തിരുവനന്തപുരം: തിരുവനന്തപുരം വഞ്ചിയൂരില്‍ വീട്ടില്‍ കയറി വെടിവച്ച ഡോക്ടര്‍ ദീപ്തിമോള്‍ ജോസിനെ പോലീസ് അറസ്റ്റ് ചെയ്തത് ഡ്യൂട്ടിക്കിടെ. കൊല്ലത്തെ സ്വകാര്യ മെഡിക്കല്‍ കോളേജിലെ ക്രിട്ടിക്കല്‍ കെയര്‍ വിഭാഗത്തിലെ പ്രധാന ഡോക്ടറായിരുന്നു ദീപ്തി. കൃത്യമായ തെളിവുകള്‍ ലഭിച്ച ശേഷമായിരുന്നു പോലീസ് ഈ നടപടിയിലേക്ക് കടന്നത്.
ഉച്ചക്ക് 12 മണിയോടെ ആശുപത്രിയിലെത്തിയ സംഘം ഡോക്ടറെ അതിവേഗത്തില്‍ അറസ്റ്റ് ചെയ്ത് മടങ്ങുകയായിരുന്നു. ദീപ്തിയുടെ ഭര്‍ത്താവും ഇതേ ആശുപത്രിയിലെ ഡോക്ടറാണ്. ആദ്യഘട്ട ചോദ്യം ചെയ്യലില്‍ ഡോ: ദീപ്തി എല്ലാം നിഷേധിച്ചു. എന്നാല്‍ തെളിവുകള്‍ നിരത്തിയുള്ള ചോദ്യം ചെയ്യലിലാണ് പ്രണയവും പകയും ആസൂത്രണവുമെല്ലാം പ്രതി വ്യക്തമാക്കിയത്. വെടിയേറ്റ ഷിനിയുടെ ഭര്‍ത്താവ് കൊല്ലത്തെ മറ്റൊരു സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യുമ്പോഴായിരുന്നു ദീപ്തിയുമായി അടുത്തത്. എന്നാല്‍ ഇവിടെ നിന്നും ജോലി മാലദ്വീപിലേക്ക് മാറിയതോടെ ഈ ബന്ധത്തില്‍ നിന്ന് അകന്നു. ഇതിലെ പകയാണ് വെടിവയ്‌പ്പ് വരെ എത്തിച്ചത്.
വെടിവയ്‌പ്പുണ്ടായ ആദ്യ ദിവസം തന്നെ വ്യക്തിപരമായ പ്രശ്‌നമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് ഉറപ്പിച്ചിരുന്നു. എന്നാല്‍ ആവര്‍ത്തിച്ച് ചോദിച്ചിട്ടും ഷിനിയോ ഭര്‍ത്താവ് സുജിത്തോ എന്തെങ്കിലും പ്രശ്‌നമുള്ളതായി തുറന്ന് പറഞ്ഞില്ല. ഇതോടെ വെടിവയ്‌പ്പിന് ശേഷം അക്രമി പോയ കാറിന്റെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതോടെ പൊലീസിന് ആദ്യ തെളിവ് കിട്ടി.
കല്ലമ്പലത്ത് വച്ച് കാര്‍ നിര്‍ത്തി ദീപ്തി പുറത്തിറങ്ങുന്ന ദൃശ്യങ്ങള്‍ ലഭിച്ചതോടെ പൊലീസിനെ ആക്രമിയെ മനസിലായി. തുടര്‍ന്ന് ദീപ്തിയുടെ മൊബൈല്‍ നമ്പര്‍ കണ്ടെത്തി. ആ നമ്പറിലേക്കുള്ള ഫോണ്‍വിളി വിവരങ്ങളെടുത്തതോടെ ദീപ്തിയും സുജിത്തും തമ്മിലുള്ള ബന്ധം വ്യക്തമായി. ഇതിന്റെ അടിസ്ഥാനത്തിലാണ് ജോലി ചെയ്യുന്ന ആശുപത്രിയില്‍ നിന്ന് ദീപ്തിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
കഥ ഇങ്ങനെ: വെടിയേറ്റ ഷിനിയുടെ ഭര്‍ത്താവ് സുജിത്തുമായുള്ള ഡോ. ദീപ്തിയുടെ പ്രണയമാണ് വെടിവയ്‌പ്പില്‍ കലാശിച്ചത്. ദീപ്തിയും ഷിനിയുടെ ഭര്‍ത്താവ് സുജിത്തും കൊല്ലത്തെ മറ്റൊരു സ്വകാര്യ ആശുപത്രിയില്‍ ഒരുമിച്ച് ജോലി ചെയ്തിരുന്നു. അങ്ങനെ തുടങ്ങിയ അടുപ്പം ഇരുവരും തമ്മിലുള്ള പ്രണയത്തിലേക്ക് വഴിവച്ചു.
സുജിത്തും ദീപ്തിയും വേറെ വിവാഹം കഴിച്ചിട്ടുള്ളവരായതിനാല്‍ ആ ബന്ധം രഹസ്യമായി തുടര്‍ന്നു. ദീപ്തിയുടെ ഭര്‍ത്താവും ഡോക്ടറാണ്. എന്നാല്‍ രണ്ടു വര്‍ഷം മുന്‍പ് സുജിത്ത് കൊല്ലത്തെ ജോലി അവസാനിപ്പിച്ച് മാലിദ്വീപിലേക്ക് പോയി. ഇതോടെ ദീപ്തിയുമായുള്ള ബന്ധത്തില്‍ വിള്ളലുണ്ടായി. സുജിത്ത് അകന്നത് ദീപ്തിയെ അലട്ടിയിരുന്നു.
ബന്ധം തുടരാന്‍ പലതവണ ആവശ്യപ്പെട്ടപ്പോഴും ഭാര്യയും കുട്ടികളുമുള്ളതിനാല്‍ താല്‍പര്യമില്ലെന്ന് പറഞ്ഞ് സുജിത്ത് ഒഴിഞ്ഞു. ഇതോടെ തന്നെ ചതിച്ചെന്ന ചിന്തയിലേക്ക് ദീപ്തി എത്തുകയും വൈരാഗ്യമുണ്ടാവുകയും ചെയ്തു. സുജിത്തിന്റെ കുടുംബം തകര്‍ക്കണമെന്ന പകയാണ് ആക്രമണത്തില്‍ കലാശിച്ചത്.
മാസങ്ങളോളം നീണ്ട ആസുത്രണം ദീപ്തി ഇതിനായി നടത്തി. പലവട്ടം വഞ്ചിയൂരിലെ വീട്ടിലെത്തി നിരീക്ഷണം നടത്തി. എയര്‍പിസ്റ്റള്‍ ഓണ്‍ലൈനായി വാങ്ങി. ഇന്റര്‍നെറ്റില്‍ നോക്കി മാസങ്ങളോളം വെടിവച്ച് പരിശീലനം നടത്തി. വീടും പരിസരവും നിരീക്ഷിക്കുന്നതിനിടയിലാണ് സുജിത്ത് വീട്ടിലേക്ക് കൊറിയര്‍ അയക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതും. ആ വേഷത്തില്‍ വീട്ടില്‍ എത്തിയതും വെടിവച്ചതും.
ബന്ധുവിന്റെ വാഹനം വാങ്ങിയാണ് ആക്രണത്തിന് എത്തിയത്. ഇതില്‍ ഉണ്ടായിരുന്ന വ്യാജ നമ്പര്‍ പ്ലേറ്റ് എറണാകുളത്ത് നിന്നും സംഘടിപ്പിച്ചതാണ്. ഡോക്ടര്‍ ആയതിനാല്‍ ശരീരത്തിലേല്‍ക്കുന്ന പരിക്കിനെക്കുറിച്ചും മരണസാധ്യതയും ദീപ്തിക്ക് അറിയാമായിരുന്നു. ആക്രമിച്ച ദിവസം ധരിക്കാന്‍ നീളന്‍ കോട്ടും പ്രത്യേക തൂവാലയും വാങ്ങിയിരുന്നു. ഇത്രയും ആസൂത്രണത്തോടെയാണ് ആക്രമണം നടത്തിയത്.
തിരക്ക് കുറഞ്ഞ ദിവസം നോക്കിയാണ് ഞായറാഴ്ച പെരുന്താന്നി ചെമ്പകശേരി പങ്കജിലെത്തി ഷിനിയെ വെടിവെച്ചതും.
വ്യാജ നമ്പർ പതിച്ച കാറിലെത്തി ഷിനിയെ ആക്രമിച്ചശേഷം ചാക്ക വഴിയാണ് പ്രതി രക്ഷപ്പെട്ടത്. കുളത്തൂർ, കഴക്കൂട്ടം, കണിയാപുരം, പള്ളിപ്പുറം, മംഗലപുരം, ആറ്റിങ്ങൽ, കല്ലമ്പലം തുടങ്ങി സ്ഥലങ്ങളിലെ നിരീക്ഷണ ക്യാമറകളിൽനിന്നു പത്തിലേറെ ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിരുന്നു. സംഭവ ദിവസം രാവിലെ കൊല്ലം ഭാഗത്തുനിന്നു തിരുവനന്തപുരത്തേക്കു കാർ സഞ്ചരിച്ച വഴികളിലെ ക്യാമറകളും പൊലീസ് ശേഖരിച്ചു. രണ്ടു ടീമുകളായി തിരിഞ്ഞ് ഇരുന്നൂറോളം നിരീക്ഷണ ക്യാമറകളാണ് പൊലീസ് പരിശോധിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: