തിരുവനന്തപുരം: ”ഇത് കണ്ടാ…പഠിച്ചോണ്ടിരുന്നപ്പോ മണ്ണെണ്ണ വിളക്കീന്നു തീപിടിച്ചതാ…” പൊട്ടിപ്പൊളിഞ്ഞ തറയിലിരുന്ന് പാഠങ്ങളെഴുതുന്നതിനിടയില് നിഷ്കളങ്കമായി നെറ്റിയിലെ കരിഞ്ഞ മുടി കാണിച്ചു ആദിത്യന്. മണ്ണെണ്ണ കിട്ടാത്തതിനാല്‍ ഡീസലാണ് ഉപയോഗിക്കുന്നത്. ഷീറ്റുകൊണ്ടുള്ള വീടിനുള്ളില്‍ ചിമ്മിനിയില്‍ നിന്നുള്ള പുക നിറയുന്നതിന് മുന്നേ പാഠങ്ങളെഴുതി തീര്‍ക്കണം. അതിന്റെ തിരക്കിലാണ് ആ ഒന്നാം ക്ലാസുകാരന്. ”പുക നിറഞ്ഞാല്‍ പിന്നെ പഠിക്കാന്‍ പറ്റില്ല.
ചോറുണ്ണുമ്പോ ഡീസലിന്റെ മണം വരും. ഒന്നും കഴിക്കാന്‍ പറ്റൂല…”അവന് പറഞ്ഞു. ചോദിച്ച പണം നല്കി വഴി ഉള്‍പ്പെടെ വാങ്ങിയിട്ടും വസ്തു നല്കിയ ആള് തന്നെ വഴി കെട്ടിയടച്ചതോടെയാണ് വൈദ്യുതിയും വഴിയുമില്ലാതെ ആറ്റിങ്ങല്‍ ഇളമ്പ പാവൂര്‍ക്കോണം ആദിഭവനിലെ പട്ടികജാതി കുടുംബം ദുരിതത്തിലായത്.
ഇലക്ട്രിക്കല്‍ വയറിങ് കെഎസ്ഇബി ഉദ്യോഗസ്ഥര്‍ പരിശോധിച്ച് പോയിട്ട് ഒരുവര്‍ഷമായി. പട്ടികജാതി വിഭാഗമായതിനാല്‍ സൗജന്യ പോസ്റ്റിനും അനുമതിയുമായി. പക്ഷെ പണം വാങ്ങി വസ്തു വിറ്റ ആള് തന്നെ വഴി കെട്ടിഅടച്ചതോടെ പോസ്റ്റിടാനാകാത്ത അവസ്ഥയിലാണ് ആദിത്യനും കുടുംബവും.
2022ലാണ് സമീപവാസിയായ വിദ്യാധരന്റെ ഉടമസ്ഥതയിലുള്ള ഒന്നര ഏക്കറില്‍ നിന്നും ആറ് സെന്റ് വസ്തു സുനില്‍കുമാറും പ്രിയയും വാങ്ങിയത്. പ്രമാണത്തില്‍ ഒരുമീറ്റര്‍ വഴിയുമുണ്ട്. കിളിമാനൂരിലെ സഹകരണ ബാങ്കില്‍ നിന്നും രണ്ട് ലക്ഷം രൂപ ലോണെടുത്താണ് വീട് വയ്ക്കാന്‍ തുടങ്ങിയത്. ഇതിനിടയില്‍ ഇവര്‍ക്കൊപ്പമുള്ള പ്രിയയുടെ അമ്മ 69വയസുള്ള സരോജിനിക്ക് ഹൃദയത്തില്‍ മൂന്ന് ശസ്ത്രക്രിയകള്‍ വേണ്ടിവന്നു. കൂലിപ്പണിക്കരനായ സുനില്‍കുമാറിന് പണം കണ്ടെത്താനാകാതെ വന്നതോടെ ലോണെടുത്ത പണം ചികിത്സയ്ക്ക് ചെലവായി. ഉള്ളതെല്ലാം വിറ്റുപെറുക്കിയാണ് ഷീറ്റുകൊണ്ട് മറച്ച് ഒരു കൂര ഒരുക്കിയത്. ആശുപത്രിയില്‍ ചികിത്സയ്ക്കിടെ വസ്തു ഉടമ ഇവര്‍ക്ക് അവകാശപ്പെട്ട വഴി മതില്‍കെട്ടി അടയ്ക്കുകയായിരുന്നു. ഇപ്പോള്‍ മറ്റുള്ളവരുടെ പുരയിടത്തിലൂടെയാണ് വഴി നടക്കുന്നത്.
മൂന്നുമാസത്തിലൊരിക്കല്‍ അരലിറ്റര്‍ മണ്ണെണ്ണയാണ് റേഷന്‍കടയില്‍ നിന്നും നല്‍കുന്നത്. അത് തീരുമ്പോള്‍ ഡീസല്‍ വാങ്ങണം. കുപ്പിയില്‍ ഡീസല്‍ നല്കാത്തതിനാല് ഓട്ടോക്കാരെക്കൊണ്ടാണ് വാങ്ങിപ്പിക്കുന്നത്. ഡീസലിന് തന്നെ ഒരുമാസം നല്ലതുക ചെലവാകും. ഡീസല്‍ പുക ശ്വസിച്ച് കുഞ്ഞുങ്ങള്‍ക്ക് എന്നും അസുഖമാണ്. ഇടയ്ക്ക് വീടിനുള്ളിലെ ടാര്പ്പോളിന് തീപിടിച്ചു. കണ്ണൊന്ന് തെറ്റിയാല്‍ ഒരുവയസുകാരന് ചിമ്മിനി എടുക്കും. അതുകൊണ്ട് തന്നെ കുഞ്ഞ് ഉറങ്ങിയശേഷമാണ് പലപ്പോഴും ചിമ്മിനി കത്തിക്കുന്നത്. അപ്പോഴാണ് ആദിത്യന് പഠിക്കുന്നതും കുടുംബം ഭക്ഷണം കഴിക്കുന്നതും. ഇരുട്ടിയാല്‍ കാട്ടുപന്നി ശല്യം വേറെയും.
ഒരുവര്‍ഷമായി സമീപിക്കാത്ത സര്‍ക്കാര്‍ ഒഫീസുകളില്ല. ജില്ലാ കളക്ടര്‍ക്ക് നല്കിയ പരാതി ചിറയിന്‍കീഴ് താലൂക്ക് ഓഫീസിലേക്ക് അയച്ചു. താലൂക്കിലെ ഉദ്യോഗസ്ഥ തുടക്കത്തില്‍ കുടുംബത്തിന് അനുകൂലമായി സംസാരിച്ചെങ്കിലും പിന്നീട് മലക്കം മറിഞ്ഞു. പരാതി പിന്‍വലിച്ച് വഴി വേണ്ടെന്ന് വിദ്യാധരന് എഴുതി നല്കിയാല് ഇപ്പോ സഞ്ചരിക്കുന്ന വഴിയിലൂടെ വൈദ്യുതി നല്‍കാം എന്നാണ് ഉദ്യോഗസ്ഥ കുടുംബത്തോട് പറഞ്ഞത്. അതുവഴി വൈദ്യുതി എടുക്കാന്‍ മറ്റ് മൂന്നുപേരുടെ അനുമതി വേണം. ആ വഴി എപ്പോള്‍ വേണമെങ്കിലും അവര്‍ക്ക് അടയ്ക്കാം. സുനില്‍കുമാര്‍ ജോലിക്ക് പോയില്ലെങ്കില്‍ വീട് പട്ടിണിയാകും. അതിനാല്‍ അവകാശപ്പെട്ട വഴിക്കും വൈദ്യുതിക്കും വേണ്ടി ഒരുവയസുകാരെനയും കൊണ്ട് സര്‍ക്കാര്‍ ആഫീസുകള്‍ കയറി ഇറങ്ങുകയാണ് പ്രിയ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: