കാര്‍ഗില്‍ വിജയത്തിന്റെ കാല്‍ നൂറ്റാണ്ട് ആഘോഷം വിജയകരമായി നടക്കുന്നതിനിടെ ജമ്മു-കാശ്മീരില്‍ പാകിസ്ഥാന്റെ തീക്കളിക്ക് ശക്തമായ താക്കീതാണ് ഭാരതസൈന്യം നല്‍കിയത്. പാക് അതിര്‍ത്തിക്കു സമീപം കുപ്‌വാരയിലാണ് ഭീകരരും പാക് സൈനികരും തീക്കളിക്ക് ഒരുങ്ങിയത്. ഭാരത സുരക്ഷാസേന നല്‍കിയ തിരിച്ചടിയില്‍ ഒരു പാക് സൈനികന്‍ കൊല്ലപ്പെട്ടു. അഞ്ചു ഭാരത സൈനികര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ശനിയാഴ്ച പുലര്‍ച്ചെ കുപ്‌വാര, മച്ചല്‍ സെക്ടറിലായിരുന്നു വെടിവെപ്പ്. പരിക്കേറ്റവരില്‍ ഒരു മേജറും ഉള്‍പ്പെടുന്നു. പാക് സൈന്യത്തിലെ പ്രത്യേക ഗ്രൂപ്പില്‍പ്പെട്ടവര്‍ അടങ്ങുന്ന സംഘത്തിന്റെ നേതൃത്വത്തിലാണ് അക്രമം. മണിക്കൂറുകള്‍ നീണ്ടുനിന്ന വെടിവെപ്പില്‍ രണ്ടു ഭീകരര്‍ രക്ഷപ്പെട്ടു. ബുധനാഴ്ചയും കുപ്‌വാരയിലുണ്ടായ ഏറ്റമുട്ടലില്‍ ഒരു സൈനികന്‍ കൊല്ലപ്പെട്ടിരുന്നു. ഒരു ഭീകരനെ സൈന്യം വധിച്ചു. കണ്ടാലും കൊണ്ടാലും പഠിക്കാത്തവരെന്ന് കാര്‍ഗില്‍ വാര്‍ഷികത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസ്താവിച്ചിരുന്നു. ഏറ്റുമുട്ടലിനൊരുങ്ങിയാല്‍ കനത്ത തിരിച്ചടി നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പിന് പിന്നാലെയാണ് പാകിസ്ഥാന്റെ നീക്കമുണ്ടായത്.
ലോക്‌സഭാ തെരഞ്ഞെടുപ്പിനു ശേഷമാണ് പാകിസ്ഥാന്‍ വീണ്ടും അക്രമത്തിന് മുതിര്‍ന്നിട്ടുള്ളത്. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പോര്‍വിളിയും ഭീകരരെ താലോലിക്കുകയും ചെയ്യുന്നത്. അതിനെ നേരിടാന്‍ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നേരിട്ട് നിയന്ത്രണത്തില്‍ സര്‍പ്പവിനാശ് 2-0 ഓപ്പറേഷന്‍ ടീമിന് നേതൃത്വം നല്‍കിയിട്ടുണ്ട്. 3000 സൈനികരെ കാശ്മീരിലേക്ക് കൂടുതല്‍ നിയമിച്ചിട്ടുണ്ട്. 2019 ല്‍ കാശ്മീരിന്റെ പ്രത്യേകാവകാശം റദ്ദാക്കുകയും കാശ്മീരിനെ വിഭജിക്കുകയും ചെയ്തശേഷം ഭീകരര്‍ ഉള്‍വലിഞ്ഞതാണ്. അതാണിപ്പോള്‍ ഒരുക്കൂട്ടി രംഗത്തുവന്നിരിക്കുന്നത്. ഭീകരര്‍ ഉള്‍പ്പെടുന്ന പാകിസ്താന്റെ ബോര്‍ഡര്‍ ആക്ഷന്‍ ടീം (ബാറ്റ്) ആണ് ആക്രമണത്തിനു പിന്നിലെന്ന് സൈനികവൃത്തങ്ങള്‍ അറിയിച്ചു. മൂന്നു നുഴഞ്ഞുകയറ്റക്കാര്‍ സൈന്യത്തിനു നേരേ ഗ്രനേഡ് എറിഞ്ഞ് വെടിയുതിര്‍ക്കുകയായിരുന്നു. ഉടന്‍ സൈന്യം
തിരിച്ചടിച്ചു. ഇതില്‍ ഒരു നുഴഞ്ഞുകയറ്റക്കാരനെ വധിച്ചു. രണ്ടു പേര്‍ പാക് അധീന കശ്മീരിലേക്ക് കടന്നുകളഞ്ഞതായും സൈന്യം അറിയിച്ചു. ആക്രമണത്തില്‍ പരിക്കേറ്റ സൈനികര്‍ ചികിത്സയിലാണ്. ഇവരില്‍ ഒരാളുടെ നില ഗുരുതരമാണ്. പാ
കിസ്ഥാന്‍ ബോര്‍ഡര്‍ ആക്ഷന്‍ ടീം എന്നതിന്റെ ചുരുക്കമാണ് ബാറ്റ്. ഭാരതത്തില്‍ നുഴഞ്ഞുകയറി ആക്രമണം നടത്തുന്ന സംഘം. പാകിസ്ഥാന്റെ സ്‌പെഷല്‍ സര്‍വീസസ് ഗ്രൂപ്പിലെ അംഗങ്ങളാണ് ബാറ്റിന്റെ നട്ടെല്ല്. കരസേനാംഗങ്ങള്‍ക്കൊപ്പം ഭീകരരും ഇതില്‍ അംഗങ്ങളാണ്. പാക് സേനയാണ് ഇവരെ പരിശീലിപ്പിക്കുന്നതെന്നാണ് വിവരം.
കുപ്‌വാര ജില്ലയില്‍ മാച്ചില്‍ സെക്ടറിലെ നിയന്ത്രണ രേഖയില്‍ കഴിഞ്ഞദിവസം രാവിലെ ആയിരുന്നു ആക്രമണം. നുഴഞ്ഞുകയറിയ പാകിസ്ഥാനിയെ ഭാരത സൈന്യം വധിച്ചു. ഇയാള്‍ ഭീകരനോ പാക് സൈനികനോ എന്ന് വ്യക്തമല്ല. ഇയാളുടെ റൈഫിളും കഠാരയും കണ്ടെടുത്തു. ഏറ്റുമുട്ടലിനിടെ രണ്ടു ഭീകരര്‍ പാക് അധിനിവേശ കാശ്മീരിലേക്ക് രക്ഷപ്പെട്ടു. ജില്ലയിലെ കാംകാരി പോസ്റ്റിനു സമീപം മൂന്ന് ഭീകരര്‍ നുഴഞ്ഞുകയറിയതായി വിവരം ലഭിച്ചിരുന്നു. ഭീകരര്‍ ഗ്രനേഡ് എറിയുകയും ഭാരത പോസ്റ്റിന് നേരെ വെടിവെക്കുകയും ചെയ്തു. സേന തിരിച്ചടിച്ചതോടെ മണിക്കൂറുകളോളം ഏറ്റുമുട്ടല്‍ നീണ്ടു. വെടിയേറ്റ യുപി സ്വദേശിയായ മോഹിത് റാഥോഡ് ആശുപത്രിയില്‍ മരണത്തിനു കീഴടങ്ങി. ജമ്മുകാശ്മീരില്‍ നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഭീകരാക്രമണങ്ങള്‍ ഉണ്ടാകുമെന്ന് ഇന്റലിജന്‍സ് മുന്നറിയിപ്പുണ്ട്. അതിര്‍ത്തിയിലെ കുപ്‌വാര, രജൗരി, പൂഞ്ച്, ദോഡ മേഖലകളില്‍ ഭീകരാക്രമണം വര്‍ദ്ധിച്ചിരിക്കയാണ്. ഈ മാസം 11 സൈനികരാണ് വീരമൃത്യു വരിച്ചത്. വിദഗ്‌ദ്ധ പരിശീലനം കിട്ടിയ അന്‍പതോളം പാക് ഭീകരര്‍ നുഴഞ്ഞുകയറിയെന്ന് റിപ്പോര്‍ട്ടുണ്ട്. അമേരിക്കന്‍ നിര്‍മിത, നൈറ്റ് വിഷന്‍ സങ്കേതമുള്ള എം 4 കാര്‍ബൈന്‍ റൈഫിളുകള്‍ ഇവരുടെ പക്കലുണ്ട്. ഭാരതവിരുദ്ധ ഓപ്പറേഷന് പാക് സേനയുടെ സ്‌പെഷ്യല്‍ സര്‍വീസ് ഗ്രൂപ്പും (എസ്എസ്ജി) പാക് കരസേനയും വ്യോമസേനയും പരിശീലനം നല്‍കും. പാക് അതിര്‍ത്തി സേനയായ റേഞ്ചേഴ്‌സിന്റെയും ഭീകരസംഘടനകളുടെയും പിന്തുണ. അതിര്‍ത്തിയില്‍ നുഴഞ്ഞുകയറി ആക്രമണം നടത്തും. പാക് സൈനിക വേഷത്തിലായിരിക്കും ഭീകരരും. പിടിക്കപ്പെട്ടാല്‍ ഭീകരര്‍ ആണെന്ന് പറഞ്ഞ് പാകിസ്ഥാന്‍ കൈ ഒഴിയുകയാണ് പതിവ്. ഇതുകൂടി മനസിലാക്കി തിരിച്ചടി നല്‍കുക തന്നെ വേണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: