ഷിരൂര്‍ : കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്ജുന് വേണ്ടിയുള്ള തെരച്ചില്‍ നീണ്ടേക്കുമെന്ന് സൂചന. കാലാവസ്ഥ അനുകൂലമാകും വരെ കാത്തിരിക്കണമെന്ന് ഉത്തര കന്നഡ ജില്ലാ കളക്ടര്‍ ലക്ഷ്മി പ്രിയ പറഞ്ഞു. നാവിക സേന മുങ്ങല്‍ വിദഗ്ദ്ധര്‍ക്ക് സുരക്ഷിതമായി നദിയില്‍ ഇറങ്ങാനുള്ള സാഹചര്യം വേണം.
ഒഴുക്ക് രണ്ട് നോട്ടില്‍ അധികമാണെങ്കില്‍ മുങ്ങല്‍ വിദഗ്ദ്ധര്‍ക്ക് ഇറങ്ങാനാകില്ല. ഷിരൂര്‍ ഉള്‍പ്പെടുന്ന ഉത്തര കന്നഡയില്‍ അടുത്ത മൂന്ന് ദിവസം ഓറഞ്ച് അലര്‍ട്ടാണ്. മഴ പെയ്യുന്നതും നദിയിലെ കുത്തൊഴുക്കും പ്രതിബന്ധമാണ്.
ട്രക്കിന്റെ സ്ഥാനമോ ക്യാബിനോ കൃത്യമായി നിര്‍ണയിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൈന്യം അറിയിച്ചു.ഗംഗാവലി പുഴയില്‍ രാത്രിയും ഡ്രോണ്‍ ഉപയോഗിച്ചുള്ള പരിശോധന തുടരാനാണ് സൈന്യത്തിന്റെ തീരുമാനം.
ദൗത്യം ദിവസങ്ങള്‍ നീണ്ടേക്കാമെന്നാണ് സൈന്യത്തിന്റെ കണക്കുകൂട്ടല്‍. ഏറ്റവും വലിയ ലോഹഭാഗത്തിന്റെ സിഗ്നല്‍ കിട്ടിയ സ്ഥലം ആണ് ട്രക്കെന്ന് കണ്ടെത്തിയിരിക്കുന്നത്. എട്ട് മുതല്‍ 10 മീറ്റര്‍ വരെ ആഴത്തിലാണ് ഇതുളളത്. കരയില്‍ നിന്ന് ഏതാണ്ട് 60 മീറ്റര്‍ ദൂരത്തിലാണ് ഇതുള്ളത്.
ഇവിടെ താഴെയിറങ്ങി പരിശോധന നടത്തിയാല്‍ മാത്രമേ അത് എത്രത്തോളം മണ്ണില്‍ പുതഞ്ഞിട്ടുണ്ടെന്ന് മനസിലാകൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: