കൊച്ചി: കേരള തീരത്ത് രൂപമെടുത്ത ന്യൂനമര്‍ദ പാത്തിക്ക് പിന്നാലെ സംസ്ഥാനത്ത് പരക്കെ ലഭിച്ചത് തീവ്ര- അതിതീവ്രമഴ. ഏറ്റവും ശക്തമായ മഴ കിട്ടിയത് മലപ്പുറം, പാലക്കാട്, തൃശ്ശൂര്‍, വയനാട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലാണെന്ന് ഐഎംഡി പുറത്തുവിട്ട കണക്കുകളിലൂടെ വ്യക്തമാണ്.
രാവിലെ അവസാനിച്ച 24 മണിക്കൂറിനിടെ ഏറ്റവും കൂടുതല്‍ മഴ രേഖപ്പെടുത്തിയത് തൃശ്ശൂര്‍ ജില്ലയിലെ വടക്കാഞ്ചേരിയിലാണ്, 34 സെ.മീ. മഴയാണ് ഇവിടെ മാത്രം പെയ്തിറങ്ങിയത്. പാലക്കാട് ജില്ലയിലെ ആലത്തൂരില്‍ 30 സെ.മീ. മഴയും പെയ്തു.
വടകര, വൈത്തിരി എന്നിവിടങ്ങളില്‍ 28 സെ.മീ. വീതവും, കൊല്ലങ്കോട് 27, കണ്ണൂര്‍, തൃത്താല, ചെറുവാഞ്ചേരി, ആനക്കയം, കണ്ണൂര്‍ എയര്‍പോര്‍ട്ട് എന്നിവിടങ്ങളില്‍ 25 സെ.മീ. വീതവും, കരിപ്പൂര്‍ എയര്‍പോര്‍ട്ട്, പറമ്പിക്കുളം, പോത്തുണ്ടി എന്നിവിടങ്ങളില്‍ 24 സെ.മീ. വീതവും, പട്ടാമ്പി 23, മഞ്ചേരി, അതിരപ്പിള്ളി, വടകര, അയ്യന്‍കുന്ന് എന്നിവിടങ്ങളില്‍ 22 സെ.മീ. വീതവും, ഒറ്റപ്പാലം, മണ്ണാര്‍ക്കാട്, പെരിന്തല്‍മണ്ണ, മണ്ണാര്‍ക്കാട്, മുണ്ടേരി എന്നിവിടങ്ങളില്‍ 21 സെ.മീ. വീതവും മഴ ലഭിച്ചു. 2018ലെ പ്രളയകാലത്തിന് ശേഷം വ്യാപകമായി അതിതീവ്രമഴ ലഭിക്കുന്നത് ഇതാദ്യമാണ്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 46 ഇടങ്ങളില്‍ തീവ്രമഴയും രേഖപ്പെടുത്തിയിട്ടുണ്ട്. വയനാട് ജില്ലയില്‍ വൈത്തിരിയിലാണ് ഏറ്റവും കൂടുതല്‍ മഴ കിട്ടിയത്, 28 സെ.മീ. മാനന്തവാടി 20, കാരാപ്പുഴ 14, അമ്പലവയല്‍ 14, കുപ്പാടി 12 സെ.മീ. വീതം മഴ കിട്ടി.
തിങ്കളാഴ്ച മാത്രം സംസ്ഥാനത്ത് ശരാശരി ലഭിച്ചത് 12 സെ.മീ. മഴയാണ്. ഇതോടെ 14 ശതമാനത്തില്‍ നിന്നിരുന്ന മഴക്കുറവ് അഞ്ചിലേക്ക് താഴ്ന്നു. ഈ മാസം മാത്രം ശരാശരിയില്‍ കൂടുതല്‍ മഴ കിട്ടിയത് 11 ദിവസമാണ്. ജൂലൈ രണ്ടാം വാരത്തോടെ ശക്തമായ മഴ 7 ദിവസം തുടര്‍ച്ചയായി നിന്നിരുന്നു. പിന്നീട് 25, 26 തീയതികളിലും ശരാശരിയില്‍ കൂടുതല്‍ മഴ കിട്ടി. ഞായറാഴ്ച പകല്‍ തുടങ്ങിയ മഴയ്‌ക്ക് ഇന്നലെ ഉച്ചയ്‌ക്ക് ശേഷം മിക്കയിടത്തും ശക്തി കുറഞ്ഞിട്ടുണ്ട്. എന്നാല്‍ വടക്കന്‍ ജില്ലകളിലും മലയോര മേഖലകളിലും വ്യാഴം വരെ ജാഗ്രത പുലര്‍ത്തണമെന്നാണ് നിര്‍ദേശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: