തൃശ്ശൂര്‍: കുട്ടനെല്ലൂര്‍ സഹകരണ ബാങ്കിലെ ക്രമക്കേട് സംബന്ധിച്ച് ഇ ഡി അന്വേഷണം മുറുകുന്നതോടെ കൂടുതല്‍ പ്രതിരോധത്തിലായി സിപിഎം. തുടര്‍ച്ചയായി സിപിഎം ഭരിച്ചു വരുന്ന ബാങ്കില്‍ 33 കോടി രൂപയുടെ ക്രമക്കേടുണ്ടെന്നാണ് കണ്ടെത്തല്‍. ഈ മാസം 30ന് പരാതിക്കാരായ രണ്ടുപേരെ ഇ ഡി മൊഴിയെടുക്കാന്‍ വിളിപ്പിച്ചതോടെയാണ് സിപിഎം പ്രതിരോധത്തിലാവുന്നത്.
കരുവന്നൂരിന് പിന്നാലെ കുട്ടനെല്ലൂരിലും പാര്‍ട്ടി നേതൃത്വം കേസില്‍ പ്രതിയാകുന്ന സാഹചര്യമുണ്ടാകുന്നത് വലിയ നാണക്കേടാകും. നേരത്തെ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് ഭരണസമിതി പിരിച്ചുവിട്ടിരുന്നു. എന്നാല്‍ ഇവര്‍ പിന്നീട് ഹൈക്കോടതിയെ സമീപിച്ച് തിരികെ അധികാരത്തില്‍ എത്തുകയായിരുന്നു. പിന്നീട് നടന്ന തെരഞ്ഞെടുപ്പില്‍ ഇതേ പാനല്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
ബാങ്കില്‍ വ്യാജ വായ്പകള്‍ ഉണ്ടാക്കി കരുവന്നൂര്‍ മാതൃകയില്‍ വന്‍ തുകകള്‍ തട്ടിയെടുത്തു എന്നാണ് പരാതി ഉയര്‍ന്നിട്ടുള്ളത്. വലിയ തുക നിക്ഷേപിച്ചവര്‍ക്ക് പണം തിരികെ നല്കാന് ബാങ്കിന് കഴിയുന്നില്ലെന്നും ആക്ഷേപമുണ്ട്. ഇതേത്തുടര്‍ന്നാണ് ക്രമക്കേട് പരിശോധിക്കാന്‍ 2021ല്‍ സഹകരണ വകുപ്പ് തീരുമാനിച്ചത്. പിന്നീട് പോലീസിലും ഇത് സംബന്ധിച്ച പരാതികളെത്തി. പോലീസും കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അതിനിടെയാണ് ഇ ഡിയുടെ അന്വേഷണം മുറുകുന്നത്. സിപിഎമ്മിന്റെ ജില്ലാ, ഏരിയ തലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന നേതാക്കളാണ് ബാങ്ക് നടത്തിപ്പിന് പിന്നില്‍. കുറ്റക്കാര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് നേരിട്ട് പങ്കെടുത്ത യോഗത്തില്‍ ഉറപ്പുനല്‍കിയെങ്കിലും ഒരു നടപടിയും ഉണ്ടായില്ല. അഴിമതിക്കാരായ നേതാക്കളെ പാര്‍ട്ടി സംരക്ഷിക്കുന്നതായാരോപിച്ച് പ്രദേശത്ത് സിപിഎമ്മിനുള്ളില്‍ വലിയ ഭിന്നത ഉടലെടുത്തിട്ടുണ്ട്. ബാങ്കിലെ നിരവധി ജീവനക്കാര്‍ സിപിഎം അനുകൂല യൂണിയന് വിട്ട് പുറത്തുവന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: