തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ മൂന്ന് സീറ്റുകള്‍ ബിജെപി പിടിച്ചെടുത്തു.
ആലപ്പുഴ ജില്ലയില്‍ ചെറിയനാട് ഗ്രാമപഞ്ചായത്തിലെ അരിയന്നൂര്‍ശ്ശേരി വാര്‍ഡില്‍ ബിജെപിയിലെ ഒ.ടി.ജയമോഹന് വിജയിച്ചു. സിപിഎമ്മില്‍ നിന്നാണ് സീറ്റ് പിടിച്ചെടുത്തത്. മൂന്ന് ദശാബ്ദമായി ഇടതുപക്ഷം കുത്തകയാക്കിവെച്ചിരുന്ന വാര്‍ഡാണിത്. ബിജെപി സ്ഥാനാര്‍ത്ഥി 510 വോട്ടുകള്‍ നേടിയപ്പോള്‍ സിപിഎമ്മിലെ ഉണ്ണിക്കൃഷ്ണന്നായര്ക്ക് 403 വോട്ടുകളെ ലഭിച്ചുള്ളൂ. യുഡിഎഫിലെ ചെറിയനാട് ദിലീപ് 253 വോട്ടുകള്‍ നേടി.
സാമൂഹ്യ സാംസ്കാരിക പ്രവര്‍ത്തകനായ ഒ.ടി. ജയമോഹനന് 1995, 2000, 2015 കാലഘട്ടങ്ങളിലും പഞ്ചായത്ത് മെമ്പറായിട്ടുണ്ട്. റെയില്‍വെ പാസഞ്ചേഴ്സ് അസോസിയേഷന് കണ്‍വീനറും സാന്ത്വനം ഭക്തജനസേവാസമിതി ചെയര്‍മാനുമാണ്.
ഇടുക്കി ജില്ലയില്‍ അറക്കുളം ഗ്രാമപഞ്ചായത്തിലെ ജലന്ധര്‍ വാര്‍ഡ് ബിജെപിയിലെ വിനീഷ് വിജയന് (കണ്ണന് ഉത്രാടം) ഉജ്വല വിജയം. 132 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയം. പോള്‍ ചെയ്ത 767 വോട്ടില്‍ വിനീഷ് വിജയന് 362 വോട്ടും യുഡിഎഫിലെ അലക്സ് ഇടമലയ്ക്ക് 230 വോട്ടും ലഭിച്ചു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ടോമി കുന്നേല്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 175 വോട്ടാണ് ലഭിച്ചത്.
തൃശ്ശൂര്‍ പാവറട്ടി ഗ്രാമപഞ്ചായത്തിലെ കാളാനി ഒന്നാം വാര്‍ഡ് കോണ്‍ഗ്രസില്‍ നിന്ന് ബിജെപി സ്ഥാനാര്‍ത്ഥി സരിത രാജീവ് പിടിച്ചെടുത്തു. എസ്ഡിപിഐ ആണ് ഇവിടെ രണ്ടാംസ്ഥാനത്ത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് 130 വോട്ടിന് ജയിച്ച വാര്‍ഡില്‍ 291 വോട്ടിന്റെ ഭൂരപിക്ഷത്തിനാണ് ബിജെപി വിജയം. വോട്ടുനില: എന്‍ഡിഎ- 556, എസ്ഡിപിഐ- 265, യുഡിഎഫ്- 95, എല്‍ഡിഎഫ്- 29.
ഉപതെരഞ്ഞെടുപ്പ് നടന്ന 49 സീറ്റുകളില്‍ 23 സ്ഥലത്ത് എല്‍ഡിഎഫും 19 സ്ഥലത്ത് യുഡിഎഫും മൂന്ന് സ്ഥലത്ത് എന്‍ഡിഎയും സ്വതന്ത്രര്‍ നാലിടത്തും വിജയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: