ന്യൂദല്‍ഹി: ബജറ്റില്‍ ബിഹാറിനും ആന്ധ്രയ്‌ക്കും അനര്‍ഹമായതു വാരിക്കോരിക്കൊടുത്തു എന്ന തരത്തിലുള്ള പ്രചാരണം തിരിച്ചടിച്ചേക്കുമെന്ന് പ്രതിപക്ഷ എംപിമാര്‍ക്ക് മുന്നറിയിപ്പ് നല്കി രാഹുലും കോണ്‍ഗ്രസും.
ബിഹാറില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, ബജറ്റ് പ്രഖ്യാപനങ്ങള്‍ക്കെതിരെ രംഗത്തെത്തുന്നത് വലിയ തിരിച്ചടിക്ക് കാരണമാകുമെന്ന് രാഹുല്‍ എംപിമാരോട് പറഞ്ഞു. ലോക്സഭയില്‍ നടക്കുന്ന ബജറ്റ് ചര്‍ച്ചയില്‍ ബിഹാറിനെയും ആന്ധ്രയേയും വിമര്‍ശിക്കരുതെന്നും എംപിമാര്‍ക്ക് നിര്‍ദേശം ലഭിച്ചു. കോണ്‍ഗ്രസിന് ബിഹാറിനോടും ആന്ധ്രയോടും എന്തിനാണ് ഇത്ര വിരോധമെന്ന് കഴിഞ്ഞ ദിവസം ബിജെപി ചോദിച്ചിരുന്നു. ഇതോടെയാണ് കോണ്‍ഗ്രസ് പ്രതിരോധത്തിലായത്.
കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ച ബജറ്റ് കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രകടന പത്രികയുടെ തനിപ്പകര്‍പ്പാണെന്ന് കോണ്‍ഗ്രസ് എംപിമാര്‍ സഭയില്‍ നടന്ന ചര്‍ച്ചയില്‍ പറഞ്ഞു. പാവപ്പെട്ടവര്‍ക്കും ഗിരിവര്‍ഗക്കാര്‍ക്കും വനിതകള്‍ക്കും നികുതി ദായകര്‍ക്കും എതിരാണ് ബജറ്റിലെ പ്രഖ്യാപനങ്ങളെന്നും കോണ്‍ഗ്രസ് എംപിമാര്‍ കുറ്റപ്പെടുത്തി. ബജറ്റിനെപ്പറ്റി കോണ്‍ഗ്രസ് എംപിമാര്‍ സ്വീകരിച്ച വ്യത്യസ്ത നിലപാട് ഭരണപക്ഷത്തിന്റെ പരിഹാസത്തിന് വഴിവച്ചു.
ഇരുസഭകളിലും ചോദ്യോത്തരവേള തടസങ്ങളില്ലാതെ നടന്നു. യുപിഎസ്‌സി, സ്റ്റാഫ് സെലക്ഷന്‍ കമ്മിഷന്‍ എന്നിവര്‍ നടത്തിയ റിക്രൂട്ട്മെന്റ് പരീക്ഷകളുടെ ചോദ്യപേപ്പറുകളൊന്നും തന്നെ ചോര്‍ന്നിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ രാജ്യസഭയില്‍ മറുപടി നല്കി. ജയില്‍ വകുപ്പിനുള്ള ബജറ്റ് വിഹിതം വെട്ടിക്കുറച്ചെന്നായിരുന്നു ആംആദ്മി പാര്‍ട്ടി നേതാവ് സഞ്ജയ് സിങിന്റെ പരാതി. അതെങ്കിലും വര്‍ധിപ്പിക്കൂ, സിങ് രാജ്യസഭയില്‍ പറഞ്ഞു. ആപ്പ് നേതാവ് അരവിന്ദ് കേജ്‌രിവാളിന്റെ ജയില്‍ വാസം അനന്തമായി തുടരുന്നതിനിടെയായിരുന്നു സഞ്ജയ് സിങിന്റെ ഈ ആവശ്യം.
കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ച ബജറ്റ് രാജ്യത്തിന് വേണ്ടിയാണെന്നും പ്രതിപക്ഷം രാഷ്‌ട്രീയക്കണ്ണോടെയല്ല, ജനങ്ങളുടെ വീക്ഷണത്തില്‍ ബജറ്റിനെ നോക്കിക്കാണണമെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക