കല്പറ്റ: വയനാട് ഉരുൾപൊട്ടലിൽ രക്ഷിക്കാൻ കഴിയുന്നവരെയെല്ലാം രക്ഷിച്ചെന്നും ഇനി ആരും അവിടെ ബാക്കിയില്ലെന്നുമാണ് സൈന്യം അറിയിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കെട്ടിടത്തിനുള്ളിൽ ആളുകൾ കുടുങ്ങിയോ എന്ന് പരിശോധിക്കും. വയനാട്ടിൽ സർവകക്ഷി യോഗത്തിനും മന്ത്രിസഭാ യോഗത്തിനും ശേഷം വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുണ്ടക്കൈയില്‍ ബെയ്ലി പാലം നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ യന്ത്രങ്ങളടക്കം എത്തിച്ച് രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമായി നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ദുരന്തഭൂമിയില്‍ ജീവനോടെ ആരുമില്ലെന്ന് സൈനികമേധാവി അറിയിച്ചിട്ടുണ്ട്. എന്നാല്‍ കാണാതായ ഒട്ടേറേ ആളുകളുണ്ട്. ആവശ്യമായ യന്ത്രങ്ങള്‍ എത്തിക്കാന്‍ പറ്റാത്തത് രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളികയായിരുന്നു. എന്നാല്‍ ബെയ്ലി പാലം നിര്‍മാണം പൂര്‍ത്തിയായതോടെ യന്ത്രസംവിധാനങ്ങള്‍ എത്തിച്ച് തിരച്ചില്‍ വേഗത്തിലാക്കാന്‍ സാധിക്കും.
നിലമ്പൂര്‍ ഭാഗത്തേക്ക് ഒഴുകിപ്പോയ മൃതദേഹങ്ങള്‍ കണ്ടെത്താന്‍ ചാലിയാര്‍ പുഴയില്‍ തിരച്ചില്‍ തുടരുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. നിലവില്‍ പ്രധാന ശ്രദ്ധ രക്ഷാപ്രവര്‍ത്തനത്തിലാണ്. തത്കാലം ആളുകളെ ക്യാംപില്‍ താമസിപ്പിക്കും. എന്നാല്‍ ക്യാമ്പില്‍ സ്ഥിരതാമസമാക്കാനാവില്ല. അവരെ പുനരധിവസിപ്പിക്കേണ്ടതുണ്ട്. ആ പുനരധിവാസ പ്രക്രിയ ഫലപ്രദമായി സ്വീകരിക്കും. ക്യാമ്പുകളില്‍ താമസിക്കുന്നത് വ്യത്യസ്ത കുടുംബങ്ങളിലുള്ളവരാണ്. ഓരോ കുടുംബത്തിനും ആ കുടുംബത്തിന്റെ സ്വകാര്യത കാത്തുസൂക്ഷിക്കാന്‍ പറ്റുന്ന തരത്തിലായിരിക്കണം ക്യാമ്പ്.
ക്യാമ്പിനകത്തേക്ക് കാമറയുമായി കടക്കരുത്. ആരെയെങ്കിലും കാണണമെങ്കില്‍ ക്യാമ്പിന് പുറത്തുവച്ച് മാധ്യമങ്ങള്‍ക്ക് കാണാം. ക്യാമ്പിനകത്ത് താമസിക്കുന്നവരെ കാണാന്‍ വരുന്നവര്‍ക്ക് അകത്തേക്ക് കയറാന്‍ അനുമതി ഉണ്ടാകില്ല. ക്യാമ്പിന് പുറത്ത് ഒരു റിസപ്ഷന് ഉണ്ടാക്കും. ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സാന്നിധ്യം ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കുട്ടികളുടെ വിദ്യാഭ്യാസത്തിന് തടസമുണ്ടാകില്ല. കുട്ടി എവിടെയാണോ അവിടെ ഇരുന്നുകൊണ്ട് തന്നെ വിദ്യ നല്‍കാനാവും. പെട്ടെന്ന് സ്കൂളിലേക്ക് പോകാനാവില്ല. എല്ലാവര്ക്കും കൗണ്‍സിലിംഗ് നല്‍കും. പകര്‍ച്ചവ്യാധി തടയാന്‍ എല്ലാവരുടെയും സഹകരണം ആവശ്യമാണ്. ആരോഗ്യ വകുപ്പ് മുന്നറിയിപ്പുകള്‍ അംഗീകരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിമാര്‍ എല്ലാവരും ഇവിടെ തുടരുന്നത് പ്രായോഗികമല്ല. റവന്യൂ, വനം, ടൂറിസം, എസ്സി എസ്ടി മന്ത്രിമാര്‍ അടങ്ങുന്ന മന്ത്രിസഭാ ഉപസമിതി ഇവിടെ ക്യാമ്പ് ചെയ്ത് പ്രവര്‍ത്തിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
രാവിലെ കളക്ട്രേറ്റില്‍ നടന്ന സര്‍വകക്ഷി യോഗത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്, ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി, കേരള കോണ്‍ഗ്രസ് നേതാവ് ജോസ് കെ .മാണി തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: