ചെന്നൈ: ഇതര സംസ്ഥാനങ്ങളിലെ പെര്‍മിറ്റുമായി തമിഴ്‌നാട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകള്‍ക്കെതിരെ നടപടി സ്വീകരിക്കരുതെന്ന് മദ്രാസ് ഹൈക്കോടതി. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നാണെങ്കിലും ഓള്‍ ഇന്ത്യ പെര്‍മിറ്റ് നേടിയാണ് സ്വകാര്യ ബസുകള്‍ ദീര്‍ഘദൂര സര്‍വീസ് നടത്തുന്നത്. ഈ ബസുകള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ സാധിക്കില്ലെന്ന് മദ്രാസ് ഹൈക്കോടതി അറിയിച്ചു. തമിഴ്‌നാട് ഗതാഗത വകുപ്പിന്റെ കാരണം കാണിക്കല്‍ നോട്ടീസിനെതിരെ സ്വകാര്യ ബസ് കമ്പനി നല്കിയ ഹര്‍ജിയിലാണ് ഈ ഉത്തരവ്. മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജസ്റ്റിസ് ഡി. കൃഷ്ണകുമാര്‍, ജസ്റ്റിസ് കെ. കുമരേഷ് ബാബു എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്.
ഓള്‍ ഇന്ത്യ പെര്‍മിറ്റുള്ള ഇതര സംസ്ഥാനങ്ങളിലെ സ്വകാര്യ ബസുകളില്‍ നിന്ന് തമിഴ്‌നാട് അധിക നികുതി ഈടാക്കിയിരുന്നു. ഇത് നല്കാതിരുന്ന ബസുകള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്കിയതോടെ കോടതിയെ സമീപിക്കുകയായിരുന്നു. ഓള്‍ ഇന്ത്യ പെര്‍മിറ്റ് ഉണ്ടായിട്ടും തമിഴ്‌നാട്ടിലൂടെ സര്‍വീസ് നടത്തുമ്പോള്‍ പ്രത്യേകം നികുതി നല്കാന്‍ ആവശ്യപ്പെടുന്നത് തെറ്റായ നടപടിയാണെന്ന് പരാതിക്കാരന്‍ ഹര്‍ജിയില്‍ ആരോപിച്ചു.
മറ്റ് സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ബസുകള്‍ തമിഴ്നാട്ടില്‍ മാത്രമാണ് സര്‍വീസ് നടത്തുന്നതെങ്കില്‍ ഇളവ് നല്‌കേണ്ടതില്ല. എന്നാല്‍ ഒരു സംസ്ഥാനത്തുനിന്ന് മറ്റൊന്നിലേക്ക് സര്‍വീസ് നടത്തുകയാണെങ്കില്‍ ഓള്‍ ഇന്ത്യ പെര്‍മിറ്റ് മതിയെന്നും ഹൈക്കോടതി അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് തിങ്കളാഴ്ചയ്‌ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും തമിഴ്‌നാട് ഗതാഗത വകുപ്പിനോട് കോടതി ആവശ്യപ്പെട്ടു.
പുതുച്ചേരിയിലും കേരളത്തിലും 30,000 മുതല്‍ 44,000 രൂപ വരെയാണ് സ്വകാര്യ ബസുകള്‍ക്കുള്ള ത്രൈമാസ റോഡ് നികുതി. എന്നാല്‍ തമിഴ്നാട്ടില്‍ ഇത് പ്രതിമാസം 54,000 രൂപയാണ്. കൂടാതെ ആഴ്ചയിലൊരിക്കല്‍ 1000 രൂപ മുടക്കി ബസിന് താത്കാലിക പെര്‍മിറ്റുമെടുക്കണം. ഇത്തരത്തില്‍ ഭീമമായ തുക പെര്‍മിറ്റിനായി കൊടുക്കുന്നത് ഒഴിവാക്കാന്‍ ബസ് ഉടമകള്‍ നാഗാലാന്‍ഡ്, അരുണാചല്‍ പ്രദേശ് പോലുള്ള മറ്റ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്ന് ബസിന്റെ പെര്‍മിറ്റ് എടുക്കുന്നുണ്ട്.
തമിഴ്‌നാടിനേയും കേരളത്തേയും അപേക്ഷിച്ച് 18,000 രൂപയാണ് നാഗാലാന്‍ഡിലേയും അരുണാചലിലേയും ഒരു വര്‍ഷത്തെ റോഡ് ടാക്‌സ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: