ന്യൂഡൽഹി: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം അൻഷുമാൻ ഗെയ്‌ക്‌വാദ് (71) അന്തരിച്ചു. ദീർഘകാലമായി അർബുദ ബാധിതനായി ചികിത്സയിൽ കഴിയുകയായിരുന്നു. വഡോദരയിലെ ഭൈലാൽ അമീൻ ജനറൽ ആശുപത്രിയിലാണ് അന്ത്യം. ഒരു വർഷമായി ലണ്ടനിലെ കിംഗ്‌സ് കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഗെയ്‌ക്‌വാദിനെ അടുത്തിടെയാണ് ഇന്ത്യയിലേക്ക് കൊണ്ടുവന്നത്.
1975നും 1987നും ഇടയിൽ ഇന്ത്യക്കായി 40 ടെസ്റ്റുകളും 15 ഏകദിനങ്ങളും കളിച്ച ഗെയ്‌ക്‌വാദ് പിന്നീട് രണ്ട് തവണ ഇന്ത്യയുടെ പരിശീലകനുമായിരുന്നു.
അടുത്തിടെ മുൻ ഇന്ത്യൻ ക്യാപ്റ്റൻ കപിൽദേവ് അദ്ദേഹത്തിന്റെ ചികിത്സ ചിലവിന് ബിസിസിഐയോട് സഹായം തേടിയതോടെയാണ് വീണ്ടും അൻഷുമാൻ ഗെയ്‌ക്‌വാദ് മാധ്യമങ്ങളിൽ നിറഞ്ഞു നിന്നത്. ലണ്ടനിലെ ചികിൽസാച്ചെലവ് താങ്ങാനാവാതെ ഗെയ്‌ക്‌വാദും കുടുംബവും സാമ്പത്തികമായി ബുദ്ധിമുട്ടുന്നുണ്ടെന്നറിഞ്ഞപ്പോഴായിരുന്നു സഹായ അഭ്യർത്ഥന. തുടർന്ന് ബിസിസിഐ ഗെയ്‌ക്‌വാദിന്റെ ചികിത്സക്കായി ഒരുകോടി രൂപ സഹായധനം നൽകുകയും ചെയ്തിരുന്നു.
ഇന്ത്യൻ പ്രധാനമന്ത്രി ഗെയ്‌ക്‌വാദിന്റെ കുടുംബത്തെ അനുശോചനം രേഖപ്പെടുത്തുകയും ഇന്ത്യൻ ക്രിക്കറ്റിന് അദ്ദേഹം നൽകിയ സംഭാവനകളെ തന്റെ എക്‌സ് പോസ്റ്റിൽ അനുസ്മരിക്കുകയും ചെയ്തു.
“ക്രിക്കറ്റിന് നൽകിയ സംഭാവനകൾക്കായി ശ്രീ അൻഷുമാൻ ഗെയ്‌ക്ക്വാദ് ജി ഓർമ്മിക്കപ്പെടും,” പ്രധാനമന്ത്രി മോദി തന്റെ എക്‌സ് പോസ്റ്റിൽ പറഞ്ഞു. “അദ്ദേഹം പ്രതിഭാധനനായ കളിക്കാരനും മികച്ച പരിശീലകനുമായിരുന്നു. അദ്ദേഹത്തിന്റെ വിയോഗത്തിൽ വേദനിക്കുന്നു. അദ്ദേഹത്തിന്റെ കുടുംബത്തിനും ആരാധകരോടും അനുശോചനം അറിയിക്കുന്നു. ഓം ശാന്തി.”
Shri Anshuman Gaekwad Ji will be remembered for his contribution to cricket. He was a gifted player and an outstanding coach. Pained by his demise. Condolences to his family and admirers. Om Shanti.
— Narendra Modi (@narendramodi) July 31, 2024
പ്രതികരിക്കാൻ ഇവിടെ എഴുതുക: