസ്ഥാന സെക്രട്ടറി ഇ.യു. ഈശ്വരപ്രസാദ്.
കാമ്പസ് ഫ്രണ്ട് തീവ്രസ്വഭാവമുള്ള സംഘടനയല്ലെന്ന് ചെങ്ങന്നൂര്‍ വിശാല്‍ വധക്കേസിലെ സാക്ഷിയായ ഡിവൈഎഫ്ഐ നേതാവ് അഖില്‍ കോടതിയില്‍ മൊഴി നല്കി. സംഭവ കാലത്ത് ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളജിലെ എസ്എഫ്ഐ യുണിറ്റ് സെക്രട്ടറിയായിരുന്ന അഖില്‍ മാവേലിക്കര അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ പ്രതിഭാഗത്തിന് അനുകൂലമായി മൊഴി നല്‍കുകയായിരുന്നു. പോലിസിന് നേരത്തെ നല്കിയ മൊഴി ഇയാള്‍ കോടതിയില്‍ നിഷേധിച്ചതിനെ തുടര്‍ന്ന് കേസിലെ സ്പെഷല്‍ പ്രോസിക്യൂട്ടര്‍ സാക്ഷി കൂറുമാറിയതായി കണ്ട് വിശദമായ ക്രോസ് വിസ്താരം നടത്തി. എറണാകുളം മഹാരാജാസ് കോളജിലെ അഭിമന്യുവിനെ കൊലപ്പെടുത്തിയത് കാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരാണെന്ന് സമ്മതിച്ച സാക്ഷി, കണ്ണൂരില്‍ സച്ചിനെ കൊലപ്പെടുത്തിയത് കാമ്പസ് ഫ്രണ്ട് കാരല്ലേ എന്ന ചോദ്യത്തിന് അറിയില്ല എന്നാണ് മറുപടി പറഞ്ഞത്.
ഇയാള്‍ നിലവില്‍ ഡിവൈഎഫ്ഐ ചെങ്ങന്നൂര്‍ ലോക്കല്‍ കമ്മിറ്റി അംഗമാണ്. വിശാലിനെ കൊലപ്പെടുത്തിയത് കാമ്പസ് ഫ്രണ്ട്കാരാണെന്ന് അറിഞ്ഞിരുന്നോ എന്ന ചോദ്യത്തിന് അറിവില്ല എന്നും കേസിലെ പ്രതികളായ നാസിം, ആസിഫ് തുടങ്ങിയവര്‍ കോളജിലെ കാമ്പസ് ഫ്രണ്ട്കാരാണെന്നും സാക്ഷി കോടതിയില്‍ പറഞ്ഞു. ഈ ഉത്തരങ്ങളൊക്കെ ഇടതുപക്ഷം പോപ്പുലര്‍ ഫ്രണ്ടിനെ സംരക്ഷിക്കുന്നതിന് തെളിവാണെന്ന് ഈശ്വരപ്രസാദ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: