ക്രഞ്ച് ലാബ് മാസ്റ്റേഴ്സ് ചെസില്‍ ഫ്രാന്‍സിന്റെ അലിറെസ ഫിറൂഷയെ തോല്പിച്ച് അതേ നാട്ടുകാരനായ മാക്സിം വാചിയെര് ലെഗ്രാവ് കിരീടം നേടി. ചാമ്പ്യന്‍സ് ചെസ് ടൂറിന്റെ ഭാഗമായുള്ള ക്രഞ്ച് ലാബ് മാസ്റ്റേഴ്സ് ചെസ്സിന്റെ ഫൈനല്‍ വാശിയേറിയതായിരുന്നു. ആദ്യ നാലുകള്‍ സമനിലയില്‍ കലാശിച്ചതിനെ തുടര്‍ന്ന് വിജയിയെ തീരുമാനിക്കാന്‍ ആമഗെഡ്ഡോണ്‍ എന്ന അതിവേഗ ചെസ് ഗെയിം വേണ്ടിവന്നു. ഇതിലാണ് മാക്സിം വാചിയര്‍ ലെഗ്രാവ് തന്റെ നാട്ടുകാരനായ അലിറെസ ഫിറൂഷയെ തോല്പിച്ചത്.
സമയസമ്മര്ദ്ദത്തില്പെട്ടാണ് അലിറെസ വീണുപോയത്. 45ാം നീക്കത്തിലേക്ക് എത്തുമ്പോഴേക്കും അലിറെസ്ക്ക് ക്ലോക്കില്‍ ബാക്കിയുണ്ടായിരുന്നത് വെറും 55 സെക്കന്റുകള്‍ മാത്രമാണ്. അതേ സമയം മാക്സിം വാചിയര്‍ ലെഗ്രാവിന് മൂന്ന് മിനിറ്റോളം ഉണ്ടായിരുന്നു. സമയസമ്മര്‍ദ്ദത്തില്‍ പെട്ട് പിഴവ് വരുത്തിയതോടെ 57ാം നീക്കത്തില്‍ മാക്സില്‍ വാചിയര്‍ ലെഗ്രാവ് വിജയം പിടിച്ചെടുത്തു.
ക്രഞ്ച് ലാബ് മാസ്റ്റേഴില് ഡി1 ഗ്രൂപ്പില്‍ നോര്‍വ്വെയുടെ മാഗ്നസ് കാള്സന് ഉള്‍പ്പെടെ ചെസ്സിലെ മഹാരഥന്മാരായിരുന്നു മത്സരിക്കാനുണ്ടായിരുന്നത്. മാക്സിം വാചിയര്‍ ലെഗ്രാവ് സെമിയില്‍ തന്നെ മാഗ്നസ് കാള്‍സനെ കെട്ടുകെട്ടിച്ചിരുന്നു. ഫാബിയാനോ കരുവാന, ഇയാന്‍ നെപോമ്നിഷി, വെസ്ലി സോ, ദിമിത്രി ആന്ഡ്രെകിന്, ജാന്‍ ക്രിസ്റ്റഫ് ഡോഡ എന്നിവരെല്ലാം ഡി1 ഗ്രൂപ്പില്‍ മത്സരരംഗത്തുണ്ടായിരുന്നെങ്കിലും തോറ്റുപോയി. ഒടുവിലാണ് ഫ്രഞ്ചുകാരായ മാക്സിം വാചിയര്‍ ലെഗ്രാവും അലിറെസ ഫിറൂഷയും മാത്രം അവശേഷിച്ചത്.
ചാമ്പ്യന്‍സ് ചെസ് ടൂറില്‍ ഈ വര്‍ഷം അലിറെസ ഫിറൂഷ ഫൈനലില്‍ എത്തുന്ന മൂന്നാമത്തെ ടൂര്‍ണ്ണമെന്റായിരുന്നു ക്രഞ്ച് ലാബ് മാസ്റ്റേഴ്സ്. ആദ്യത്തെ ടൂര്‍ണ്ണമെന്റായി ചെസ്സബിള്‍ മാസ്റ്റേഴ്സില്‍ മാഗ്നസ് കാള്‍സനുമായി ഫൈനലില്‍ തോറ്റു. രണ്ടാമത്തെ ടൂര്‍ണ്ണമെന്റായ ചെസ് ഡോട്ട് കോം ക്ലാസിക്കില്‍ അദ്ദേഹം മാഗ്നസ് കാള്‍സനെ ഫൈനലില്‍ തോല്പിച്ചു.
ക്രഞ്ച് ലാബ് മാസ്റ്റേഴ്സില്‍ ഡിവിഷന് ഒന്നിലാണ് മാക്സിം വാചിയര്‍ ലെഗ്രാവ് ചാമ്പ്യനായത്. ഡിവിഷന് രണ്ടില്‍ റഷ്യയുടെ അലക്സാണ്ടര്‍ ഗ്രിസ് ചുക് ഇന്ത്യയുടെ വിദിത് ഗുജറാത്തിയെ ഫൈനലില്‍ തോല്പിച്ച് ചാമ്പ്യനായി.
ക്രഞ്ച് ലാബ് മാസ്റ്റേഴ്സിന്റെ ഡിവിഷന് മൂന്നിലാകട്ടെ ഇന്ത്യയുടെ അര്ജുന് എരിഗെയ്സിയാണ് ചാമ്പ്യനായത്. ഇസ്രയേലിന്റെ എവ് ഗെനി അലെക്സീവിനെയാണ് ഫൈനലില്‍ തോല്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: