കോട്ടയം: എല്‍.ഡി.എഫില്‍ സിപിഐയെ തഴഞ്ഞ് കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തെ രണ്ടാം കക്ഷിയാക്കാനുള്ള നിരന്തര നീക്കത്തില്‍ പ്രതിഷേധം. എംജി സര്‍വ്വകലാശാല സിന്‍ഡിക്കേറ്റില്‍ ഉന്നത വിദ്യാഭ്യാസ പട്ടികയില്‍ (ജനറല്‍) വര്‍ഷങ്ങളായി സിപിഐ നിലനിര്‍ത്തിയിരുന്ന ഒരു സീറ്റ് സിപിഎം. പിടിച്ചെടുത്തതാണ് ഏറ്റവും ഒടുവിലത്തെ സംഭവം. ജോസ് വിഭാഗത്തിന് സീറ്റ് നല്‍കുകയും ചെയ്തു. ഇതില്‍ പ്രതിഷേധിച്ച് കോളേജ് പ്രിന്‍സിപ്പല്‍മാരുടെ പട്ടികയിലും അധ്യാപകരുടെ പട്ടികയിലും ഉണ്ടായിരുന്ന ഓരോ സീറ്റുകളില്‍ പ്രതിനിധികളെ നിശ്ചയിക്കാതെ സിപിഐ മാറി നില്‍ക്കുകയാണ്.
പലപ്പോഴും എല്‍ഡിഎഫിലെ വലിയ കക്ഷി എന്ന നിലയില്‍ സിപിഎം അവസരങ്ങള്‍ കവര്‍ന്നെടുക്കാറുണ്ടെങ്കിലും സിപിഐ മൗനം പാലിക്കുകയായിരുന്നു പതിവ്. എന്നാല്‍ അടുത്തിടെയായി സിപിഐയുടെ അവസരങ്ങള്‍ ജോസ് വിഭാഗത്തിന് നല്‍കുന്നതാണ് സിപിഐയെ ചൊടിപ്പിക്കുന്നത്. എല്‍ഡിഎഫിലെ രണ്ടാം കക്ഷി ജോസ് കെ മാണി വിഭാഗമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ സിപിഎം ബോധപൂര്‍വ്വം കളിക്കുന്നു എന്നാണ് സിപിഐയുടെ പരാതി. കാലങ്ങളായി എല്‍ഡിഎഫിലുള്ള സിപിഐയില്‍ ഇത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. ഇക്കാര്യം എല്‍ഡിഎഫ് യോഗത്തില്‍ ഉന്നയിക്കാനാണ് പാര്‍ട്ടി തീരുമാനം
പുനഃസംഘടിപ്പിച്ച സിന്‍ഡിക്കേറ്റില്‍ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ പ്രതിനിധികളായി സ്ഥിരം കഥാപാത്രങ്ങളായ റജി സക്കറിയ ഉള്‍പ്പെടെയുള്ളവരെ സിപിഎം നിലനിര്‍ത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: