ന്യൂദല്‍ഹി: തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും സ്വയംതൊഴില്‍ പ്രോത്സാഹിപ്പിക്കുന്നതിനുമായി ബജറ്റില്‍ പ്രഖ്യാപിച്ച നൂതന പദ്ധതികള്‍ക്ക് കേന്ദ്ര സര്‍ക്കാരിന് അഭിനന്ദനവുമായി സ്വദേശി ജാഗരണ്‍ മഞ്ച്.
ആഗോളവല്ക്കരണത്തിനു ശേഷം തൊഴില്‍രംഗത്ത് ഉണ്ടായ മരവിപ്പ് രൂക്ഷമാണെന്ന് സ്വദേശി ജാഗരണ്‍ മഞ്ച് ദേശീയ കോ കണ്‍വീനര്‍ ഡോ. അശ്വനി മഹാജന് പറഞ്ഞു. 1991ന് ശേഷം ജിഡിപി വളര്‍ച്ചയില്‍ ഗണ്യമായ വര്‍ധനയുണ്ടായിട്ടുണ്ടെങ്കിലും അത് അടയാളപ്പെടുത്തുന്നത് തൊഴിലില്ലായ്മയെയാണ്. 500 മുന്‍നിര കമ്പനികളില്‍ സമഗ്രമായ ഇന്റേണ്‍ഷിപ്പ് അവസരമൊരുക്കുന്നതിലൂടെ വിദ്യാസമ്പന്നരായ യുവാക്കള്‍ക്കായി കഴിവ് മെച്ചപ്പെടുത്താനും അവരെ തൊഴിലിന് യോഗ്യരാക്കുന്നതിനും നിലവിലെ ബജറ്റ് ഉപകരിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
സര്‍ക്കാര്‍ മൂലധനച്ചെലവിലെ വര്‍ധനയെയും സ്വകാര്യ നിക്ഷേപം കൂട്ടുന്നതിന് നല്കുന്ന പ്രോത്സാഹനത്തെയും അഭിനന്ദിക്കുന്നു. മുദ്ര വായ്പയുടെ പരിധി 20 ലക്ഷം വരെ വര്‍ധിപ്പിച്ച നീക്കം ശരിയായ ദിശയിലേക്കുള്ള ഒരു ചുവടുവയ്പ്പാണ്. പ്രതിസന്ധികളില്‍ എംഎസ്എംഇക്ക് ക്രെഡിറ്റ് സപ്പോര്‍ട്ട്, ഇ-കൊമേഴ്സ് സ്പോര്‍ട്ട് ഹബ്ബുകള്‍, ഇന്‍വെസ്റ്റ്മെന്റ് റെഡി പ്ലഗ് ആന്‍ഡ് പ്ലേ ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കുകളുടെ വികസനം തുടങ്ങിയവയും കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച നല്ല നടപടികളാണ്. വഴിയോര കച്ചവടക്കാര്‍ക്കുള്ള പദ്ധതി സമഗ്രമായ വളര്‍ച്ചയിലേക്കുള്ള മറ്റൊരു ചുവടുവയ്പ്പാണ്.
പൊതു മൂലധനച്ചെലവിലൂടെയും സ്വകാര്യ നിക്ഷേപത്തിലൂടെയും ആഗ്രഹിക്കുന്ന അടിസ്ഥാന സൗകര്യ വികസനത്തിലേക്ക് രാജ്യത്തെ വളരെയധികം മുന്നോട്ട് കൊണ്ടുപോകുമെന്ന് അദ്ദേഹം പറഞ്ഞു. പുനരുപയോഗിക്കാവുന്ന, പ്രത്യേകിച്ച് സൗരോര്‍ജ്ജത്തെ പ്രോത്സാഹിപ്പിക്കുന്നതും അഭിനന്ദനാര്‍ഹമാണ്. പ്രകൃതിദത്ത കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതും വിള വൈവിധ്യവല്ക്കരണത്തില് കര്‍ഷകര്‍ക്ക് നല്കുന്ന പിന്തുണയും കര്‍ഷക ക്ഷേമം മെച്ചപ്പെടുത്താന്‍ സഹായിക്കും. ബജറ്റ് തൊഴില്‍ കേന്ദ്രീകൃതവും, കാര്‍ഷിക വിപണനത്തെ സഹായിക്കുന്നതുമാണെന്ന് അശ്വനി മഹാജന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: