ബെംഗളൂരു: ബെംഗളൂരുവിലെ തദ്ദേശ സ്വയംഭരണ സ്ഥാപനത്തെ പുനഃസംഘടിപ്പിക്കാനുള്ള ബില്ലിനെ എതിര്‍ത്ത് ബിജെപി. ബെംഗളൂരുവിലെ ബിബിഎംപിയുടെ പുനസംഘടന ലക്ഷ്യമിട്ട് സര്‍ക്കാര്‍ കൊണ്ടുവരുന്ന ഗ്രേറ്റര്‍ ബെംഗളൂരു ഗവേണന്‍സ് ബില്‍ 2024ന് സംസ്ഥാന കാബിനെറ്റ് തിങ്കളാഴ്ച അംഗീകാരം നല്കി. ബിബിഎംപി 10 കോര്പറേഷന് വരെയാക്കി വിഭജിക്കുന്നതാണ് പ്രസ്തുത ബില്‍. ഇതോടെ ബെംഗളൂരുവിലെ വാര്‍ഡുകളുടെ എണ്ണം 400ലേക്ക് ഉയരും. നിലവില്‍ 225 വാര്‍ഡുകളാണ് ബിബിഎംപിക്ക് കീഴിലുള്ളത്.
ബില്ലിന് സംസ്ഥാന ക്യാബിനെറ്റ് അംഗീകാരം നല്‍കിയതോടെ ചൊവ്വാഴ്ച ആരംഭിച്ച നിയമസഭയുടെ മണ്‍സൂണ്‍ സമ്മേളനത്തില്‍ സര്‍ക്കാര്‍ അവതരിപ്പിച്ചിരുന്നു. മുന്‍ ചീഫ് സെക്രട്ടറി ബിഎസ് പാട്ടീല്‍ അധ്യക്ഷനായ നാലംഗ സമിതി തയ്യാറാക്കിയ കരടുരേഖയിലെ നിര്‍ദേശങ്ങളടക്കം ഉള്‍ക്കൊണ്ടാണ് ഗ്രേറ്റര്‍ ബെംഗളൂരു ഗവേണന്‍സ് ബില്‍ 2024 തയ്യാറാക്കിയത്. ബെംഗളൂരുവിന്റെ ഭരണപരമായ കാര്യക്ഷമത വര്‍ധിപ്പിക്കുകയാണ് ബില്ലിന്റെ ലക്ഷ്യമെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു.
ബെംഗളൂരു വികസനത്തിന്റെ ഏകോപനം, മേല്‍നോട്ടം എന്നിവയ്ക്കായി ഗേറ്റര്‍ ബെംഗളൂരു അതോറിറ്റി (ജിബിഎ) എന്ന സ്ഥാപനം രൂപീകരിക്കുമെന്ന് ബില്ലില്‍ പറയുന്നു. ഇതുകൂടാതെ, ഒന്നിലധികം കോര്‍പറേഷനുകള്‍ രൂപീകരിക്കുമെന്നും ബില്ലിലുണ്ട്. ഇത് കാര്യക്ഷമമായ ഭരണം ഉറപ്പാക്കുമെന്നാണ് പ്രതീക്ഷ. ബില്ല് പ്രകാരം, നഗരത്തിലെ താഴെത്തട്ടിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനുള്ള ചുമതല വാര്‍ഡ് കമ്മിറ്റികള്‍ക്കാണ്. ഇതിന് മുകളിലാണ് ഗേറ്റര്‍ ബെംഗളൂരു അതോറിറ്റിയുടെ മേല്‍നോട്ടത്തില്‍ കോര്‍പറേഷനുകളുടെ പ്രവര്‍ത്തനം നടക്കുക.
മുഖ്യമന്ത്രി, ബെംഗളൂരു വികസന മന്ത്രി എന്നിവരുടെ നേതൃത്വത്തിലാകും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുക. നേരത്തെ സിദ്ധരാമയ്യയുടെ കാലയളവില്‍ ബിബിഎംപിയെ മൂന്നായി
വിഭജിക്കാനുള്ള നീക്കം നടന്നിരുന്നു. എന്നാല്‍ നിയമസഭാ കൗണ്‍സിലിന്റെ പിന്തുണ ലഭിക്കാതെ വന്നതോടെ നീക്കം പരാജയപ്പെട്ടു.
അതേസയം ഒരൊറ്റ കോര്‍പ്പറേഷനു കീഴില്‍ ബെംഗളൂരുവിന്റെ പ്രവര്‍ത്തനം നടത്താനുള്ള തീരുമാനവുമായാണ് ബിജെപി സര്‍ക്കാര്‍ മുന്നോട്ടുപോയത്. ബിബിഎംപികൗണ്സിലിന്റെ കാലാവധി 2020 സെപ്റ്റംബറില്‍ അവസാനിച്ചിരുന്നു. അതിര്‍ത്തി നിര്‍ണയം, അധികാര വികേന്ദ്രീകരണം എന്നിവയുമായി ബന്ധപ്പെട്ടുള്ള അഭിപ്രായവ്യത്യാസങ്ങളെ തുടര്‍ന്ന് കഴിഞ്ഞ നാല് വര്‍ഷമായി ബിബിഎം കൗണ്‍സില്‍ തെരഞ്ഞെടുപ്പ് നടന്നിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് നിരവധി ഹര്‍ജികള്‍ സുപ്രീം കോടതിയുടെയും കര്‍ണാടക ഹൈക്കോടതിയുടെയും മുന്നിലുണ്ടെങ്കിലും തീര്‍പ്പാക്കിയിട്ടില്ല. നേരത്തെ 198 വാര്‍ഡുകളായിരുന്നു ബിബിഎംപിക്ക് കീഴില്‍ ഉണ്ടായിരുന്നത്. 2022 ജൂലൈയില്‍ ബിജെപി സര്‍ക്കാരാണ് വാര്‍ഡുകളുടെ എണ്ണം 243ലേക്ക് ഉയര്‍ത്തിയത്. അതേസമയം കോണ്‍ഗ്രസ് സര്‍ക്കാര്‍ കൊണ്ടുവരുന്ന ബില്‍ ബെംഗളൂരുവിന് ഒരിക്കലും ഗുണം ചെയ്യില്ലെന്ന് പ്രതിപക്ഷ നേതാവ് ആര്. അശോക ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: