പ്രണയത്തിന്റെ നഗരം, ഗ്ലാമറിന്റെ നഗരം, വെളിച്ചത്തിന്റെ നഗരം, പാരീസിന് പ്രശസ്തി പല വിധമാണ്. എന്നാല്‍ കുപ്രസിദ്ധമായ ഒരു മറുപുറവുമുണ്ട് ഈ യുവത്വത്തിന്റെ നഗരത്തിന്. വിദേശിയാണോ? കള്ളന്മാരുടെ ദൃഷ്ടിയില്‍പ്പെട്ടോ? കഴിഞ്ഞു കഥ! പുതിയ തലമുറ മായാജാലത്തിന്റെ പിതാവും ഫ്രഞ്ച്കാരനുമായ റോബര്‍ട്ട് ഹൗദിനെ പോലും അമ്പരപ്പിക്കുന്ന തരത്തിലാണ് നഗരത്തിലെ കള്ളന്മാരുടെ വിളയാട്ടം.
ആദ്യമായി പാരീസിലെത്തുന്നവര്ക്ക് ഈഫലിനടുത്ത് വഴിയിലും ഉദ്യാനത്തിലുമൊക്കെയായി കുറെയാളുകള്‍ സ്റ്റീല്‍ കപ്പുകളും പന്തുമായി ഇരിക്കുന്നത് കാണാം. നാട്ടിലെ അമ്പലപ്പറമ്പുകളില്‍ പണ്ട് കണ്ടിരുന്ന ‘വിനോദ’മായ കുലുക്കിക്കുത്തിന്റെ വേറൊരു പതിപ്പ്. ചടുലമായ നീക്കങ്ങളും അസാമാന്യ കയ്യടക്കവും കൊണ്ട് ആ പന്ത് അവര്‍ ആ മൂന്നു കപ്പുകളില്‍ ഒന്നില്‍ ഒളിപ്പിക്കും. ഏത് കപ്പിനുള്ളിലാണ് പന്ത് എന്നതാണ് പന്തയം. ഉത്തരം ശരിയായാല്‍ കാശ് പന്തയം കെട്ടിയയാള്‍ക്ക്. ഇല്ലെങ്കില്‍ പന്തയക്കാരന്. കാണികള്‍ നോക്കുമ്പോള്‍ ചിലര്‍ കാശ് വാരിയെറിയുന്നു, സമ്മാനമടിക്കുന്നു, വെച്ചതിന്റെ ഇരട്ടി കൈക്കലാക്കുന്നു. ഇതിങ്ങനെ ആവര്‍ത്തിക്കുമ്പോള്‍ ആവേശം മൂത്ത് കണ്ടുനിന്നവരും നല്ലൊരു സംഖ്യ പന്തയം വയ്ക്കുന്നു, പക്ഷേ കാശ് കമ്പനിക്ക്. നഷ്ടം മുതലാക്കാനായി വീണ്ടും വീണ്ടും പന്തയം വച്ച് അവസാനം കയ്യിലുള്ള കാശ് തീര്‍ന്നു കഴിയുമ്പോഴാണ് ആര്‍പ്പു വിളിച്ചവരും കാശ് വാരിയവരുമൊക്കെ ഒക്കെ ‘കമ്പനി’ യുടെ ആളാണെന്ന് മനസിലാകുന്നത്..
അവിടം കൊണ്ടും തീര്‍ന്നില്ല, കളിയില്‍ മുഴുകി നില്ക്കുന്നവരുടെ പേഴ്സിന്റെ കാര്യത്തിലും ഒരു തീരുമാനം ഉണ്ടായിട്ടുണ്ടാകും.
പാരീസിന്റെ ഇടവഴികളില്‍ കപടന്മാര്ക്കൊരു പഞ്ഞവുമില്ല. നടവഴികളില്‍ ഭിക്ഷാടകനെന്നു തോന്നിക്കുന്ന പ്രായമായ ഒരാള്‍ താഴെ നിന്ന് ഒരു സ്വര്‍ണമോതിരം എടുത്ത് നിങ്ങളുടേതല്ലേ എന്ന് ചോദിച്ച് നേരെ നീട്ടുന്ന തട്ടിപ്പും പാരീസില്‍ സുലഭം. സ്വര്ണമല്ലേ, കൈക്കലാക്കിയേക്കാമെന്ന് കരുതിയാല്‍ അവിടെത്തുടങ്ങും അടുത്ത കഷ്ടകാലം. മോതിരം കണ്ടെത്തിത്തന്നതിന്റെ പ്രത്യുപകാരമായി അവര്‍ ഒരു ചെറിയ സംഖ്യ ചോദിച്ചുവാങ്ങും. ഹോട്ടലില്‍ പോയി ഒന്ന് കുളിച്ചുവരുമ്പോഴേക്കും ‘സ്വര്‍ണമോതിരത്തിന്റെ’ സ്വര്‍ണം ഇളകി കയ്യിലാകെ പടര്‍ന്നിട്ടുണ്ടാവും.
ഈ തട്ടിപ്പില്‍ നിന്നും വെട്ടിപ്പില്‍ നിന്നും രക്ഷപ്പെട്ട് ഡാവിഞ്ചി അവസാനനാളുകള്‍ ചെലവിട്ട മോണ്‍ മാര്തൃം ചുറ്റുവട്ടവും കാണാമെന്നു കരുതി ചെല്ലുമ്പോള്‍ അവിടെ ‘ഫ്രണ്ട്ഷിപ്പ് ബാന്‍ഡ്’ വില്പനക്കാരുടെ ശല്യമാണ്. ഹസ്തദാനത്തിനായി കൈനീട്ടുന്ന അവര്‍ക്ക് കൈകൊടുത്താല്‍ കണ്ണടച്ചുതുറക്കുന്ന സമയം കൊണ്ട് അവര്‍ ഫ്രണ്ട്ഷിപ്പ് ബാന്‍ഡ് കെട്ടിത്തന്നിട്ട് കാശു പിടുങ്ങും.
തട്ടിപ്പുസംഘങ്ങള്‍ക്കും അവരുടെ തട്ടിപ്പുകള്‍ക്കും പാരീസില്‍ പഞ്ഞമില്ല. വലിപ്പച്ചെറുപ്പമില്ലാത്ത തട്ടിപ്പാണ് പാരീസിലെ കള്ളന്മാരുടെ മുഖമുദ്ര. ഏഴ് വര്‍ഷം മുന്‍പ് അവധിക്കാലം ആഘോഷിക്കാനെത്തിയ അമേരിക്കന്‍ സെലിബ്രിറ്റി കിം കര്ഡാഷ്യന് മുതല്‍ കഴിഞ്ഞ ആഴ്ച പാരിസ് ഒളിംപിക്സ് കാണാനെത്തിയ മുന്‍ ബ്രസീല്‍ ഫുട്ബോള്‍ താരം സിക്കോ വരെ ഇവരുടെ ഇരയായി. മോഷ്ടാക്കളില്‍ നിന്ന് ആര്‍ക്കും മോചനമില്ല. പാരീസില്‍ നിന്ന് ട്രെയിനില്‍ സഞ്ചരിച്ച ഖത്തര്‍ രാജകുടുംബത്തിന്റെ ലക്ഷങ്ങള്‍ വിലവരുന്ന 11 ആഡംബര ബാഗുകളാണ് മോഷണം പോയത്.
രസകരമായ കാര്യം എന്തെന്നാല്‍ ഈ മോഷ്ടാക്കളില്‍ ഏറിയ പങ്കും ദരിദ്രമായ കിഴക്കന്‍ യൂറോപ്യന്‍, ആഫ്രിക്കന്‍, അറബ് രാജ്യങ്ങളില്‍ നിന്നുള്ള അഭയാര്ത്ഥികളാണെന്നതാണ്. ഫ്രഞ്ചുകാര്‍ക്ക് ഈ മോഷണങ്ങളില്‍ വലിയ പങ്കൊന്നുമില്ല. ശരിയായ തിരിച്ചറിയല്‍ രേഖകളോ മറ്റോ ഇല്ലാത്തതിനാല്‍ ഈ കള്ളന്മാരെ അധികം നാള് അകത്തിടാനും പോലീസിന് കഴിയില്ല. ആകെ സാധിക്കുന്നത് സഞ്ചാരികള്‍ക്ക് മുന്നറിയിപ്പ് കൊടുക്കല്‍ മാത്രമാകും!
എന്തായാലും ഒളിംപിക്സ് കാലത്ത് ലോക ശ്രദ്ധയാകര്‍ഷിച്ചു നില്ക്കുന്ന ഫ്രാന്‍സിന്റെ സല്‍പ്പേര് കളഞ്ഞുകുളിക്കുന്ന ഇത്തരം കള്ളന്മാര്ക്കെതിരെ ഫ്രഞ്ച് യുവസമൂഹം നടപടി തുടങ്ങിക്കഴിഞ്ഞു. ഈ കള്ളന്മാരെ പിന്തുടര്ന്ന് വീഡിയോ എടുത്തും ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയുമുള്ള വീഡിയോകള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. പൊലീസിന് പറ്റില്ലെങ്കില്‍ നാട്ടുകാര്‍ നോക്കട്ടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: