പാരിസ്: ബാഡ്മിന്റണ്‍ കോര്‍ട്ടില്‍ നിന്ന് ഭാരതത്തിന് സന്തോഷ വാര്‍ത്ത. വനിതാ വിഭാഗത്തില്‍ തുടര്‍ച്ചയായ രണ്ടാം വിജയം നേടി പി.വി. സിന്ധു പ്രീ ക്വാര്‍ട്ടറിലേക്ക് പ്രവേശിച്ചപ്പോള്‍ പുരുഷ സിംഗിള്‍സില്‍ ലോക മൂന്നാം നമ്പര്‍ താരത്തെ ലക്ഷ്യ സെന്‍ അട്ടിമറിക്കുകയും ചെയ്തു.
വനിതാ സിംഗിള്‍സില്‍ അനായാസ വിജയത്തോടെയാണ് സിന്ധു പ്രീ ക്വാര്‍ട്ടറിലെത്തിയത്. തികച്ചും ഏകപക്ഷീയമായി മാറിയ മത്സരത്തില്‍ എസ്തോണിയന്‍ താരം ക്രിസ്റ്റിന് കുബയെ 21-5, 21-10 എന്ന സ്കോറില്‍ തോല്‍പ്പിച്ചാണ് സിന്ധു പ്രീക്വാര്‍ട്ടറില്‍ കടന്നത്. പ്രീ ക്വാര്‍ട്ടറില്‍ സിന്ധുവിന്റെ എതിരാളി ചൈനയുടെ ഹി ബിന്ജിയാവോയാണ്.
പുരുഷന്മാരില് ലക്ഷ്യ സെന്‍ ഇന്തോനേഷ്യയുടെ ജോനാതന് ക്രിസ്റ്റിയെ നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് തകര്‍ത്തത്. സ്കോര്‍: 21-18, 21-12. കളി 50 മിനിറ്റ് നീണ്ടുനിന്നു. സ്കോര്‍ ബോര്‍ഡ് സൂചിപ്പിക്കുന്നത്ര കടുപ്പം കുറഞ്ഞ മത്സരമായിരുന്നില്ല ജൊനാതനും ലക്ഷ്യയും തമ്മിലുള്ളത്. പ്രത്യേകിച്ചും മത്സരത്തിന്റെ തുടക്കം. ആദ്യ ഗെയിമിന്റെ തുടക്കത്തില്‍ ലക്ഷ്യയെ തീര്‍ത്തും നിസാരനാക്കുന്ന പ്രകടനമായിരുന്നു ജൊനാതന്റേത്. ഒരു ഘട്ടത്തില്‍ ഇന്തൊനേഷ്യന്‍ താരം 8-2നു ലീഡ് നേടിയതോടെ ഭാരത ക്യാമ്പ് നിരാശയിലായി. പിന്നീട് ലക്ഷ്യ അപാര ഫോമിലേക്ക് തിരിച്ചെത്തുന്നതാണ് കണ്ടത്. അവിടെനിന്ന് തിരിച്ചടിച്ച് ഗെയിം 10-10ന് സമനിലയിലെത്തിച്ച ലക്ഷ്യസെന്‍ പിന്നീട് വിട്ടുകൊടുക്കാതെ മുന്നേറിയാണ് ആദ്യ ഗെയിം സ്വന്തമാക്കിയത്.
രണ്ടാം ഗെയിമില്‍ ജൊനാതന്റെ ചെറുത്തുനില്‍പ്പിന്റെ കാഠിന്യം കുറഞ്ഞു. ഇത്തവണ തുടക്കത്തില്‍ത്തന്നെ ലീഡ് പിടിച്ച ലക്ഷ്യ, കാര്യമായ പോരാട്ടത്തിനു പോലും അവസരം നല്‍കാതെ ഗെയിം പിടിച്ചെടുത്തു. ഒപ്പം മത്സരവും. വിജയത്തോടെ ഗ്രൂപ്പ് എല്ലില്‍ നിന്ന് ഒന്നാം സ്ഥാനക്കാരനായി ലക്ഷ്യ സെന്‍ പ്രീ ക്വാര്‍ട്ടറിലേക്ക് മുന്നേറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: