തിരുവനന്തപുരം: സംസ്ഥാനത്തെ ഊര്‍ജ പ്രതിസന്ധി പരിഹാരത്തിന് ആണവ നിലയം സ്ഥാപിക്കാന്‍ നീക്കം. ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ക്കു സര്‍ക്കാര്‍ തന്നെ മുന്നിട്ടിറങ്ങുന്നു. കെഎസ്ഇബിയും സര്‍ക്കാരും ചര്‍ച്ചകള്‍ ആരംഭിച്ചതിന്റെ തെളിവുകള്‍ പുറത്ത്.
തമിഴ്‌നാട് കല്‍പ്പാക്കം ആണവ നിലയവുമായാണ് ചര്‍ച്ചകള്‍ക്കു തുടക്കമിട്ടത്. ആണവ നിലയം സ്ഥാപിക്കാന്‍ സ്ഥലം കണ്ടെത്താനുള്ള ശിപാര്‍ശ മുന്നോട്ടുവച്ച് കല്‍പ്പാക്കം ന്യൂക്ലിയര്‍ പവര്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ചെയര്‍മാന്‍, ചീഫ് സെക്രട്ടറിക്കു കത്തയച്ചു.
ഇക്കഴിഞ്ഞ മേയ് 16നാണ് ചെയര്‍മാന്‍ കെ.വി. സുരേഷ്‌കുമാര്‍ ചീഫ് സെക്രട്ടറിക്കു കത്തയച്ചത്. ഫാസ്റ്റ് ബ്രീഡര്‍ റിയാക്ടര്‍ സ്ഥാപിക്കാന്‍ സ്ഥലം കണ്ടെത്തണമെന്നാണ് കത്തിലെ പ്രധാന ആവശ്യം. തീരദേശത്താണെങ്കില്‍ 625 ഹെക്ടറും മറ്റിടങ്ങളിലാണെങ്കില്‍ 960 ഹെക്ടറും ഭൂമി വേണം. കൂടാതെ ജീവനക്കാര്‍ക്ക് താമസത്തിനായി ടൗണ്‍ഷിപ്പ് സ്ഥാപിക്കാന്‍ 125 ഹെക്ടര്‍ സ്ഥലം ആണവ നിലയത്തില്‍ നിന്ന് ആറു കിലോമീറ്റര്‍ ചുറ്റളവിനുള്ളിലും കണ്ടെത്തണം. ആവശ്യമായ ഭൂമിയുടെയും വെള്ളത്തിന്റെയും സ്ഥലത്തേക്കുള്ള യാത്രാ മാര്‍ഗങ്ങളുടെയും വിശദ വിവരങ്ങളും കത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഒരു വര്‍ഷമായി കല്‍പ്പാക്കം ആണവ നിലയവുമായി സര്‍ക്കാരും കെഎസ്ഇബിയും ചര്‍ച്ച നടത്തുന്നുണ്ട്. ഇതിന്റെ തുടര്‍ച്ചയായാണ് ചെയര്‍മാന്‍ കത്തയച്ചത്. ആണവ നിലയം സ്ഥാപി
ച്ചാലുണ്ടാകുന്ന ദീര്‍ഘ കാലത്തേക്കുള്ള തൊഴില്‍ അവസരങ്ങള്‍, സാമ്പത്തിക നേട്ടം തുടങ്ങിയവയും വിശദമാക്കിയിട്ടുണ്ട്. കൂടാതെ കല്‍പ്പാക്കം ആണവ നിലയത്തിന്റെ പ്രവര്‍ത്തനവും, പുതുതായി കമ്മിഷന്‍ ചെയ്ത പ്രോജക്ട് ചിത്രങ്ങളും കത്തിനൊപ്പം ഉള്‍പ്പെടുത്തിയിട്ടുണ്ട്.
കേരളത്തിനു പുറത്ത് ആണവ നിലയം സ്ഥാപിച്ച് വൈദ്യുതി കേരളത്തിലെത്തിക്കാനുള്ള ചര്‍ച്ചകള്‍ കെഎസ്ഇബി നേരത്തേ ആരംഭിച്ചതാണ്. നിലവിലുള്ള ആണവ റിയാക്ടറില്‍ നിന്ന് വൈദ്യുതി വാങ്ങാനും ഊര്‍ജ സെക്രട്ടറി ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഭാഭ ആറ്റമിക് റിസര്‍ച്ച് സെന്ററുമായും കല്‍പ്പാക്കം ആണവ നിലയവുമായുള്ള ചര്‍ച്ചകളുടെ തുടര്‍ നടപടിയായാണ് കല്‍പ്പാക്കം ആണവ നിലയം ചെയര്‍മാന്‍ കത്തയച്ചത്.
അതേസമയം ആണവ നിലയം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ചയൊന്നും നടന്നിട്ടില്ലെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി പ്രതികരിച്ചു. എന്നാല്‍ കല്‍പ്പാക്കം നിലയം ചെയര്‍മാന്‍ ഉള്‍പ്പെടെ രാജ്യത്തെ മറ്റ് ആണവ നിലയങ്ങളുമായി ഇന്ന് ഊര്‍ജ വകുപ്പ് സെക്രട്ടറി ചര്‍ച്ചകള്‍ വച്ചിട്ടുണ്ട്.
തമിഴ്‌നാട്ടിലെ കൂടംകുളം ആണവ നിലയം സ്ഥാപിക്കുന്നതിനെതിരേ വി.എസ്. അച്യുതാനന്ദന്‍ അടക്കം ശക്തമായ സമരം നയിച്ചിരുന്നു. ആണവ നിലയത്തിനെതിരാണ് സിപിഎം നയം. ആണവ നിലയം സ്ഥാപിക്കാനുള്ള നീക്കത്തിന്റെ വാര്‍ത്ത പുറത്തുവന്നത് സിപിഎമ്മിനെ വെട്ടിലാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: