മന്ത്രി വായില്‍ കള്ളമില്ലെന്ന് പറയാവുന്ന ഒരു കാലമല്ലിത്. കഴിഞ്ഞ പിണറായി സര്‍ക്കാരില്‍ അങ്ങനെ ഒരു മന്ത്രി ഉണ്ടായിരുന്നു-ജി. സുധാകരന്. മണിയാശാന് ആ ജനുസ്സില്‍പ്പെട്ട ആളാണെങ്കിലും ഇ.കെ.നായനാരെപ്പോലെ ശുദ്ധനല്ല. മുള്ളും മുനയും പാരയും ‘എ’യുമൊക്കെ കലര്‍ന്ന ഒരിനം. എന്നാല്‍ വല്ലപ്പോഴും നാക്കുപിഴയിലൂടെ സത്യം പറയുന്ന ആളാണ് സജി ചെറിയാന്. സാംസ്കാരിക മന്ത്രി ആയതുകൊണ്ടാണോ എന്നറിയില്ല ഈയിടെ ഒരു പച്ചപ്പരമാര്‍ത്ഥം വെട്ടിത്തുറന്നു പറഞ്ഞു. (വെട്ടിനിരത്തലിന്റെ ജന്മദേശത്തു വച്ച്!). പത്താംക്ലാസ്സുകാര്‍ ഏറെക്കുറെ നിരക്ഷരരാണെന്ന്! ഇന്നാട്ടില് എല്ലാവര്ക്കും ബോധ്യമുള്ള കാര്യമാണെങ്കിലും മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും അതംഗീകരിക്കാനാവില്ല. അവര്‍ക്ക് ഉള്ളില്‍ ബോധമുണ്ടെങ്കിലും പുറമെ മിണ്ടാനാകാത്ത അവസ്ഥയാണ്. നിരക്ഷരരെ നട്ടുവളര്‍ത്തുന്ന സര്‍ക്കാര്‍ സ്കൂളുകള്‍ അദ്ധ്യാപകര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നു. അദ്ധ്യാപക സംഘടനകളുടെ കയ്യൂക്കുകൊണ്ട് നിലനിന്നുപോകുന്നു.
സ്കൂള്‍ വിദ്യാഭ്യാസം ഏറെക്കുറെ കുളിപ്പിച്ച് കുളിപ്പിച്ച് കുട്ടിയെ ഇല്ലാതാക്കിയ പരുവത്തിലാക്കിയിട്ട് കുറെക്കാലമായി. തലയില്‍ ആള് താമസമുള്ള രക്ഷിതാക്കള്‍-പ്രത്യേകിച്ചും ഉള്ളിലിരിപ്പുകള്‍ വ്യക്തമായറിയുന്ന അദ്ധ്യാപകര്‍-കുട്ടികളെ വീട്ടിലിരുത്തി പഠിപ്പിക്കുകയും സ്കൂളില്‍ പരീക്ഷ എഴുതിച്ച്, ഓള് പ്രമോഷന് ഒഴുക്കില്‍ ജയിച്ച് കയറുകയും ചെയ്യും. ബാക്കിയുള്ള പാവങ്ങള്‍ എ പ്ലസ് വാങ്ങി ഫ്ളെക്സില്‍ക്കയറി വിരാജിക്കുന്നു. പാര്‍ട്ടിക്കാരും ഇഷ്ടക്കാരും നല്കുന്ന മൊമന്റോ അല്ലാതെ അവര്‍ക്ക് ഒന്നും നേടാനാവാതെ വരികയും ചെയ്യുന്നു.
ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ പേരിലെ ഔന്നത്യമുള്ളൂ. സര്‍വ്വകലാശാലകളുടെ പിന്‍വാതിലിലൂടെ കയറി കസേരയിലിരിക്കുന്ന വൈസ് ചാന്‍സലര്‍ മുതല്‍ തൂപ്പുകാര്‍ വരെയുള്ളവര്‍ ഒത്തുപിടിച്ച് സര്‍വ്വകലാശാലകള്‍ ഏറെക്കുറെ കുളമാക്കിക്കഴിഞ്ഞു. കേരള-എം.ജി.-മലയാളം-സംസ്കൃതം, കലാമണ്ഡലം-സര്‍വ്വകലാശാലകളൊക്കെ അവിടുത്തെ അദ്ധ്യാപകരുടെ ഉപജീവന കേന്ദ്രങ്ങളായിട്ടാണ് പ്രവര്‍ത്തിച്ചുപോരുന്നത്.
അക്ഷര ശൂന്യരും രാഷ്ട്രീയ ചാവേറുകളുമായ അധ്യാപകരെയും ഇടിമുറികളെയും ഗുണ്ടാനേതാക്കളെയും ഭയന്ന് വല്ല നിവര്‍ത്തിയുമുള്ള വിദ്യാര്‍ത്ഥികള്‍ പഠനത്തിനായി വിദേശങ്ങളിലേക്ക് വണ്ടി കയറുകയാണ്.
നളന്ദയിലും തക്ഷശിലയിലും ചൈന, പേര്‍ഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ വന്നിരുന്നെങ്കില്‍, ഇന്നിപ്പോള്‍ നമ്മുടെ സര്‍വ്വകലാശാലകളുടെ കയ്യിലിരിപ്പുകൊണ്ട് കുട്ടികളെ കിട്ടാനില്ലാത്ത അവസ്ഥയാണ്.
പണ്ടേ ദുര്‍ബ്ബല; ഇപ്പോള്‍ ഗര്‍ഭിണി എന്ന അവസ്ഥയിലാണ് നാലുവര്‍ഷ ബിരുദം വരുന്നത്. എല്ലാറ്റിനും കേന്ദ്രത്തെ പഴിക്കുമെങ്കിലും ദേശീയ വിദ്യാഭ്യാസ നയം 2020 ല്‍ പറയുന്ന ഇക്കാര്യം സംസ്ഥാന സര്‍ക്കാരും ഇരുകയ്യും നീട്ടി സ്വീകരിക്കുകയാണ്. മൂന്നുവര്‍ഷം നാലുവര്‍ഷമാവുമ്പോള്‍ എന്ത് എന്ന ചോദ്യത്തിന് ഉത്തരം പറയാനുള്ള ശേഷി മന്ത്രി മുതല്‍ താഴോട്ടുള്ള വിദ്യാഭ്യാസ വക്താക്കള്‍ക്കൊന്നും ഉള്ളതായി വെളിപ്പെട്ടിട്ടില്ല.
കുട്ടികളെ കിട്ടാനില്ലാതെ 26 കോളജുകള്‍ അടച്ചു പൂട്ടിയതായി വാര്‍ത്തയുണ്ട്. ബാക്കിയുള്ളതു കൂടി പൂട്ടിക്കാനുള്ള യജ്ഞത്തിലാണ് സര്‍ക്കാര്‍. കുട്ടികളെന്തിനാണ്, അധ്യാപകര്‍ പോരെ എന്നാണ് തര്‍ക്ക വിശാരദന്മാരായ ഇടതുപക്ഷ വിദ്യാഭ്യാസ വിദഗ്ധരുടെ വാദം.
അങ്ങനെ ആവട്ടെ. സ്കൂളുകള്‍ നിരക്ഷരരായ അദ്ധ്യാപകരും ശിഷ്യന്മാരും. അവര്‍ പുറത്തിറങ്ങിയാല്‍ സാക്ഷരതാ മിഷനില്‍ പോയി പഠിക്കട്ടെ. മറുനാട്ടില്‍ മലയാളം മിഷന് എന്നു പറഞ്ഞാല്‍ മനസ്സിലാവും. ഉന്നത വിദ്യാഭ്യാസ രംഗത്തും ഒരു ഉന്നത സാക്ഷരതാ മിഷന് രൂപീകരിക്കുന്നത് കുറെപ്പേര്‍ക്ക് ഉപജീവനത്തിനുപകരിക്കും.
സാക്ഷരതാ മിഷന്, ലോക കേരള സഭ എന്നീ നിഷ്ഫല വ്യായാമങ്ങള്‍ പോലെ ഒരു ലോക സാക്ഷരതാ മിഷനും ആരംഭിക്കാവുന്നതേയുള്ളൂ. കുടിയേറ്റമോ, കൊടിയേറ്റമോ-സംശയം വീണ്ടും ബാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: