ഹൈദരാബാദ്: ലക്ഷ്യപൂര്‍ത്തീകരണത്തിന് ഡോ. ഹെഡ്ഗേവാര്‍ ആധുനികതയെയും മാര്‍ഗമായി സ്വീകരിച്ചുവെന്ന് ആര്‍എസ്എസ് അഖില ഭാരതീയ കാര്യകാരി അംഗം ഡോ. മന്മോഹന് വൈദ്യ. ഗണവേഷവും ഘോഷുമടക്കമുള്ള നവീന രീതികള്‍ ഡോക്ടര്‍ജി സ്വീകരിച്ചത് സമാജത്തിന്റെ സംഘടിതവും സുധീരവുമായ മുന്നേറ്റത്തെ മുന്നില്‍ക്കണ്ടായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ഗണവേഷം ഹിന്ദുസമൂഹത്തിന് പരിചിതമായ ഒന്നല്ലായിരുന്നുവെങ്കിലും സമത്വത്തിനും ഐക്യത്തിനും അത് ആവശ്യമാണെന്ന് ഡോക്ടര്‍ജി കരുതി. പഥസഞ്ചലനവും നമുക്ക് പുതിയ ശീലമാണ്. രാജാക്കന്മാരുടെ സൈന്യം പോലും പരേഡ് നടത്തിയിട്ടില്ല. എന്നാല്‍ സമൂഹത്തില്‍ അച്ചടക്കം കൊണ്ടുവരാന്‍ ഇത് ആവശ്യമാണെന്ന് ഡോക്ടര്‍ജി കരുതി. സംഘം സമത എന്ന പേരില്‍ ഇത് പരിശീലിക്കുന്നത് ഇതിന്റെ ഭാഗമാണ്. ബാന്‍ഡുമായി പരേഡ് ചെയ്യുന്നതും ഹിന്ദുസമൂഹത്തില്‍ ഉണ്ടായിരുന്നില്ല. ധീരതയുടെ ബോധം സമാജത്തില്‍ സൃഷ്ടിക്കാനാണ് ഡോക്ടര്‍ജി ഘോഷ് അവതരിപ്പിച്ചത്. ആധുനികതയോട് പുറംതിരിഞ്ഞല്ല, അതിനെ സ്വീകരിച്ചുകൊണ്ടാണ് ഡോക്ടര്‍ജി സംഘത്തിന്റെ ഘടനയ്ക്ക് പൂര്‍ത്തീകരണം നല്‍കിയത്, മന്മോഹന് വൈദ്യ പറഞ്ഞു. കുക്കട്ട് പള്ളിയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ ‘മാന്‍ ഓഫ് ദ മിലേനിയ ഡോ. ഹെഗ്ഡെവാര്‍’ എന്ന പുസ്തകം പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.
രണ്ടാം ലോകമഹായുദ്ധം 1945ല്‍ അവസാനിക്കുമ്പോള്‍ തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിയ ഇംഗ്ലണ്ട്, ജര്‍മനി, ജപ്പാന്, ഇസ്രായേല്‍ എന്നീ രാജ്യങ്ങള്‍ അവര്‍ക്കുണ്ടായിരുന്ന ഏറ്റവും കുറഞ്ഞ വിഭവങ്ങള്‍ ഉപയോഗിച്ചാണ് പുനര്‍നിര്‍മാണ പ്രക്രിയ ആരംഭിച്ചത്.
ആയിരത്താണ്ടുകളുടെ അടിമത്തം പേറേണ്ടി വന്നിട്ടും 1947ല്‍ സ്വാതന്ത്ര്യം നേടുമ്പോള്‍ ഭാരതത്തിന് ഇത്രത്തോളം തകര്‍ച്ച ഉണ്ടായിരുന്നില്ല. എന്നാല്‍ കഴിഞ്ഞ 70 വര്‍ഷത്തിനുള്ളില്‍ ഈ രാജ്യങ്ങള്‍ വികസിച്ചതുപോലെ മുന്നേറാന്‍ ഭാരതത്തിനായില്ല. ഇംഗ്ലണ്ടും ജര്‍മനിയും ഇസ്രായേലും ജപ്പാനും മുന്നേറിയത് അവരരവരുടെ തനിമയെ മനസിലാക്കി, സ്വന്തം വേരുകളിലൂന്നി പ്രവര്‍ത്തിച്ചതുകൊണ്ടാണ്, മന്മോഹന് വൈദ്യ ചൂണ്ടിക്കാട്ടി.
എന്നാല്‍ ഭാരതം സ്വാതന്ത്ര്യലബ്ധിക്കു ശേഷം വിദ്യാഭ്യാസ, പ്രതിരോധ, സാമ്പത്തിക മേഖലകളിലെ വേരുകള്‍ പിന്തുടരുന്നതില് പരാജയപ്പെടുകയും പകരം പാശ്ചാത്യ രാജ്യങ്ങളെ പിന്തുടരുകയും ചെയ്തതാണ് നമ്മുടെ പുരോഗതി വൈകിയതിന് കാരണം. ആയിരക്കണക്കിന് വര്‍ഷത്തെ പാരമ്പര്യമുള്ള ഭാരതം നൂറോ ഇരുനൂറോ വര്‍ഷം മുമ്പ് മാത്രം പിറന്ന രാജ്യങ്ങളെ ആശ്രയിക്കുകയായിരുന്നു പലതിനും, അദ്ദേഹം പറഞ്ഞു.
ഹിന്ദു സമാജത്തെ മുഴുവന്‍ ഒരുമിപ്പിക്കുന്ന പ്രവര്‍ത്തനമാണ് സംഘം ചെയ്യുന്നത്. ഏറ്റവും പുരാതനമായ സമൂഹമാണ് ഹിന്ദു. ഏറ്റവും പുരാതനമായതിനെയും ഗുരു പ്രതിനിധീകരിക്കണമെന്നുള്ളതുകൊണ്ടാണ് ഭഗവധ്വജത്തെ ഡോക്ടര്‍ജി ആ സ്ഥാനത്ത് സ്വീകരിച്ചതെന്ന് മന്മോഹന് വൈദ്യ പറഞ്ഞു. സമാജത്തെ മുഴുവന്‍ ഒന്നിപ്പിക്കുന്ന പ്രതീകമാണ് ഭഗവധ്വജം. സംഘം സമാജത്തിന്റെ സംഘടനയാണ് എന്ന ഭാവാത്മക സമീപനമാണ് ഇതിന് പിന്നില്‍. ഡോക്ടര്‍ജി എത്രമാത്രം ദീര്‍ഘദര്‍ശിയാണെന്ന് തെളിയിക്കുന്നതാണെന്ന് ഇതെല്ലാമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
സമാചാര്‍ ഭാരതി അധ്യക്ഷന്‍ പ്രൊഫ. ഗോപാല്‍ റെഡ്ഡി അധ്യക്ഷത വഹിച്ചു. അഖില ഭാരതീയ പ്രചാര്‍ പ്രമുഖ് സുനില്‍ ആംബേക്കര്‍ മുഖ്യാതിഥിയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: