Kerala

കാട്ടിക്കൊടുക്കുമോ ഇവന്റെ പ്രിയതമയെ….കടല്‍ കടന്ന് വന്നത് അവളെ ഒരു നോക്കുകാണാന്‍…ഏത് മണ്ണിനടിയിലാണ് അവളിപ്പോള്‍?

രാത്രി ഒരു മണിയായിക്കാണണം. വീടിനകത്ത് പുഴ മൃഗീയമായി മുരണ്ടു. നീതു എന്തോ ഒരു അപകടം മണത്തു. അവള്‍ ഭര്‍ത്താവ് ജോജോയെ തട്ടിവിളിച്ചു. അപ്പോഴേക്കും കാര്യങ്ങള്‍ കൈവിട്ടിരുന്നു. ചെളിയും മരവും എന്തിന് കാറുവരെയും ഒഴുക്കിക്കൊണ്ട് അലറിപ്പാഞ്ഞ് ഉരുള്‍പൊട്ടലിന്റെ കുതിപ്പ് വീടിനരികിലേക്ക്. ജോജോയ്‌ക്ക് ഒരു നിമിഷം എന്ത് ചെയ്യണമെന്നറിഞ്ഞില്ല. മനസ്സാന്നിധ്യം വീണ്ടെടുത്ത അയാള്‍ കൂടുതല്‍ ശ്രദ്ധിച്ചത് പ്രായമേറിയ അച്ഛനെയും അമ്മയെയും ചെറിയ കുട്ടിയേയും. അപ്പോഴെന്തോ വീട്ടില്‍ എല്ലാ കാര്യവും നോക്കിനടത്തുന്ന ഭാര്യയെക്കുറിച്ച് അയാള്‍ ഒരു നിമിഷം മറന്നുവോ?

എങ്ങിനെയോ വാതില്‍ തള്ളിത്തുറന്ന് ജോജോ മാതാപിതാക്കളെയും കുട്ടിയെയും കൂട്ടി കുതിച്ചു. രക്ഷപ്പെടല്‍ മാത്രമായിരുന്നു മനസ്സില്‍. അപ്പോഴേക്കും പാലം തകര്‍ന്നിരുന്നു. റോഡ് ഒലിച്ചുപോയിരിക്കുന്നു. എങ്ങിനെയോ ഓടി ഒരു സുരക്ഷിതകേന്ദ്രത്തില്‍ കരപറ്റിയപ്പോഴാണ് കണ്ണിനു കണ്ണായ പ്രിയതമയെ ഓര്‍ത്തത്. അവള്‍ മാത്രം കൂടെയില്ല. തിരിച്ച് വീണ്ടും കുതിച്ചു ചെന്നപ്പോഴേക്കും തന്റെ വീട് തന്നെ അപ്രത്യക്ഷമായിരിക്കുന്നു. ഒരു ഭ്രാന്തനെപ്പോലെ ജോജോ അവിടെ നാലുപാടും പ്രിയതമ നീതുവിന്റെ പേര് വിളിച്ച് അലറിക്കരഞ്ഞു. വീടോടെ അവളെ എടുത്തുകൊണ്ടുപോയ ഉരുള്‍പൊട്ടല്‍. ഏത് മണ്ണിനടിയിലാകാം? അതോ ദൂരെ പുഴയിലോ? എവിടെയും ഇതുവരെയും പ്രിയതമയെ കണ്ടെത്താനായില്ല. ഇപ്പോള്‍ ദുരിതാശ്വാസപ്രവര്‍ത്തകര്‍ കൊണ്ടുവരുന്ന മൃതദേഹങ്ങളെ പൊതിഞ്ഞ വെള്ളത്തുണി മാറ്റി നോക്കിത്തളരുകയാണ് ജോജോ. അവളുടെ മുഖം മാത്രം ഇല്ല.

മേപ്പാടിയിലെ മൂപ്പന്‍സ് ഹോസ്പിറ്റളില്‍ ഫ്രണ്ട് ഓഫീസറായി ജോലി ചെയ്തുവരികയായിരുന്നു നീതു ജോജോ. അര്‍ധരാത്രി ഒന്നര മണിക്ക് നീതു താന്‍ ജോലി ചെയ്യുന്ന മൂപ്പന്‍സ് ഹോസ്പിറ്റലില്‍ കരഞ്ഞ് വിളിച്ചിരുന്നു “ഞങ്ങളുടെ വീട്ടില്‍ വെള്ളം കയറി. ആരെയെങ്കിലും വിട്ടൊന്ന് രക്ഷിയ്‌ക്കാമോ?” വീണ്ടും 2.18നും സഹായം അഭ്യര്‍ത്ഥിച്ച് ആശുപത്രിയില്‍ നീതു വിളിച്ചു. 2.50ന് ആശുപത്രിയില്‍ നിന്നും തിരിച്ചുവിളിച്ചപ്പോഴേക്കും നീതുവിന്റെ ഫോണ്‍ ശബ്ദിക്കുന്നില്ലായിരുന്നു.

വിദേശത്ത് ജോലി ചെയ്യുന്ന ജോജോ അവധിക്ക് ഭാര്യയെ കാണാന്‍ വന്നതാണ്. ഒരു ബ്ലോഗര്‍ കൂടിയായ ജോജോയുടെ ബ്ലോഗിന്റെ പേര് ഡ്രീംസ് എന്നാണ്, തന്റെ നാടായ ചൂരല്‍മലയെക്കുറിച്ച് ജോജോ ബ്ലോഗില്‍ കുറിച്ചിരിക്കുന്നത് എന്താണെന്നോ? ‘ഇത് ദൈവത്തിന്റെ സ്വന്തം നാട്, എന്റെ ചൂരല്‍മല’. പ്രിയതമ നീതുവിനെ കവര്‍ന്നെടുത്ത് പോയ ഉരുള്‍പൊട്ടലില്‍ നരകമായി മാറിയ ചൂരല്‍ മലയെ ഇനി ജോജോ എന്ത് പേരിട്ട് വിളിക്കും? ചൂരല്‍മലയിലെ ഹൈസ്കൂള്‍ റോഡില്‍ കെട്ടിപ്പൊക്കിയ ഉറപ്പുള്ള തന്റെ വീട് ഏറ്റവും സുരക്ഷിതമായ താവളമാണെന്ന് നീതുവും കരുതിയിരുന്നു. കുന്നിന്‍മുകളില്‍തലയുയര്‍ത്തി നിന്നിരുന്ന സ്വപ്നഭവനം. എന്നാല്‍ എല്ലാ പ്രതീക്ഷകളെയും തെറ്റിച്ച് കടന്നുവന്ന ഉരുള്‍പൊട്ടല്‍ ആ സ്വപ്നം ഉടച്ചുകളഞ്ഞു. പ്രകൃതിയും ചിലപ്പോള്‍ കാഴ്ച നഷ്ടപ്പെട്ട മൃഗമായി മാറുന്നു. മനുഷ്യന്റെ സുന്ദരസ്പപ്നങ്ങളെ ചവച്ചുതുപ്പുന്ന മൃഗം.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക