ബേണ്‍: സ്വിറ്റ്സര്‍ലാന്റില്‍ നടന്ന ബിയല്‍ ചെസില്‍ ആദ്യറൗണ്ടുകളിലൊന്നില് പ്രജ്ഞാനന്ദയെ തോല്പിച്ച അമേരിക്കയില്‍ നിന്നുള്ള അഭിമന്യു മിശ്രയെ മൂന്ന് വട്ടം തോല്പിച്ച് തിരിച്ചടി നല്കി പ്രജ്ഞാനന്ദ. ഏറ്റവുമൊടുവില്‍ നടന്ന ക്ലാസിക്കല്‍ റൗണ്ടില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ നടന്ന മത്സരത്തിലും പ്രജ്ഞാനന്ദ അഭിമന്യു മിശ്രയെ തോല്പിച്ചതോടെ 24.5 പോയിന്റോടെ പ്രജ്ഞാനന്ദ മൂന്നാം സ്ഥാനത്തായി.
ഈ കളി ചെന്നൈയിലെ ചതുരംഗ ചാണക്യന് എന്ന യൂട്യൂബ് ചാനല്‍ വിശകലനം ചെയ്യുന്നു:
വിയറ്റ് നാം ഗ്രാന്റ് മാസ്റ്റര്‍ ലെ ലിയെം ആയിരുന്നു 31 പോയിന്റോടെ ചാമ്പ്യനായത്. അമേരിക്കന്‍ ഗ്രാന്റ് മാസ്റ്റര്‍ ഹെയ്ക് മര്‍തിറോസിയന്‍ 25.5 പോയിന്റോടെ രണ്ടാം സ്ഥാനത്തെത്തി.
ബിയല്‍ ചെസ്സില്‍ നേരത്തെ നടന്ന ക്ലാസിക്കല്‍ മത്സരത്തിലാണ് വെറും 15 കാരനായ അഭിമന്യു മിശ്ര പ്രജ്ഞാനന്ദയ്ക്കെതിരെ അട്ടിമറി ജയം നേടിയത്. അത് വലിയ വാര്‍ത്തയായിരുന്നു.
പ്രജ്ഞാനന്ദയെ അഭിമന്യു മിശ്ര അട്ടിമറിച്ച ആദ്യ റൗണ്ടിലെ കളിയുടെ വിശകലനം:
വെള്ളക്കരുക്കള്‍ കൊണ്ട് കളിച്ച പ്രജ്ഞാനന്ദ റുയ് ലോപസ് എന്ന ഓപ്പണിംഗ് ശൈലിയാണ് പിന്തുടര്ന്നത്. പക്ഷെ ഈ ശൈലിയില്‍ നിന്നുകൊണ്ട് അഭിമന്യു മിശ്ര നടത്തിയ ആക്രമണ ശൈലി പ്രജ്ഞാനന്ദയെ ഞെട്ടിച്ചിരുന്നു. ഒരു കുതിരയെ (നൈറ്റ്) കുരുതി കൊടുത്ത് ദുര്‍ബലമായ രാജാവിനെ (കിംഗ്) ആക്രമിച്ച് കളി കൈക്കലാക്കാമെന്ന പ്രജ്ഞനന്ദയുടെ മോഹം നടപ്പായില്ല. വാസ്തവത്തില്‍ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഈ ഗ്രാന്റ് മാസ്റ്ററെ പ്രജ്ഞാനന്ദ മുഖവിലയ്ക്കെടുത്തിരിക്കില്ല എന്നതാണ് വാസ്തവം. കളിയുടെ മധ്യത്തില്‍ വിജയസാധ്യതയുണ്ടായിരുന്ന പ്രജ്ഞാനന്ദ ആ കളി കൈവിടുകയായിരുന്നു. ഈ കളിയുടെ വിശകലനം കാണാം:
പക്ഷെ ഇതിനെതിരെ മൂന്ന് വട്ടമാണ് ബിയല്‍ ചെസില്‍ പ്രജ്ഞാനന്ദ പ്രതികാരം ചെയ്തത്. വെള്ളിയാഴ്ച നടന്ന അവസാന റൗണ്ട് പോരാട്ടത്തില്‍ കറുത്ത കരുക്കള്‍ കൊണ്ട് കളിച്ച പ്രജ്ഞാനന്ദ അഭിമന്യു മിശ്രയെ തോല്പിച്ചു. കിംഗ്സ് ഇന്ത്യന്‍ ശൈലിയിലാണ് കളി തുടങ്ങിയത്. അഭിമന്യു മിശ്ര ഇത്തവണയും ആക്രമിച്ച് കളിച്ചെങ്കിലും പ്രജ്ഞാനന്ദ കരുതലോടെ പ്രതിരോധിക്കുകയായിരുന്നു.
ബ്ലിറ്റ്സ് റൗണ്ടായ അതിവേഗ ചെസ്സില്‍ രണ്ട് തവണയും പ്രജ്ഞാനന്ദ അഭിമന്യു മിശ്രയെ തോല്പിച്ചിരുന്നു.
പ്രജ്ഞാനന്ദ അഭിമന്യു മിശ്രയെ തോല്പിച്ച ബ്ലിറ്റ്സ് ചെസിലെ അവസാന മൂന്ന് മിനിറ്റിലെ പോരാട്ടം കാണുക
ബ്ലിറ്റ് സ് ചെസില്‍ പ്രജ്ഞാനന്ദ അഭിമന്യു മിശ്രയെ തോല്പിക്കുന്ന ഒരു മത്സരം സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുന്നുണ്ട്. ഇരുവരും ഏറ്റുമുട്ടുന്ന അവസാന മൂന്ന് മിനിറ്റിലെ ഈ പോരാട്ടം കാണുക പുതിയ താരങ്ങള്‍ക്ക് പ്രചോദനമാകും. രണ്ടാമത്തെ ബ്ലിറ്റ്സ് ഗെയിമിലും പ്രജ്ഞാനന്ദ അഭിമന്യു മിശ്രയെ തോല്പിച്ചു. ഇതോടെ ആദ്യ റൗണ്ടുകളിലൊന്നിലെ തോല്‍വിക്ക് മൂന്ന് തവണ വിജയിച്ച് അഭിമന്യു മിശ്രയ്ക്ക് മുകളിലുള്ള തന്റെ വിജയം പ്രജ്ഞാനന്ദ ആഘോഷിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: