തൊടുപുഴ: സിപിഐ നേതാവ് കെ.കെ. ശിവരാമനെ എല്‍ഡിഎഫ് ഇടുക്കി ജില്ലാ കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കി. സിപിഐ സംസ്ഥാന എക്സിക്യൂട്ടീവിന്റെ തീരുമാനപ്രകാരമാണ് നടപടി. മുന്നണി മര്യാദകള്‍ ലംഘിച്ച് സമൂഹ മാധ്യമങ്ങളില്‍ അഭിപ്രായപ്രകടനങ്ങള്‍ നടത്തുന്നുവെന്ന വിമര്‍ശനം എല്‍ഡിഎഫില്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് പാര്‍ട്ടി നടപടി. പാര്‍ട്ടിക്ക് ജില്ലാ കണ്‍വീനര്‍ സ്ഥാനം ഉള്ളയിടങ്ങളില്‍ അതാത് ജില്ല സെക്രട്ടറിമാര്‍ തന്നെ കണ്‍വീനര്‍ ആയാല്‍ മതിയെന്ന് സംസ്ഥാന കമ്മിറ്റി തീരുമാനം ഉണ്ടായിരുന്നു. അതിന്‍പ്രകാരമാണ് നടപടിയെന്നാണ് സിപിഐ നല്കുന്ന വിശദീകരണം. പാര്‍ട്ടി നയത്തിന്റെ ഭാഗമായാണ് തന്നെ നീക്കിയതെന്ന് ശിവരാമനും പറഞ്ഞു.
സിപിഐ ജില്ലാ സെക്രട്ടറി സലിംകുമാര്‍ പുതിയ എല്‍ഡിഎഫ് ജില്ലാ കണ്‍വീനറാകും. അടുത്ത എല്‍ഡിഎഫ് ജില്ലാ കമ്മിറ്റിക്ക് ശേഷമായിരിക്കും പ്രഖ്യാപനം ഉണ്ടാവുക. ശിവരാമനെതിരെ സിപിഎമ്മും പരാതി ഉന്നയിച്ചിരുന്നു. സിപിഎം ജില്ലാ സെക്രട്ടറി സി.വി. വര്‍ഗീസ് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജന് പരാതി നല്‍കിയിരുന്നു. ഇ.പി. ജയരാജന് ബിനോയ് വിശ്വത്തോട് ഇക്കാര്യത്തിലുള്ള അതൃപ്തി അറിയിക്കുകയും ചെയ്തിരുന്നു. ശിവരാമന്റെ എഫ്ബി പോസ്റ്റുകള്‍ ഘടകകക്ഷികള്‍ക്ക് ദോഷം വരുത്തിയെന്ന് ബിനോയ് വിശ്വം സംസ്ഥാന കമ്മിറ്റിയില്‍ പറഞ്ഞെന്നാണ് വിവരം.
അടുത്തിടെ ശിവരാമന് സിപിഐ സംസ്ഥാന നേതൃത്വത്തിനെതിരെ വിമര്‍ശനം നടത്തിയിരുന്നു. പാര്‍ട്ടി നിലപാടുകള്‍ക്കെതിരെയും എതിര്‍പ്പ് പരസ്യമായി പ്രകടിപ്പിച്ചു. സിപിഎമ്മിനെതിരെയും വിമര്‍ശനം ഉന്നയിച്ചിരുന്നു. ജില്ലയിലെ ഭൂപ്രശ്നവും കൈയ്യേറ്റവുമായി ബന്ധപ്പെട്ട് സിപിഎമ്മുമായി പലപ്പോഴും കൊമ്പുകോര്‍ക്കുന്ന സാഹചര്യം വരെ ഉണ്ടായി. എം.എം. മണി എംഎല്‍എക്കെതിരെയും പരസ്യമായി രംഗത്തുവന്നിരുന്നു. എഫ്ബി പോസ്റ്റുകളിലൂടെ പോലും ഇരുവരും എതിര്‍പ്പുകള്‍ പ്രകടിപ്പിച്ചിരുന്നു. കെ.കെ. ശിവരാമന്റെ ഇത്തരം നടപടികള്‍ സിപിഐയില്‍ പോലും എതിര്‍പ്പിനിടയാക്കി. സിപിഐയിലെ വിഭാഗീയതയും എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ സ്ഥാനത്തു നിന്ന് നീക്കിയതിന് പിന്നിലുണ്ടെന്നാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: