പാരീസ്: ഒളിംപിക്സ് പുരോഗമിക്കുകയാണ്. ഡസന്‍ കണക്കിന് മെഡല്‍ ജേതാക്കള്‍ ഇതിനോടകം തന്നെ സൃഷ്ടിക്കപ്പെട്ടു കഴിഞ്ഞു. എന്നാല്‍ ഒളിമ്പിക് ജേതാക്കളെ കാത്തിരിക്കുന്നത് മെഡല്‍ മാത്രമല്ല. ഒളിംപിക് ചിഹ്നത്തിന്റെ സ്റ്റഫ്ഡ് കളിപ്പാട്ടവും ഔദ്യോഗിക ഇവന്റ് പോസ്റ്ററടങ്ങിയ ‘മിസ്റ്ററി’ ബോക്സും അടക്കമുള്ള സമ്മാനങ്ങളാണ് ഒളിമ്പിക് കമ്മിറ്റി നല്‍കുന്നത്. അതിനൊപ്പം പല രാജ്യങ്ങളും അവരുടെ മെഡല്‍ ജേതാക്കള്‍ക്ക് സമ്മാനമായി പണവും മറ്റ് ഉപഹാരങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്.
ഹോങ്കോങ്ങും സിംഗപ്പൂരുമാണ് അക്കാര്യത്തില്‍ മുന്നില്‍. സ്വര്‍ണ്ണമെഡല്‍ ജേതാവിന് ആറ് ദശലക്ഷം ഹോങ്കോങ് ഡോളര്‍, വെള്ളിമെഡല്‍ ജേതാവിന് 3 ദശലക്ഷം ഹോങ്കോങ് ഡോളര്‍, വെങ്കലമെഡല്‍ ജേതാവിന് 1.5 ഹോങ്കോങ് ഡോളര്‍ ദശലക്ഷം എന്നിങ്ങനെയാണ് ഹോങ്കോങ് പ്രഖ്യാപിച്ച സമ്മാനത്തുക. ഹോങ്കോങിനായി ഫെന്‍സിംഗില്‍ വിവിയന്‍ കോംഗും ചിയുങ് കാ-ലോംഗും ഇതിനകം സ്വര്‍ണം നേടി. നീന്തലില്‍ സിയോഭാന് ബെര്‍ണാഡെറ്റ് ഹൗഗെ വെങ്കലവും നേടി.
സിംഗപ്പൂരാകട്ടെ, സ്വര്‍ണ്ണത്തിന് ഒരു ദശലക്ഷം സിംഗപ്പൂര്‍ ഡോളര്‍ ആണ് സമ്മാനം നല്‍കുക. വെള്ളിക്ക് ഇത് അഞ്ച് ലക്ഷവും വെങ്കലത്തിന് രണ്ടര ലക്ഷവും. 2016-ല്‍ മൈക്കല്‍ ഫെല്‍പ്സിനെ പരാജയപ്പെടുത്തി സ്വര്‍ണ്ണം നേടിയ ജോസഫ് സ്കൂളിംഗാണ് സിംഗപ്പൂരിന്റെ ഇതുവരെയുള്ള ഏക സ്വര്‍ണ്ണമെഡല്‍ ജേതാവ് എന്നതിനാല്‍ ഇതുവരെ അവര്‍ക്ക് മറ്റാര്‍ക്കും സമ്മാനം നല്‍കേണ്ടി വന്നിട്ടില്ല എന്നതാണ് രസം.
മറ്റ് രാജ്യങ്ങളും കാര്യമായ സംഖ്യ തന്നെ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇസ്രായേല്‍ സ്വര്‍ണ്ണത്തിന് ഒരു ദശലക്ഷം ഇസ്രായേലി ഷെക്കല്‍ നല്കുമ്പോള്, ഫ്രാന്‍സ് സ്വര്‍ണ്ണ മെഡല്‍ ജേതാക്കള്‍ക്ക് 80,000 യൂറോ നല്കുന്നു.
സമ്മാനത്തുകയില്‍ ഭാരതവും ഒട്ടും പിറകിലല്ല. സ്വര്‍ണ്ണ മെഡല്‍ ജേതാക്കള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച സമ്മാനത്തുക 75 ലക്ഷം രൂപയാണ്. ഇന്ത്യന്‍ ഒളിംപിക് അസോസിയേഷനാകട്ടെ (ഐഒഎ) ഒരു കോടിയും പ്രഖ്യാപിച്ചിരിക്കുന്നു! വെള്ളി, വെങ്കല മെഡല്‍ ജേതാക്കള്‍ക്കും പ്രഖ്യാപിച്ചിരിക്കുന്നത് വലിയ സമ്മാനത്തുകകള്‍ തന്നെ. ഇത് നമ്മുടെ അത്ലറ്റുകളോട് നമുക്കുള്ള പ്രതിബദ്ധതയുടെ സൂചകമാണ്. ‘Esprit olympique : l’important, c’est de participer !
പ്രതികരിക്കാൻ ഇവിടെ എഴുതുക: