കൊച്ചി: കേരള സര്‍ക്കാര്‍ സ്ഥലം ഏറ്റെടുത്ത് നല്‍കാത്തതിനാലാണ് എയിംസ് കേരളത്തിന് ലഭിക്കാത്തതെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യ സഹമന്ത്രി ജോര്‍ജ് കുര്യന്.
സംസ്ഥാന സര്‍ക്കാര്‍ ഭൂമി ഏറ്റെടുത്തെന്ന് പറയുന്നു. എന്നാല്‍ എവിടെയാണെന്നും ആവശ്യമുള്ള ഭൂമിയുണ്ടോ എന്നൊന്നും വ്യക്തമാക്കിയിട്ടില്ല. ഭൂമിയില്ല, എന്നാല്‍ കെട്ടിടം പണിയണം എന്ന രീതിയിലാണ് മന്ത്രിമാര്‍ സംസാരിക്കുന്നത്. നൂറ് ദിവസം സമയം നല്‍കിയിട്ടും സംസ്ഥാനം നടപടി സ്വീകരിച്ചില്ല. ആവശ്യമുള്ള ഭൂമി ഏറ്റെടുത്ത് നല്കിയാല് എയിംസ് കേരളത്തിന് അനുവദിക്കും. സ്ഥലമേറ്റെടുപ്പ് നടപടികള്‍ പൂര്‍ത്തിയാക്കിയ സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക വിജ്ഞാപനത്തിലൂടെയാണ്എയിംസ് അനുവദിച്ചതെന്നും എറണാകുളം ഗസ്റ്റ് ഹൗസില്‍ വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.
12.5 ലക്ഷം കോടി രൂപ സംസ്ഥാനങ്ങള്‍ക്കായി ബജറ്റില്‍ നീക്കിവച്ചിട്ടുണ്ട്. ഒന്നര ലക്ഷം കോടി രൂപ പലിശയില്ലാതെയും നല്‍കും. ഇത്രയധികം രൂപ നീക്കിവയ്ക്കുന്നത് ആദ്യമാണ്. കേരളത്തിന്റെ അടിസ്ഥാന വികസനത്തിന് പ്രാധാന്യം
നല്കി തുക അനുവദിച്ചിട്ടുണ്ട്. അത് വേണ്ട രീതിയില്‍ പ്രയോജനപ്പെടുത്തണം. മറ്റ് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാരിലെ വകുപ്പുകളുമായി ഏകോപനം ഉള്ളപ്പോള്‍ കേരളം അതിന് മുതിരുന്നില്ല.
അക്വാകള്‍ച്ചര്‍ ചെമ്മീനാണ് അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യുന്നത്. കേരളത്തില്‍ ഇത് പരിമിതമാണ്. വലയില്‍ കടലാമകള്‍ കയറുന്നു എന്നാണ് മത്സ്യത്തൊഴിലാളികളുടെ പരാതി. ആമകള്‍ കയറാത്ത വലകള്‍ നിര്‍മിച്ചു കഴിഞ്ഞു. അതിനുള്ള പരിശീലനം തൊഴിലാളികള്‍ക്ക് നല്‍കും. സബ്സിഡി നിരക്കില്‍ വലകള്‍ വിതരണം ചെയ്യാന്‍ നടപടിയെടുക്കും. ഇതിലൂടെ ചെമ്മീന്‍ കര്‍ഷകര്‍ക്ക് കയറ്റുമതി പ്രശ്നങ്ങള്‍ പരിഹരിക്കാനാകുമെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: