വിജ്ഞാപനം www.cee.kerala.gov.in ല്‍
സംസ്ഥാനത്തെ സര്‍ക്കാര്‍/സ്വാശ്രയ ലോ കോളജുകളില്‍ ഇന്റഗ്രേറ്റഡ് പഞ്ചവത്സര എല്‍എല്‍ബി, ത്രിവത്സര എല്‍എല്‍ബി റഗുലര്‍ കോഴ്സുകളില്‍ പ്രവേശനത്തിന് അപേക്ഷിക്കാം. കമ്പ്യൂട്ടര്‍ അധിഷ്ഠിത പ്രവേശന പരീക്ഷയുടെ റാങ്കടിസ്ഥാനത്തിലാണ് അഡ്മിഷന്. സംസ്ഥാന പ്രവേശന പരീക്ഷാ കമ്മിഷണര്‍ നടത്തുന്ന പ്രവേശന പരീക്ഷയില്‍ പങ്കെടുക്കുന്നതിന് ആഗസ്ത് രണ്ട് വൈകിട്ട് 5 മണിവരെ ഒാണ്‍ലൈനായി അപേക്ഷിക്കാവുന്നതാണ്. വിശദവിവരങ്ങളടങ്ങിയ ഔദ്യോഗിക വിജ്ഞാപനം www.cee.kerala.gov.in ല്‍ ലഭിക്കും.
പഞ്ചവത്സര എല്‍എല്‍ബി തിരുവനന്തപുരം, എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട് സര്‍ക്കാര്‍ ലോ കോളജുകളിലും സര്‍ക്കാരുമായി സീറ്റ് പങ്കിടുന്ന സ്വകാര്യ സ്വാശ്രയ ലോ കോളജുകളിലും 2024-25 വര്‍ഷത്തെ പഞ്ചവത്സര ഇന്റഗ്രേറ്റഡ് എല്‍എല്‍ബി പ്രവേശനത്തിന് ഹയര്‍ സെക്കന്‍ഡറി/പ്ലസ്ടു/തത്തുല്യ ബോര്‍ഡ് പരീക്ഷ 45% മാര്‍ക്കില്‍ കുറയാതെ പാസായിരിക്കണം. എസ്ഇബിസി വിഭാഗങ്ങള്‍ക്ക് 42% മാര്‍ക്ക് മതി. എസ്സി/എസ്ടി വിദ്യാര്‍ത്ഥികള്‍ക്ക് 40% മാര്‍ക്ക് മതിയാകും.
31.12.2024ല്‍ 17 വയസ് പൂര്‍ത്തിയായിരിക്കണം. അപേക്ഷാ ഫീസ് ജനറല്‍/എസ്ഇബിസി വിഭാഗങ്ങള്‍ക്ക് 850 രൂപ. പട്ടികജാതി/വര്‍ഗ്ഗ വിഭാഗത്തിന് 425 രൂപ. നെറ്റ് ബാങ്കിങ്/ഡബിറ്റ്/ക്രഡിറ്റ് കാര്‍ഡ് വഴി ഫീസ് അടയ്ക്കാം. അപേക്ഷാ സമര്‍പ്പണത്തിനുള്ള നിര്‍ദേശങ്ങള്‍ വിജ്ഞാപനത്തിലുണ്ട്.
പ്രവേശന പരീക്ഷ ആഗസ്ത് 18 ഞായറാഴ്ച രാവിലെ 10 മുതല്‍ 12 മണിവരെ നടത്തും. രണ്ട് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പ്രവേശന പരീക്ഷയില്‍ ജനറല്‍ ഇംഗ്ലീഷ്, പൊതുവിജ്ഞാനം, ഗണിതവും മാനസികശേഷിയും നിയമപഠനത്തിനുള്ള അഭിരുചി എന്നീ വിഷയങ്ങളെ ആസ്പദമാക്കി ഒബ്ജക്ടീവ് മാതൃകയിലുള്ള 120 ചോദ്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചിരിക്കും. ശരി ഉത്തരത്തിന് 3 മാര്‍ക്ക് വീതം. ഉത്തരം തെറ്റിയാല്‍ ഓരോ മാര്‍ക്ക് വീതം കുറയ്ക്കും. പരമാവധി 360 മാര്‍ക്കിനാണ് പരീക്ഷ. പ്രവേശന പരീക്ഷയില്‍ യോഗ്യത നേടുന്നതിന് കുറഞ്ഞത് 10 ശതമാനവും എസ്സി/എസ്ടി വിഭാഗക്കാര്‍ക്ക് 5 ശതമാനവും മാര്‍ക്ക് കരസ്ഥമാക്കണം.
പ്രവേശനപരീക്ഷാഫലം പ്രസിദ്ധീകരിച്ചശേഷം റാങ്ക്ലിസ്റ്റിലുള്ളവര്ക്ക് മുന്‍ഗണനാക്രമത്തില്‍ ഓപ്ഷനുകള്‍ നല്കാന് അവസരമുണ്ടാകും. കേന്ദ്രീകൃത ഓണ്‍ലൈന്‍ സീറ്റ് അലോട്ട്മെന്റ് ഷെഡ്യൂളുകളും മറ്റും പിന്നീട് വെബ്സൈറ്റിലൂടെ അറിയിക്കും. കൂടുതല്‍ വിവരങ്ങള്‍ പ്രോസ്പെക്ടസിലുണ്ട്.
കോഴ്സുകളും സീറ്റുകളും: ഗവണ്മെന്റ് ലോ കോളജ് തിരുവനന്തപുരം ബിഎഎല്‍എല്‍ബി 120, എറണാകുളം- ബികോം എല്‍എല്‍ബി (ഓണേഴ്സ്) 60, തൃശ്ശൂര്‍- ബിബിഎ എല്‍എല്‍ബി (ഓണേഴ്സ്) 60, കോഴിക്കോട്- ബിബിഎഎല്‍എല്‍ബി (ഓണേഴ്സ്) 120. (ആകെ 360 സീറ്റുകളിലാണ് പ്രവേശനം).
സംസ്ഥാനത്തെ 22 സ്വകാര്യ സ്വാശ്രയ കോളജുകളിലായി ബികോം എല്‍എല്‍ബി, ബിഎ എല്‍എല്‍ബി, ബിബിഎ എല്‍എല്‍ബി കോഴ്സുകളിലായി ആകെ 2700 സീറ്റുകളാണുള്ളത്. കോളജുകളും കോഴ്സുകളും സീറ്റുകളും പ്രവേശന നടപടിക്രമങ്ങളും സംവരണവുമെല്ലാം പ്രോസ്പെക്ടസിലുണ്ട്.
ത്രിവത്സര എല്‍എല്‍ബി
റഗുലര്‍ ത്രിവത്സര എല്‍എല്‍ബി പ്രവേശന പരീക്ഷ ആഗസ്ത് 18 ഞായറാഴ്ച ഉച്ചക്കുശേഷം 3 മുതല്‍ 5 മണിവരെയാണ് നടത്തുക. ഏതെങ്കിലും ഡിസിപ്ലിനില്‍ മൊത്തം 45 ശതമാനം മാര്‍ക്കില്‍ കുറയാതെ ബിരുദമുള്ളവര്‍ക്കും ഫൈനല്‍ ബിരുദപരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. എസ്ഇബിസി വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് 42% മാര്‍ക്കും എസ്സി/എസ്ടി വിഭാഗങ്ങൡപ്പെടുന്നവര്‍ക്ക് 40% മാര്‍ക്കും മതി.
യോഗ്യതാ മാനദണ്ഡങ്ങളും അപേക്ഷാ സമര്‍പ്പണത്തിനുള്ള നിര്‍ദ്ദേശങ്ങളും പ്രവേശന നടപടികളും കോളജുകളും കോഴ്സുകളും സീറ്റുകളും അടങ്ങിയ പ്രോസ്പെക്ടസ് www.cee.kerala.gov.in- ല്‍നിന്നും ഡൗണ്േലാഡ്ചെയ്യാം. ആഗസ്ത് രണ്ട് വൈകിട്ട് 5 മണിക്കകം ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ചിരിക്കണം.
കമ്പ്യൂട്ടര്‍ അധിഷ്ഠിത പ്രവേശന പരീക്ഷയില്‍ ജനറല്‍ ഇംഗ്ലീഷ്, പൊതുവിജ്ഞാനം, അരത്മാറ്റിക് ആന്‍ഡ് മെന്റല്‍ എബിലിറ്റി, ആപ്ടിട്യൂഡ് ഫോര്‍ ലീഗല്‍ സ്റ്റഡീസ് എന്നിവയിലായി 120 ചോദ്യങ്ങളുണ്ടാവും. ആകെ 360 മാര്‍ക്കിനാണ് പരീക്ഷ. രണ്ട് മണിക്കൂര്‍ സമയം ലഭിക്കും. ശരി ഉത്തരത്തിന് 3 മാര്‍ക്ക് വീതം. ഉത്തരം തെറ്റിയാല്‍ ഓരോ മാര്‍ക്ക് വീതം കുറയ്ക്കും. 10% മാര്‍ക്കില്‍ കുറയാതെ നേടുന്നവര്‍ക്കാണ് റാങ്ക്ലിസ്റ്റില് സ്ഥാനം പിടിക്കാനാവുക. എസ്സി/എസ്ടി വിഭാഗങ്ങള്‍ക്ക് 5% മാര്‍ക്ക് മതി. റാങ്ക്ലിസ്റ്റിലുള്ളവര്ക്ക് കേന്ദ്രീകൃത സീറ്റ് അലോട്ട്മെന്റ് വഴിയാണ് അഡ്മിഷന്. ഓപ്ഷനുകള്‍ നല്‍കുന്നതിന് പ്രത്യേകം അവസരമുണ്ടാകും.
ലോ കോളജുകളും സീറ്റുകളും: സര്ക്കാന് ലോ കോളജുകള്‍- തിരുവനന്തപുരം 60, എറണാകുളം 120, തൃശ്ശൂര്‍ 120, കോഴിക്കോട് 120. (ആകെ 420 സീറ്റുകള്‍). പതിനൊന്ന് സ്വകാര്യ സ്വാശ്രയ ലോകോളജുകളിലായി ത്രിവത്സര എല്‍എല്‍ബി കോഴ്സില്‍ 690 സീറ്റുകളിലാണ് പ്രവേശനം. സംവരണം ഉള്‍പ്പെടെ കൂടുതല്‍ വിവരങ്ങള്‍ പ്രോസ്പെക്ടസിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: