കോട്ടയം: മെഡിക്കല്‍ കോളജിലേക്ക് പ്രവേശിക്കുന്നതിനുള്ള ഭൂഗര്‍ഭപാത സെപ്തംബറില്‍ ഉദ്ഘാടനം ചെയ്യുമെന്ന് മെഡിക്കല്‍ കോളജ് ആശുപത്രി വികസന സമിതി എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തില്‍ മന്ത്രി വി.എന്‍. വാസവന് അറിയിച്ചു. ഭൂഗര്‍ഭ പാതയ്ക്കുള്ളില്‍ ലൈറ്റുകള്‍ അടക്കം സജ്ജീകരിച്ച് മനോഹരമായാണു നിര്‍മാണം പൂര്‍ത്തിയാക്കുന്നത്. മേല്‍ക്കൂര കൂടി പണിത് ഭൂഗര്‍ഭപാതയിലൂടെയെത്തുന്നവര്‍ക്കു ഔട്ട്പേഷ്യന്റ് വിഭാഗത്തില്‍ സൗകര്യപ്രദമായി എത്തുന്നതിനുള്ള സംവിധാനം മെഡിക്കല്‍ കോളജ് വികസന സമിതി ഒരുക്കണം. ഭൂഗര്ഭപാതയില് 24 മണിക്കൂറും സുരക്ഷാജീവനക്കാരെ നിയോഗിക്കുന്നതിനുള്ള സംവിധാനവും ഒരുക്കണം. ആശുപത്രി വികസനസമിതിക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന പേയിങ് കൗണ്ടറില്‍ ന്യായവില മെഡിക്കല്‍ ഷോപ്പില്‍ മരുന്നുകളും സര്‍ജറി ഉപകരണങ്ങളും വാങ്ങുന്നതിന് ഇ ടെന്‍ഡര്‍ മുഖേന റേറ്റ് കോണ്‍ട്രാക്ട് രൂപീകരിച്ചു നടപ്പാക്കും. പര്‍ച്ചേസുകള്‍ സുതാര്യമാക്കുന്നതിന്റെ ഭാഗമായി സോഷ്യല്‍ ഓഡിറ്റ് നടപ്പാക്കും.
ആശുപത്രിവികസനസമിതി, ന്യായവില മെഡിക്കല്‍ കൗണ്ടര്‍ എന്നിവയുടെ ഓഡിറ്റര്‍മാരുടെ കാലാവധി കഴിഞ്ഞതിനാല്‍ പുതിയ ഓഡിറ്റര്‍മാരെ നിയമിക്കുന്നതിന് താല്പര്യപത്രം ക്ഷണിക്കും. ജീവനക്കാര്‍ക്ക് വിഷു, ദു:ഖവെള്ളി, ബക്രീദ് ദിവസങ്ങളില്‍ നിയന്ത്രിതഅവധി അനുവദിക്കുന്നതിനുള്ള ശിപാര്‍ശയും യോഗം അംഗീകരിച്ചു. ആശുപത്രിയിലെത്തുന്ന സന്ദര്‍ശകരുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന് സബ് കമ്മിറ്റി ശിപാര്‍ശ ചെയ്ത നിരക്കുകള്‍ അംഗീകരിച്ചു.
മെഡിക്കല്‍ കോളജ് ക്യാമ്പസിനുള്ളിലെ ആറു കുടുംബശ്രീ കഫേകളുടെ പ്രവര്‍ത്തനം ആശുപത്രിവികസനസമിതിയും കുടുംബശ്രീയും നിര്‍ദിഷ്ട കുടുംബശ്രീ യൂണിറ്റും തമ്മിലുള്ള ത്രികക്ഷി ധാരണയുടെ അടിസ്ഥാനത്തില്‍ തുടരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: