ടെല്‍ അവീവ്: ലെബനനിലെ ഹിസ്ബുള്ളയുടെ കേന്ദ്രങ്ങളില്‍ ഇസ്രായേലിന്റെ വ്യോമാക്രമണം. ഇസ്രായേലിലെ ഗോലന്‍ കുന്നുകളിലെ ഫുട്ബോള്‍ മൈതാനത്ത് ഹിസ്ബുള്ള ഭീകരര്‍ നടത്തിയ വ്യോമാക്രമണത്തില്‍ 12 കുട്ടികളടക്കമുള്ളവര്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ലെബനനിലെ ഹിസ്ബുള്ള കേന്ദ്രങ്ങളില്‍ ആക്രമണമുണ്ടായത്. മൈതാനത്ത് ഫുട്ബോള്‍ കളിച്ചുകൊണ്ടിരുന്ന കുട്ടികളുടെ നേര്‍ക്കാണ് ഭീകരാക്രമണമുണ്ടായത്.
ലെബനന് അതിര്‍ത്തിയില്‍ ഏഴ് ഹിസ്ബുള്ള കേന്ദ്രങ്ങളില്‍ വ്യോമാക്രമണം നടത്തിയതായി ഇസ്രായേല്‍ സൈന്യം വ്യക്തമാക്കി. അതേസമയം, ആക്രമണത്തില്‍ ആളപായമുണ്ടോയെന്ന് വ്യക്തമല്ല. ഒക്ടോബര്‍ ഏഴിന് ഇസ്രായേല്‍ ആക്രമണം ആരംഭിച്ചത് മുതല്‍ ഇസ്രയേലിനുണ്ടായ ഏറ്റവും വലിയ നഷ്ടമാണ് ശനിയാഴ്ചയുണ്ടായ ആക്രമണം. ആക്രമണത്തെ അപലപിച്ച ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഹിസ്ബുള്ളക്കെതിരെ പ്രതികാരം ചെയ്യുമെന്ന് അറിയിച്ചിരുന്നു.
എന്നാല്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഹിസ്ബുള്ള നിഷേധിച്ചു. ഫുട്ബോള്‍ ഗ്രൗണ്ടില്‍ നിന്ന് ഏകദേശം മൂന്ന് കിലോമീറ്റര്‍ അകലെ ഗോലാന്‍ കുന്നുകളുടെയും ലെബനന്റെയും അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന ഹെര്‍മോണ്‍ പര്‍വതത്തിന്റെ ചരിവുകള്ക്കടുത്തുള്ള സൈനിക കോമ്പൗണ്ടിലാണ് ഒരാക്രമണമുണ്ടായത്.
ഹിസ്ബുള്ള സംഭവത്തിന്റെ ഉത്തരവാദിത്തം നിഷേധിക്കുകയും കള്ളം പറയുകയുമാണ് ചെയ്യുന്നതെന്ന് ഐഡിഎഫ് വക്താവ് ഡാനിയേല്‍ ഹഗാരി ആരോപിച്ചു. ഹിസ്ബുള്ളയുടെ ഇറാനിയന്‍ നിര്‍മിത ഫലഖ്-1 റോക്കറ്റ് ഉപയോഗിച്ചാണ് വ്യോമാക്രമണം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.
അമേരിക്കയും യൂറോപ്യന്‍ യൂണിയനും ആക്രമണത്തെ അപലപിച്ചു. ദാരുണസംഭവമെന്നാണ് വൈറ്റ് ഹൗസ് വിശേഷിപ്പിച്ചത്. ഇസ്രായേലിനുള്ള തങ്ങളുടെ പിന്തുണ ഉറച്ചതാണെന്നും, ഇറാന്റെ പിന്തുണയുള്ള ഹിസ്ബുള്ള ഉള്‍പ്പെടെയുള്ള ഭീകര ശക്തികള്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുമെന്നും വൈറ്റ് ഹൗസ് നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ വക്താവ് അറിയിച്ചു. പരമാവധി സംയമനം എല്ലാവരും പാലിക്കണമെന്ന് ഐക്യരാഷ്ട്ര സഭയും പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: